Image

ഐനാനി നഴ്സസ് ഡേ മെയ് ഒൻപതിന് കേരളം സെന്ററിൽ

പോൾ ഡി. പനക്കൽ Published on 06 May, 2026
ഐനാനി നഴ്സസ് ഡേ മെയ് ഒൻപതിന് കേരളം സെന്ററിൽ

സാമൂഹികാരോഗ്യ രംഗത്തും പ്രാദേശിക-സാമുദായിക രംഗത്തും തനതായ സേവനങ്ങൾ ചെയ്തു വരുന്ന ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) ഈ വർഷത്തെ നഴ്സസ് ഡേ മെയ് ഒൻപത് ശനിയാഴ്ച ആഘോഷിക്കും. ലോങ്ങ് ഐലൻഡ് എൽമോണ്ടിലെ 1824 ഫെയര്ഫാക്സ് സ്ട്രീറ്റിലെ കേരള സെന്ററിൽ രാവിലെ പത്തു മുതൽ രണ്ടു വരെ ആയിരിക്കും ആഘോഷം. 

വ്യക്തികൾക്കും കുടുംബങ്ങൾക്കും കമ്മ്യൂണിറ്റിക്കും സമൂഹത്തിനു പൊതുവെയും നഴ്സുമാർ നൽകുന്ന സംഭാവനകൾക്ക് അവരെ ആദരിക്കുന്നതിന് എല്ലാ വർഷവും അർപ്പിച്ചിട്ടുള്ള ദിനമാണ് നഴ്സസ് ഡേ. അമേരിക്കയിൽ അത് മെയ് ആറിനും ഇന്റർനാഷണൽ നഴ്സസ് ഡേ ആധുനിക നഴ്സിംഗ് ഉദ്യോഗത്തിന്റെ സ്ഥാപികയായ ഫ്ലോറെൻസ് നൈറ്റിൻഗേലിന്റെ ജന്മദിനമായ മെയ് പന്ത്രണ്ടിനുമാണ് ആഘോഷിക്കുന്നത്. വിലപ്പെട്ട, എന്നാൽ അർഹിക്കപ്പെടുന്ന വിലമതിപ്പ് ലഭിച്ചിട്ടില്ലാത്ത, നിസ്വാർഥവും ജീവൽപ്രധാനവുമായ സേവനം നൽകുന്നവരാണ് നഴ്സുമാർ. പ്രത്യേകിച്ച് ആതുര സേവനം, ക്ഷേമം, സുരക്ഷിതത്വം, രോഗ വിമുക്തി എന്നീ കാര്യങ്ങളിൽ  ആരോഗ്യ  രംഗത്ത് നിസ്തുലമായ സേവനങ്ങൾ ആണ് നഴ്സുമാർ ചെയ്യുന്നത്.   നഴ്സസ് ഡേയുടെ ലക്‌ഷ്യം തന്നെ അതിനുള്ള അനുമോദനങ്ങൾ നൽകി,

 അവരുടെ വിശിഷ്ടതയിൽ അഭിമാനം പകരുകയും അംഗീകരിക്കപ്പെടുകയുമാണ്.    ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് 1965 മുതൽ ഇന്റർനാഷണൽ നഴ്സസ് ഡേ ആഘോഷിച്ചു വന്നിരുന്നെങ്കിലും 1982-ൽ പ്രസിഡന്റ് റീഗൻ "നാഷണൽ റെക്കഗ്നിഷൻ ഡേ ഫോർ നഴ്സസ്' പ്രഖ്യാപിച്ചതു മുതലാണ് ദേശവ്യാപകമായി അമേരിക്ക നഴ്സസ് ഡേ ആഘോഷിക്കുന്നത്. ന്യൂ യോർക്ക് മെട്രോപൊളിറ്റൻ പ്രദേശത്തെ ക്ലിനിക്കുകളിലും നഴ്സിംഗ് ഹോമുകളിലും ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റുമായി ജോലി ചെയ്യുന്ന അനേകായിരം നഴ്സുമാരുടെ സ്വരമായ ഐനാനി നഴ്സസ് ഡേയിൽ അവരിലെ മികച്ചവരെ അംഗീകരിക്കുകയും സ്കോളർഷിപ്, മത്സര വിജയികൾക്കുള്ള ബഹുമതി എന്നിവയും നൽകും.  

അവയവങ്ങൾ ശേഖരിക്കുന്നതിന് ന്യൂ യോർക്ക് സിറ്റി, നാസാ, സാഫൊക് കൗണ്ടി പ്രദേശത്തു ഫെഡറൽ ഗവണ്മെന്റ് നിയോഗിച്ചിട്ടുള്ള നോൺ പ്രോഫിറ്റ് സംഘടനയായ 'ലിവ് ഓൺ എൻ വൈ'യുടെ പ്രസിഡണ്ടും ചീഫ് എക്സികുട്ടീവ് ഓഫീസറും നഴ്സുമായ ലെനാർഡ് അച്ചാനായിരിക്കും മുഖ്യാതിഥിയായി എത്തും. മൌണ്ട് സൈനൈ ഹോസ്പിറ്റലിൽ ഐ സി യു നഴ്‌സായി തുടങ്ങി, ഉയർച്ചയുടെ അനേകം നിലകൾ കടന്ന് ന്യൂ യോർക്ക് സിറ്റി ഇന്നൊവേഷൻ ഓഫ് അക്കാദമിക് മെഡിക്കൽ സെന്റേഴ്‌സിന്റെ ചീഫ് ഇന്നൊവേഷൻ ഓഫീസർ ആൻഡ് പ്രെസിഡന്റായി. ഇപ്പോൾ ലൈവ് ഓൺ എൻ വൈയുടെ പൂർണ്ണ ഉത്തരവാദിത്വമുള്ള നേതാവായ ലെനാർഡ് അച്ചാൻ മുഖ്യ പ്രഭാഷണം നടത്തും. പ്രേസിടെന്റും ചീഫ് എക്സെക്യു്ട്ടിവ് ഓഫീസറുടെ നേതൃത്വം നൽകുന്ന ന്യൂ യോർക്ക് സ്റ്റേറ്റ് അസംബ്ലിമെൻ എഡ് ബ്രൗൺസ്റ്റീൻ, മിഷേൽ സോളാജെസ്, ടൌൺ ഓഫ് നോർത്ത് ഹെമ്പ്സ്റ്റെഡ് ക്ലർക് രാഗിണി ശ്രിവാസ്തവ, നാസാവ് കൗണ്ടി ലെജിസ്ലേറ്റർ കാറി സോളാജെസ് എന്നിവർ പ്രത്യേക അതിഥികൾ ആയെത്തും.   

ശാരീരികവും  മാനസികവുമായ സമ്മര്ദങ്ങളിലുപരി തങ്ങളുടെ സേവനത്തിലെ പരോപകാരത്തിലും ദീനാനുകമ്പയിലും അനുഭവിക്കുന്ന സംതൃപ്തിയും അഭിമതിയും ഉയർത്തിപ്പിടിക്കുന്ന പരിപാടികളും കലാപരിപാടികളും നിറഞ്ഞ ഐനാനി നഴ്സസ് ദിനത്തിലേക്ക് എല്ലാ നഴ്‌സുമാർക്കും അവരുടെ കുടുംബങ്ങൾക്കും സ്വാഗതം നൽകുന്നുവെന്ന് ഐനാനി പ്രസിഡന്റ് ഡോ. ഷൈല റോഷിൻ, വൈസ് പ്രസിഡന്റ് ഡോ. എസ്തേർ ദൈവദോസ്, സെക്രെട്ടറി ഡോ. ഷബ്നംപ്രീത് കൗർ എന്നിവർ അറിയിക്കുന്നു. ഉച്ച ഭക്ഷണത്തോടെ പരിപാടികൾ അവസാനിക്കും. ഇതോടൊപ്പമുള്ള ഫ്ലായറിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് രെജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺ സൈറ്റ് രെജിസ്റ്റേഷനും സാധ്യമാണ്. വിവരങ്ങൾക്ക് ഫ്ലായറിലെ നമ്പറുകളിൽ ബന്ധപ്പെടാം. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക