
മലയാള സിനിമയെ ആഗോളതലത്തിൽ എത്തിച്ച ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രം ‘ബാലൻ’ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. ലോകപ്രശസ്തമായ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് ഈ ചിത്രം. മെയ് 14-ന് രാത്രി എട്ട് മണിക്കാണ് മേളയിൽ ബാലന്റെ പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്. പൂർണ്ണമായും പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഈ ചിത്രം സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
‘രോമാഞ്ചം’, ‘ആവേശം’ എന്നീ സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ ജിത്തു മാധവൻ രചന നിർവഹിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. വെങ്കട് കെ. നാരായണയുടെ കെ.വി.എൻ പ്രൊഡക്ഷൻസും, എഴുത്തുകാരൻ ടി. ചാണ്ടിയുടെ കൊച്ചുമകൻ സതീഷ് ഫെന്നിന്റെ ഭാര്യ ഷൈലജ ദേശായി ഫെൻ നേതൃത്വം നൽകുന്ന തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴിൽ വിജയ്‌യുടെ ‘ജനനായകൻ’, കന്നഡയിൽ യാഷിന്റെ ‘ടോക്സിക്’ തുടങ്ങിയ വമ്പൻ പ്രൊജക്റ്റുകൾ നിർമ്മിക്കുന്ന കെ.വി.എൻ പ്രൊഡക്ഷൻസിന്റെ മലയാളത്തിലേക്കുള്ള ചുവടുവെപ്പ് കൂടിയാണിത്.
അണിയറപ്രവർത്തനങ്ങളിൽ മലയാളത്തിലെ പ്രമുഖ സാങ്കേതിക വിദഗ്ധരാണ് അണിനിരക്കുന്നത്. മഞ്ഞുമ്മൽ ബോയ്‌സിന് വേണ്ടി അമ്പരപ്പിക്കുന്ന സെറ്റുകൾ ഒരുക്കിയ അജയൻ ചാലിശേരിയാണ് ബാലന്റെയും പ്രൊഡക്ഷൻ ഡിസൈനർ. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദാണ്