Image

ബോക്സ് ഓഫീസിൽ ആവേശം നിറച്ച് ‘അതിരടി’യിലെ ‘പട്ടി ഷോ’ ഗാനം

Published on 03 May, 2026
ബോക്സ് ഓഫീസിൽ  ആവേശം നിറച്ച് ‘അതിരടി’യിലെ ‘പട്ടി ഷോ’ ഗാനം

ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ബിഗ് ബജറ്റ് മൾട്ടിസ്റ്റാർ ചിത്രം ‘അതിരടി’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘പട്ടി ഷോ’ എന്ന് തുടങ്ങുന്ന ഈ ഗാനം തികച്ചും ഒരു അടിച്ചുപൊളി മൂഡിലാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. ഡാബ്സി, അറിവ്, സുഹൈൽ കോയ എന്നിവർ ചേർന്ന് ആലപിച്ച ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ വിഷ്ണു വിജയ് ആണ്. സുഹൈൽ കോയയും അറിവും ചേർന്നാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ബേസിൽ ജോസഫും റിയ ഷിബുവും ഒന്നിച്ചെത്തിയ ‘IYKYK’ എന്ന ആദ്യ റൊമാന്റിക് ഗാനത്തിന് പിന്നാലെ എത്തിയ ഈ പുതിയ പാട്ടും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ‘അതിരടി’യിൽ തികച്ചും വ്യത്യസ്തമായ ലുക്കിലാണ് താരങ്ങൾ അണിനിരക്കുന്നത്. ചിത്രത്തിൽ ‘സാം ബോയ്’ എന്ന കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിൽ ഗംഭീര മേക്കോവറിലാണ് ബേസിൽ ജോസഫ് എത്തുന്നത്. ബേസിലിന്റെ സ്റ്റൈലിഷ് ലുക്കിനൊപ്പം ടൊവിനോ തോമസിന്റെ മാസ്സ് പ്രകടനവും വിനീത് ശ്രീനിവാസന്റെ സാന്നിധ്യവും കൂടിയാകുമ്പോൾ തിയേറ്ററുകളിൽ ഒരു തകർപ്പൻ വിനോദം തന്നെയായിരിക്കും ചിത്രം സമ്മാനിക്കുക. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഫൺ എന്റർടൈനർ മൂഡ് വ്യക്തമാക്കുന്നതായിരുന്നു ഇതിനോടകം പുറത്തിറങ്ങിയ ടീസറും പോസ്റ്ററുകളും.

 മെയ് 14-നാണ് ‘അതിരടി’ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ഹൈപ്പുള്ള ചിത്രമായ ‘ദൃശ്യം 3’ റിലീസ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് ഈ ചിത്രത്തിന്റെ വരവ്. മെയ് 21-നാണ് ‘ദൃശ്യം 3’ തിയേറ്ററുകളിൽ എത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക