Image

ആത്മ രഹസ്യം ( നോവൽ - 13 : മിനി ആന്റണി)

Published on 02 May, 2026
ആത്മ രഹസ്യം ( നോവൽ - 13 : മിനി ആന്റണി)

സാഹചര്യസമ്മർദങ്ങളാൽ സ്വയമറിയാതെയുയരുന്ന പൗരുഷതുടിപ്പുകളിൽ സങ്കോചപ്പെടാത്ത ഏതൊരാണാണുള്ളത് !

ഏറെ നേരമായി ബഷീറും ജോസൂട്ടിയും  സ്വന്തമായ വിചാരലോകങ്ങളിൽ വികാരാധീനരായി മൗനത്തിലാണ്ടിരിക്കുകയായിരുന്നു.

അവരുടെ ആലോചനകൾക്കിടയിലേക്ക്  തലയിലൊരു   കുട്ട റബ്ബർപോളയും മറുകയ്യിൽ ഒരു മൂട് കൊള്ളിയുമായി  ലിസി വീണ്ടും കയറിവന്നു.  കിഴങ്ങ് താഴെയിട്ട് റബ്ബർപോള മുറ്റത്തേക്ക് ചെരിഞ്ഞശേഷം ലിസി പോള ഒരു വടിയെടുത്ത് തോണ്ടി പരത്തിയിട്ടു.  പിന്നെ കൊള്ളിത്തണ്ടിൽ പിടിച്ച് പൊക്കി അതിനെ ഒന്നാകമാനം വീക്ഷിച്ചു. തണ്ടിന് കനം കുറവാണെങ്കിലും  കടയ്ക്കൽ ആവശ്യത്തിന് കിഴങ്ങുണ്ടായിരുന്നു. പല കിഴങ്ങും പകുതിയിലും മുക്കാലിലും ഒടിഞ്ഞു പോയിരുന്നതിനാൽ കിഴങ്ങിൻ്റെ അകവെൺമ  പുറത്തു കാണാമായിരുന്നു.

“മണ്ണൊറച്ച് കെടക്കായോണ്ട് മുഴവനും പറഞ്ഞ് പോന്നില്ല. ഞാനാണെങ്കി കൈക്കോട്ട് എടുത്തൂല്ല്യാ.  ഇപ്പഴത്തക്കിത് പോരേ?  ഉച്ചതിരിഞ്ഞ് പോവുമ്പോ ബാക്കി മാന്തിയെടുക്കാം … “ ബഷീറിന് ഔപചാരികമായൊരു ചിരി സമ്മാനിച്ച് അകത്തേക്ക് കയറിപോകും വഴി  ലിസി ജോസൂട്ടിയോടായി പറഞ്ഞു. 

ജോസൂട്ടി പ്രത്യേകിച്ച് മറുപടിയൊന്നും പറയാതെ ഒന്നിളകിയിരുന്ന് ദൂരേക്ക് കണ്ണുകളയച്ചു. ആദ്യമായി വരുന്ന ഒരു സ്ഥലത്ത്  ഇത്രയും സമയം തങ്ങിയതിൻ്റെ അനൗചിത്യമോർത്ത് അപ്പോൾ ബഷീർ അസ്വസ്ഥനായി. ലിസി ഒരു മുറവും അരിവാളുമായി തിരിച്ചിറങ്ങി വന്നു.  കിഴങ്ങ് മുറത്തിലേക്ക് കൊത്തിയിട്ട് കട പറമ്പിലേക്കെറിഞ്ഞ് തിരികെ കയറിപ്പോയി.

ബഷീറിൻ്റെ അസ്വസ്ഥത തിരിച്ചറിഞ്ഞിട്ടെന്നോണം  ജോസൂട്ടി പറഞ്ഞു.  

“ലിസിക്ക് മിണ്ടലിത്തിരി കൊറവാ.  ആദ്യായിട്ട് കാണണോരോട് പ്രത്യേകിച്ചും.  ഒരു പാവാ. എന്നേലും പത്ത് പതിനഞ്ച് വയസ്സിനെളേതാ. ആ അത് മറ്റൊരു കഥയാ.”

ബഷീർ പട്ടികളെ പറ്റി നേരത്തേ ചോദിച്ച ചോദ്യം പാടേ മറന്നതുപോലെ ജോസൂട്ടി പറയാനാരംഭിച്ചു.

“ഒരാണായിപ്പോയേന് സ്വയം ശപിച്ച  ഒരു സമയണ്ടായിരുന്നു പണ്ട്.  അതിനും മുൻപ് ആണായി പിറന്നേന് അഹങ്കരിച്ച കാലോംണ്ടായിരുന്നു.  അങ്ങനെ അഹങ്കരിച്ച് നടക്കണ സമയത്ത്  പെണ്ണ് വീട്ടാര്ടെ സമ്മതല്ല്യാണ്ട് കെട്ടി കൂടെ കൂട്ടിയതാണ് റീനേനെ. എൻ്റെ ആദ്യഭാര്യ. കൂടെയെറങ്ങി പോന്നതാന്നും പറയാം.  അന്നതൊരു ചെറിയ കാര്യല്ല.  

നമ്മടെ ആണത്തം പൂർണതേലെത്തണ നിമിഷം ഏതാന്നറിയോ? ഒരപ്പനാവുമ്പോ.  എല്ലാർക്കും അങ്ങനാണോന്നറിയില്ല.  ഞാനങ്ങനാണ് കരുതീരുന്നെ. പക്ഷേ അപ്പനായ സമയത്ത് എൻ്റെ എല്ലാ അഹങ്കാരോം അവസാനിപ്പിച്ചോണ്ട് കൊച്ചിൻ്റെ അമ്മ അങ്ങ്ട് പോയി. അതും ഒരു പെങ്കൊച്ച്.  അമ്മേ പോലിരിക്കണ ഒരു തക്കിടുമുണ്ടത്തി .  കരയാൻ മാത്രം അറിയണ ആ കൊച്ചിനേം കൊണ്ട്  ഞാനെന്ത് ചെയ്യാനാ?

ഞങ്ങള് ഇവ്ടെ കുടിയേറി പാർത്തോരായോണ്ട്  എനിക്കിവിടെ ഈ മലമൂട്ടില് ബന്ധുക്കളൊന്നും ഇണ്ടാർന്നില്ല. അപ്പന് വയസ്സായപ്പഴാ പണ്ട് അബ്രാഹാമിൻ്റെ ഭാര്യ സാറ ഗർഭം ധരിച്ചോണം അമ്മ എന്നെ ഗർഭം ധരിച്ചത്.  ജോസൂട്ടി കുട്ടിപ്രായം വിട്ടേൻ്റെ പിന്നാലെ രണ്ടാളും വഴിക്ക് വഴി മോളിലോട്ട് പോവേം ചെയ്തു .

പിന്നെ റീനേടെ വീട്ടുകാര്.  അല്ലെങ്കിലെ അവർക്ക് ദേഷ്യാർന്നു.  മോള് ചത്തുപോയേൻ്റെ ദേഷ്യം കൂടി ആയപ്പോ അവരാരും പിന്നെ തിരിഞ്ഞ് നോക്കീല്ല്യ.

രാത്രി കൊച്ച് കരയും. ഒപ്പം കരഞ്ഞോണ്ട് ഞാനവളെ എടുത്ത് നടക്കും.  ആരാണ്ടൊക്കെ പറഞ്ഞ് തന്ന പോലെ പഞ്ചാര വെള്ളം  ഇറ്റിച്ച് കൊട്ത്തും പാല് തെളപ്പിച്ചാറ്റി കൊട്ത്തും എന്നെകൊണ്ട് പറ്റണ പണി ഒക്കെ നോക്കി.  അവൾക്ക് അഞ്ച് വയസ്സാവണ വരെ, അഞ്ച് കൊല്ലം  ഞാൻ ഒരു പണീം വേറെ ചെയ്തില്ല.  അവളെ നോക്കലല്ലാണ്ട് “

ജോസൂട്ടി ഓർമ്മകളിൽ തട്ടിതടഞ്ഞ് വീണെന്നോണം ഇടക്കിടെ ദീർഘനേരം മൗനത്തിലാണ്ടും  ഒരു ദീർഘനിശ്വാസത്തോടെ പിന്നെയും തുടർന്നും പഴയ കാലം ഓർത്തെടുത്തു കൊണ്ടിരുന്നു

“ഭക്ഷണം കാലായി “ എന്ന്  ലിസി വിളിച്ച് പറയും വരെ അത് തുടർന്നു.

“ഇങ്ങോട്ടെടുത്തോ.”   എന്ന് ജോസൂട്ടി അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു .  ബഷീറിനെ ബാധിച്ചിരുന്ന അനൗചിത്യം ജോസൂട്ടിയുടെ കഥയിലാണ്ട് ഇല്ലാണ്ടായിരുന്നു.  ആദ്യമായി കാണുന്ന ഒരാളോട് തൻ്റെ പഴയ കാലം പറയാനുള്ള അടുപ്പം ജോസൂട്ടി കാണിച്ചതിനാൽ  തീർച്ചയായും താനിവിടെ ഒരപരിചിതനല്ല എന്ന തോന്നലിലേക്ക് ബഷീർ വീണ്ടുമെത്തി.

സ്വതവേ മിതഭോജിയായിരുന്ന ബഷീർ ആവശ്യത്തിലധികം കിഴങ്ങ് കഴിച്ചു.  കിഴങ്ങിനോടൊപ്പമുണ്ടായിരുന്ന ചമ്മന്തിയുടെ സവിശേഷമായ രുചി ബഷീറിന് അത്രക്കിഷ്ടപ്പെട്ടിരുന്നു. 

“ ലിസിയുടെ സ്പെഷ്യലാ.  കാന്താരീം ചോന്നുള്ളീം , ഒരു പൂള് മാങ്ങായും  പിന്നെ ചുട്ടെടുത്ത കശുവണ്ടീം.  കുറച്ചുപ്പ് ചേർത്ത് മയത്തിലരച്ചെടുത്ത് നന്നായി വെളിച്ചെണ്ണ ചാലിച്ചെടുക്കണം. എരിവ് മുന്നിത്തന്നെ നിക്കണം.  അതാ അതിൻ്റെ ഒരു പാകം “

ജോസൂട്ടി ചമ്മന്തിയെ പറ്റി പറഞ്ഞപ്പോഴാണ് നേരത്തേ അണ്ടി ചുടുന്ന മണം പരന്ന കാര്യം ബഷീർ ഓർത്തത്.  

“റീനയ്ക്ക് പാചകം അത്ര വശണ്ടാർന്നില്ല.  കാശൊള്ളോടത്തെ സന്തതി ആർന്നല്ലോ.  ലിസി പക്ഷേ ദെണ്ഡിച്ച് വന്നോളായോണ്ട്  എല്ലാം വശമുണ്ട്.  ഒരു മിനിറ്റ്  ഇരിക്കാണ്ടെ പണി എടുത്തോളും.  എൻ്റെ മോള് കണ്ട് പിടിച്ച് കൊണ്ടന്നതാ.”

“പിന്നെ ദൈവം ന്നൊരാള് ഇണ്ടെങ്കില്….. ഇണ്ടോന്ന് എനിക്കൊറപ്പില്ല. അതാ ഇണ്ടെങ്കില് എന്ന് പറഞ്ഞത്.  ഇണ്ടെങ്കില്  അങ്ങോരൊരു അസ്സല് കളിക്കാരനാ.  ഈ എലീം പൂച്ചേം കളീലെ പോലെ.  തട്ടിക്കൊടഞ്ഞോണ്ടിരിക്കും എപ്പഴും.

ലിസി അവർക്കിടയിലൂടെ വീണ്ടും പുറത്തെ വെയിലിലേക്കിറങ്ങി പോകുന്നത് കണ്ടപ്പോൾ ബഷീർ എണീറ്റ്  അവരോടായി  കുറച്ചൗപചാരികതയോടെ പറഞ്ഞു.

“ ഞാൻ ഇത്തിരി കഴിയുമ്പോ പോകും കേട്ടോ ചേച്ചി. ഫുഡൊക്കെ നന്നായിരുന്നു. “

അതിനും ഒരു പുഞ്ചിരിയായിരുന്നു മറുപടി.  ബഷീറിന് വീണ്ടും ശ്യാമളേച്ചിയെ ഓർമ്മവന്നു.  ജനലിലൂടെ ആരെയോ പ്രതീക്ഷിച്ചെന്നോണം പുറത്തേക്ക് നോക്കി നിൽക്കുന്ന  അവരുടെ വിഷാദാത്മകമായ നിശ്വാസങ്ങൾ ചെവിയിൽ വന്നലയ്ക്കുന്നതായി അപ്പോഴയാൾക്ക് തോന്നി.   അവരുടെ ആഗ്രഹങ്ങളോട് നീതി പുലർത്താനാവാതെ പോയതിൻ്റെ കുറ്റബോധം എപ്പോഴത്തേയുമെന്നപോലെ ഇപ്പോഴും അയാളുടെ ഉള്ളുലച്ചു…

“ പിന്നെ  വലിയൊരു തട്ടുകേട് വരുന്ന സമയത്ത് ആശ്വാസത്തിന് നമ്മക്കൊരു പിടിവള്ളി കിട്ടും.  എനിക്കും കിട്ടി അങ്ങനൊരാശ്വാസം.  അത് നീയും നിൻ്റെ ഉമ്മ മുംതാസും ആയിരുന്നു. “

ബഷീർ ഞെട്ടിയുണർന്നു.  എന്താണിപ്പോ കേട്ടത്!  താനും തൻ്റെ ഉമ്മ 

മുംതാസും… ! ഇത്രനേരം താൻ കേട്ടുകൊണ്ടിരുന്ന ജോസൂട്ടിയുടെ കഥ തൻ്റെയും കൂടി കഥയായിരുന്നു എന്ന തിരിച്ചറിവിൽ  നിമിഷനേരത്തേക്ക് ബഷീർ  ഒരു സ്ഥലകാലവിഭ്രമാവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ടു.

ഒരു കുഴലിലൂടെ എന്ന വിധം മുഴക്കമുള്ളതും എന്നാൽ അടഞ്ഞിരിക്കുന്നതുമായ  രീതിയിലാണ് പിന്നീടങ്ങോട്ട് ബഷീർ ജോസൂട്ടിയെ കേട്ടത്.

“എനിക്കറിയാരുന്നു എന്നെങ്കിലും നീയന്വേഷിച്ച് വരൂന്ന്.  പോകുമ്പോ നിനക്കേഴ് വയസ്സുണ്ട്.  ഓർമ്മേടെ ഒരു തരിയെങ്കിലും, സമയാവുമ്പോ പൊടിച്ച് വളരൂന്ന് എനിക്കൊറപ്പുണ്ടാരുന്നു. എൻ്റെ കാലത്തത് സംഭവിക്കണേ എന്നൊരാഗ്രഹംണ്ടായിരുന്നു.  അതാണിപ്പോ സംഭവിച്ചേക്കണെ.  നാൽപത് വയസ്സുകാരനിൽ  ഒളിഞ്ഞിരിക്കണ ഏഴ് വയസ്സ്കാരനെ കണ്ടെടുക്കല് നടക്കണ കാര്യല്ല.  പക്ഷേ …… ഓർമ്മകൾടെ  കാര്യം അങ്ങനല്ലല്ലോ. കാലം ചെല്ലുമ്പോ  തെളിച്ചം കുറയുന്നേ ള്ളൂ. മാറ്റം ണ്ടാവാറില്ല്യല്ലോ. അവടന്ന് നമ്മക്ക് പലതും കണ്ടെടുക്കാനാവും.“

ശരിയാണ്. അങ്ങനെയൊരു ഓർമ്മയിൽ നിന്നാണിപ്പോൾ ജോസേട്ടനെ കണ്ടെടുത്തിരിക്കുന്നത്.  തെളിച്ചമില്ലാതിരുന്ന ഓർമ്മകൾക്കിപ്പോൾ ജീവൻ വെച്ചിരിക്കുന്നു.  നിഴലുകളായിരുന്നവ അനങ്ങാനാരംഭിച്ചിരിക്കുന്നു.  ബഷീർ തലയൊന്ന് കുടഞ്ഞു.  ചെവിയടച്ച് തിരുമ്മി.  ജോസൂട്ടിയുടെ ശബ്‌ദത്തെ വർത്തമാനകാലത്തിലേക്ക് വീണ്ടെടുത്ത്  വീണ്ടും കേൾവിക്കാരനായി ഇരുന്നു.

“മോള് ജനിക്കുന്നേനും  മൂന്നാല് മാസം മുമ്പാ ഈ പറമ്പിൻ്റെ മോളില്  ഒരു ഇരുപത് സെൻ്റ് ഭൂമി വാങ്ങി  കുഞ്ഞൊരു വീടു വച്ച് ഒരു ഭാര്യേം ഭർത്താവും രണ്ട് വയസുകാരൻ മകനും താമസിക്കാനെത്തീത്.  ഈ പറമ്പിൻ്റെ പള്ളേക്കോടെ ആ വീട്ടിലേക്കൊരു ചവിട്ടടിപ്പാത ഇണ്ടാരുന്നു. ഇപ്പ അതൊക്കെ പോയി.  അവടെ വേറെ വീടോളൊന്നും ഇല്ലാത്തോണ്ടും അതിലേ ആരും നടക്കാത്തോണ്ടും .. 

“റീന മരിച്ചേന് ശേഷം എൻ്റെ മോൾക്ക് മൊല കൊടത്തതും  കുളിപ്പിച്ചതും ഒക്കെ നിൻ്റെ ഉമ്മയാർന്നു. ആ കടപ്പാട് ഞാനെന്ന് വീട്ടാനാന്ന്, എങ്ങനെ വീട്ടാനാന്ന് ഞാനെടക്കൊക്കെ ഓർക്കും.  നിൻ്റെ ഉപ്പ  എടക്കെടക്ക് ഓരോ യാത്ര പോയാല് വെല്ലേ കാലത്താ വരല്. വന്നാ ഒന്ന് രണ്ടാഴ്ച്ച ഇവ്ടെ ഇണ്ടാവും. അപ്പൊ ഉമ്മ അധികം പൊറത്തെറങ്ങലില്ല. “

“നീ പറഞ്ഞ പട്ടികള് . ഒരു ദെവസം  മോളെ നിൻ്റുമ്മാടടുത്താക്കി  ഞാൻ കൊറച്ച് വളം വാങ്ങാൻ പോയതാ.  അന്നീ പറമ്പില്  റബ്ബറല്ലാർന്നു. ഇപ്പഴല്ലേ ഇവടൊക്കെ  റബ്ബറായത്. അന്ന് തെങ്ങും വാഴേം  മറ്റ് മരങ്ങളും കൃഷികളും ഒക്കെയാരുന്നു. “

ബഷീറിന്  തനിക്കീ സ്ഥലം കണ്ടിട്ട് ഒരു പരിചയവും തോന്നാതിരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായി.  വെളുത്തുരുണ്ട, ചുവന്ന ജട്ടിയിട്ട ഒരു പെൺകിടാവ് അയാളുടെ മനസ്സിലുണ്ടായിരുന്നു. ഉണങ്ങിയ ചേമ്പിൻ തണ്ട്  പുറകിൽ ജട്ടിക്കുള്ളിൽ വാലുപോലെ തിരുകി വച്ചോടുന്ന  ആ പെൺകുട്ടി. ട്രൗസിറിന് പുറകിൽ അതുപോലൊരു ചേമ്പിൻതണ്ട് തിരുകി പുറകെയോടുന്ന  മറ്റൊരാൺകുട്ടി.  ഈയൊരു ഓർമ്മയും ‘ചേട്ടായി’ എന്നൊരു വിളിയും ബഷീറിൽ ഇടക്കിടെ വന്ന് പോകാറുണ്ട്. ആ ഓർമ്മയും സ്‌നേഹവും ഉള്ളിലുള്ളതുകൊണ്ടായിരിക്കാം ബഷീർ മായയെ അത്രയേറെ താല്പര്യത്തോടെ  ചേർത്ത് പിടിക്കാനാഗ്രഹിച്ചത്.  പക്ഷേ മായ അപ്പോഴൊക്കെ ഒരു ശത്രുവിനെപ്പോലെ ബഷീറിനെ അകറ്റിനിർത്താനായിരുന്നല്ലോ ശ്രമിച്ചത്.

“നിനക്കോർമ്മണ്ടോ അവളെ ?  ‘വാവേ ‘  എന്നാ നീയവളെ വിളിച്ചോണ്ടിരുന്നേ. നിങ്ങക്ക് കൂട്ടായിക്കൊട്ടേന്ന് കരുത്യാ ഞാനന്ന് ആ പട്ടിക്കുഞ്ഞുങ്ങളെ എടുത്തോണ്ട് വന്നത്.  പാളേല് കെട്ടി  തോട്ടിലെറിഞ്ഞതാ ആരാണ്ട്.  മൂന്നെണ്ണം ഇണ്ടാർന്നു.  അമ്മ ഇല്ലാത്ത മോൾടെ കരച്ചില് കണ്ട് ശീലിച്ച എനിക്ക് അവറ്റോൾടെ കരച്ചില് കണ്ട് സഹിച്ചില്ല.  അതോണ്ടും കൂട്യാ എടുത്തോണ്ട് പോന്നെ.  മോൾടെ കൂടെ അവറ്റോളും വളന്നു.  ആരെങ്കിലും ഒക്കെണ്ട് എന്നൊരു തോന്നലും  അപ്പഴാണ്ടായേ.  മൻഷ്യര് തന്നെ വേണോന്നില്ല  ഒരടുപ്പത്തിന് ന്ന് അതീ പിന്നാ ഞാൻ പഠിച്ചെ.

“ പക്ഷേ …. ഒരു കൊഴപ്പം ണ്ടായി. കൊണ്ടന്നേല് ഒരെണ്ണം പെൺപട്ടി ആരുന്നു .  ഏഴെട്ട് മാസം കഴിഞ്ഞപ്പോ  അതങ്ങ്ട്  പെറ്റു. അഞ്ച് കുട്ട്യോള്.  അതിലും രണ്ടെണ്ണം പെണ്ണാരുന്നു.  അവറ്റോൾക്കുണ്ടോ ആങ്ങളേം പെങ്ങളും ആണെന്ന വിചാരം. അപ്പനും മക്കളും ആണെന്ന ബോധം. ആണ് പെണ്ണ് എന്ന ഒറ്റ ബോധല്ലേ അവറ്റോൾക്കൊള്ളൊ.“

ബഷീർ  ഒരു നിമിഷം തരിച്ചിരുന്നു.  ഉള്ളിൻ്റെയുള്ളിൽ എന്തോ ചെന്ന് കൊരുത്ത് വലിക്കുന്നതു പോലെ അയാൾക്ക് തോന്നി.  

“ ഇനീം  പെറ്റ് പെര്ക്യാ  ശര്യാവില്ല.  ഞാൻ പിന്നെ  ഒരു വന്ധ്യംകരണ ശാസ്‌ത്രക്രിയ അങ്ങട് നടത്തി.  കവര ഉള്ള പാണല് വടി വെട്ടിയെടുത്ത്  ആൺപട്ട്ടീടെ കഴുത്ത് അതില്  ആ കവരേല്  അനങ്ങാൻ വയ്യാത്തോണം കുരുക്കീട്ട് മലത്തി കെടത്തി  ആ പരിപ്പങ്ങട് കീറിയെടുത്ത് കളയും.  വീര്യത്തിന് കൊറവൊന്നും ണ്ടാവില്ല്യ.  പക്ഷേ...... ഒരു കണക്കിന് ശാപം കിട്ടണ പണ്യാ .  ഷണ്ഡൻമാരാക്കല്ലേ ചെയ്യണെ.  വേറെ വഴില്ലാത്തോണ്ടാ.  വെല്ലോരും തല്ലിക്കൊല്ലണതാരുന്നോ അതിനേക്കാ ഭേദംന്ന് പിന്നീട് തോന്നീണ്ട്.  ഒള്ള കാലം ആർമാദിച്ച് ജീവിക്കാർന്നൂലോ അവറ്റയ്ക്ക്.   ഷണ്ഡത്വം …. ആ … അതൊന്നും പറഞ്ഞട്ട് കാര്യല്ല്യ.

“ഉപ്പാൻ്റടുത്തെക്കെന്നും പറഞ്ഞ് ഒരു ദെവസം രാവിലെ മുംതാസും നീയും പോയേ പിന്നെ  അവറ്റോളെ ഞങ്ങക്ക്  മിണ്ടാനും പറയാനും ണ്ടാർന്നുള്ളൂ.  അവറ്റോൾടെ  കൂടെ ഉരുണ്ട് പെരണ്ട്  അവളങ്ങ് വളന്നു.  ആദ്യം ചോദ്യോം പറച്ചിലും ഒക്കെ ഇണ്ടാരുന്നു.  ഉമ്മയെവിടെ ? ഏട്ടായി എവിടെ? എന്നൊക്കെ.  നിങ്ങള് പോകുമ്പോ നാല് നാലര വയസ്സുണ്ടവൾക്ക്. ചോദ്യങ്ങളും സംശയങ്ങളും മാത്രം ള്ള പ്രായാണല്ലോ അത്. “

“തിരിച്ച് വരാണ്ടായപ്പോ എന്താ പറ്റീതാവോ  എന്ന ആധി എനിക്കുംണ്ടാർന്നു. പിന്നെ ഉപ്പേടെ അട്ത്തക്കല്ലേ പോയേക്ക്ണ് ന്ന് സമാധാനിച്ചു.  പക്ഷേ…. പിന്നീട് എൻ്റെ മനസ്സ് പറഞ്ഞു.  അര്താത്തതെന്തോ  സംഭവിച്ചേക്ക്ണു. എന്നാലും എപ്പഴും  പ്രതീക്ഷിച്ചേർന്നു. എന്നേക്കാളും  മോള് .  എടക്കൊക്കെ വീടും പറമ്പും വൃത്തിയാക്കാൻ പോവുമ്പോ  ഞങ്ങള് നിങ്ങടെ കാര്യം ഓർക്കേം പറയേം ചെയ്യാറ്ണ്ടേ.

“ഈ പട്ട്യോൾടെ കൂടെ വളന്നോണ്ടാവും പ്രത്യേകിച്ച് അതിരോളൊന്നും വയ്ക്കാത്ത ഒരു ലോകം അവൾക്ക്ണ്ടായത്. വർത്താനം ഇത്തിരി കട്ട്യാ. എന്നാലും എല്ലാറ്റിനോടും സ്‌നേഹാ.   ബന്ധോം സൊന്തോം നോക്കാണ്ട്  മനുഷ്യനോ മൃഗോന്ന് നോക്കാണ്ട് എല്ലാത്തിനേം കൂടെ കൂട്ടും.  ആകെണ്ടാർന്ന ഒരു സൊന്തബന്ധം  അത് എന്നോടാർന്നല്ലോ.  

“എവിടേയോ അതും അങ്ങട് മാഞ്ഞ് പോയി.  അവളെ കുറ്റം പറയാൻ പറ്റില്ല.  അവള് വളന്നു. റീനേനെ മുറിച്ച് വച്ച പോലാ.  വളന്നൂന്ന് അവൾക്ക് തോന്നണ്ടേ.   മെക്കട്ട് കേറി മറിയും. കുഞ്ഞാന്നാ എപ്പഴും വിചാരേ. പക്ഷേ എപ്പഴോ എനിക്ക് തോന്നി.  അവള് വളന്നൂന്ന്.  അത്രകാലം  അവൾക്ക് വേണ്ടിയാ ജീവിച്ചത്.  മേത്തൊട്ടിച്ച് കൊണ്ട് നടന്നട്ട് ഒരു സുപ്രഭാതത്തില് അപ്പൻ  താലോലിക്കലൊക്കെ നിർത്തി മൊരടനായപ്പോ  അവൾക്കങ്ങട് സഹിക്കാൻ പറ്റില്ല്യ.  ഞാൻ വേറെന്താ ചെയ്യാ.  ചെറിയ ചെറിയ കാര്യത്തിനൊക്കെ  വഴക്ക് പറയും. എന്ത് ചെയ്താലും  കുറ്റം പറയും.  അവളെ എന്നീന്ന്  അകറ്റി നിർത്തണ്ടേ? കൊറച്ച് കാലം അങ്ങനങ്ങ്ട് പോയി.

പിന്നെ പത്ത് പതിനെട്ട് വയസ്സൊള്ളപ്പഴാ… മുന്നീ വന്ന് ഒരു ചോദ്യം. “അപ്പനെന്താ പറ്റ്യേ .   എനിക്കറിയാം. എന്തോ ഇണ്ട്.  ഒള്ളത് പറഞ്ഞോ.  നമ്മളപ്പെഴും അങ്ങനല്ലേ .  എന്തും  പറയാൻ എനിക്കപ്പനും അപ്പന് ഞാനും. അങ്ങനല്ലേ എപ്പഴും “

“ഉത്തരം കൊടുത്തപ്പോ എൻ്റെ തല കുനിഞ്ഞ് പോയി.  പക്ഷേ പറയാതിരുന്നോണ്ട് എന്താ കാര്യം ?. നിന്നിൽ  ഞാനെടക്ക് നിൻറെമ്മേനെ  കാണണൂന്ന് പറഞ്ഞ് ഞാൻ കരഞ്ഞു.  അതെൻ്റെ നിസ്സഹായവസ്ഥയാരുന്നു. വേറെ ആർക്കെങ്കിലും  ഇങ്ങനൊക്കെ…. ചില സ്പർശം ,സാന്നിധ്യം  … നമ്മളറിയാണ്ട് നമ്മളിൽ ചെലത്… “

ജോസൂട്ടി പറയുന്നത് അയാൾ പറയുന്നതിലുമപ്പുറമായി  ബഷീർ ഉള്ളിലേക്കാവാഹിച്ച് കൊണ്ടിരുന്നു.  ബഷീറിനല്ലാതെ മറ്റാർക്കാണ് അയാളെ മനസ്സിലാക്കാനാവുക.  ബഷീറിനോടല്ലാതെ മറ്റാരോട് മനസ്സ് തുറന്നാലാണ് ജോസൂട്ടിയുടെ മനസ്സിൻ്റെ ഭാരം കുറയുക.  ഏതിലെയൊക്കൊയോ  വളഞ്ഞുപുളഞ്ഞ്  സഞ്ചരിച്ചുകൊണ്ടിരുന്ന  രണ്ട് വഴികൾ  കാലങ്ങൾക്കപ്പുറമൊരു ബിന്ദുവിൽ വീണ്ടും സന്ധിച്ചിരിക്കുകയാണ്.  പരസ്പരമറിഞ്ഞുകൊണ്ടിരിക്കുകയാണ്.

“അവള് അപ്പനെ മനസ്സിലാക്കി. അവൾക്കത് പറ്റും. ആ മനസ്സിലാക്കലിൽ ഞങ്ങൾക്കിടയിലെ ഗൗരവം  ഞാനവസാനിപ്പിച്ചു.  ഇടയിൽ വ്യക്തമായൊരു അകലം സൂക്ഷിക്കുന്ന അപ്പനും മകളുമായാണ് ജീവിതമെങ്കിലും മുമ്പുണ്ടായിരുന്ന വീർപ്പുമുട്ടലങ്ങ് മാറി.  ഡിഗ്രി കഴിഞ്ഞ് പിന്നെ അവളിവിടെ നിന്നില്ല.  പഠിക്കാനോ ജോലിക്കോ ഒക്കെയായി മറ്റിടങ്ങളിലായി താമസം. ഇടക്കിടെ വരും.  അങ്ങനെയൊരിക്കെ കൂടെ കൊണ്ടുവന്നതാണ് ലിസിയെ. ലിസീടെ  ശരിക്കുള്ള  പേര് മറ്റെന്തോ ആണ്. അതെന്നോട് പറഞ്ഞിട്ടില്ല. ഞാൻ ചോദിച്ചിട്ടും ഇല്ല. മോളിട്ട പേരാ ലിസി.  ജാതിക്കുരു ആർക്കും പൊട്ടാതിരിക്കാനാന്ന് പറഞ്ഞ് .  

“ ഇനി ഇതാണ് അപ്പൻ്റെ റീന”  എന്നും പറഞ്ഞു.  എനിക്ക് എതിർക്കാൻ പറ്റ്വോ?  രജിസ്‌ട്രോഫീസില് വച്ച് കെട്ട് നടത്തി. പക്ഷേ …. ലിസിയോട്  എനിക്ക്   ഒരിക്കലും….

പട്ട്യോളോട്  കാണിച്ച ക്രൂരത അപ്പഴൊക്കെ ഞാനോർക്കും.  

“ ലിസി  അതാഗ്രഹിച്ചിട്ടുണ്ടോ?  എനിക്കറിയില്ല.പട്ടിണി കെടക്കണ്ടി വരരുത്.  കേറി കെടക്കാൻ ആരും കീറിപ്പറിക്കാൻ വരാത്ത  ഒരിടം വേണം. വന്നകാലത്ത്  ഇത്രക്കൊക്കേ അവൾക്ക് വേണ്ടീരുന്നുള്ളൂ.  അല്ലെങ്കിലും ജീവിതത്തില് അത്യാവശ്യം കഴിഞ്ഞല്ലേ ആവശ്യം…..”

ആവശ്യവും അത്യാവശ്യവും പലപ്പോഴും ആപേക്ഷികമാണെന്ന് ബഷീറിന് തോന്നാറുണ്ട്. ശ്യാമളേച്ചിക്ക്  അത്യാവശ്യമായിരുന്നത്  ലിസിക്ക് ആവശ്യം പോലും ആവണമെന്നില്ല. മനോഹരമായും എന്നാൽ അലസമായും സൂക്ഷിക്കുന്ന തൻ്റെ യൗവ്വനം ഒരിക്കലും  ഉപയാഗിക്കാനാവാതെ താൻ  മരിച്ച് പോകുമോ  എന്ന ഭയത്തിലാണ് ശ്യാമളേച്ചിയെപ്പോഴും ജീവിച്ചിരുന്നത്. അനിയത്തിമാർ അവരുടെ ഭർത്താക്കൻമാരോടൊപ്പം  വരുമ്പോഴും പോകുമ്പോഴുമാണ്  ഏറ്റവുമാഴത്തിൽ  അവരതനുഭവിച്ചിരുന്നത്.

“അനിയനായി കാണേണ്ടവനാണ് എന്നാലും ……. നിന്നോളം വിശ്വസിക്കാവുന്ന മറ്റാരുമില്ല. ഇതൊരു തെറ്റാണോ?  ആരാണ് ഈ തെറ്റും ശരിയും ഉണ്ടാക്കിയത് ? ഗ്രഹങ്ങളുടെ നിഴല് മാറുമ്പോ  മനുഷ്യൻ്റെ ജീവിതവും മാറുന്നുണ്ടെങ്കി, ഗുണോം ദോഷോം ണ്ടാവുന്നുണ്ടെങ്കി   ഇതും ഏതോ ഗ്രഹണഫലാന്ന് കരുത്യാ പോരെ ? ”

പക്ഷേ…… ശ്യാമളേച്ചിയെ നിരാശപ്പെടുത്താതെ വയ്യായിരുന്നു.  നല്ലതോ ചീത്തയോ ആയ ഏതോ ഗ്രഹണനേരത്ത്   ജീവിതത്തിൽ വന്നൊട്ടിയ   മറ്റൊരു നിഴൽ പിൻതുടർന്നുകൊണ്ടേയിരുന്നതിനാൽ  ഒഴിവാക്കാതെ വയ്യായിരുന്നു.

“നീയെന്നെ തേടിയെത്തിയ സമയം ഇതായിപോയല്ലോ മോനേ. ആ സ്ഥലം ഒന്ന് കാട്ടിത്തരാൻ പറ്റണില്ലല്ലോ. വീട്ടിലിരുന്ന സാധനങ്ങളൊക്കെ  ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്. ഒരു ട്രങ്ക്പെട്ടീല്. വീട് കൊറച്ച് ഇര്ന്ന് പോയിട്ട്ണ്ട്.  എന്നാലും അതും നിന്നെ കാത്ത് കെടക്ക്ണ്ടവ്ടെ.  ലിസിക്ക് പോലും അറിയില്ല. ഞാനാ പെട്ടി സൂക്ഷിച്ച് വച്ചത് എവിടാന്ന്. അതിന് ഞാനെന്നെ പോണം .  അല്ലെങ്കി പെട്ടിയെങ്കിലും എടുത്ത് തരാർന്നു.“

ബഷീറിന് ഇനിയൊന്നും അറിയണമെന്നുണ്ടായിരുന്നില്ല.  കിട്ടണമെന്നുമുണ്ടായിരുന്നില്ല. അറിയാനുള്ളതിലധികം അറിഞ്ഞിരിക്കുന്നു.  മുന്നോട്ട് ഇനിയെന്ത് ?  സത്യത്തിൽ  ഈയൊരു സ്ഥലം തേടിപ്പിടിച്ചെത്തിയത് എന്തിനായിരുന്നു. താനങ്ങനെ വെറുതെ പൊട്ടിമുളച്ചതല്ല.  തനിക്കും ഒരു അടിത്തറയുണ്ടായിരുന്നു എന്ന് സ്വയം ബോധ്യപ്പെടുത്താനോ? ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു.  ലക്ഷ്യത്തിലെത്തിയാൽ പിന്നെ മുന്നോട്ടെന്താണ്?  

“ഇനിയുള്ളതൊക്കെ അവിടെയിരിക്കട്ടെ ജോസേട്ടാ…. ഞാനാഗ്രഹിച്ചതിൽ കൂടുതൽ ഇപ്പഴറിഞ്ഞിരിക്കുന്നു. പിന്നെ എന്തെങ്കിലുമൊക്കെ ബാക്കിയിരിക്കേണ്ടേ? ഇനിയും ഇവിടേക്ക് വരാൻ ഒരു കാരണം വേണോലോ? ജോസേട്ടന് സുഖാവട്ടെ.  ഞാൻ വരാം.”

അവിടെ നിന്നിറങ്ങുമ്പോൾ  ഒരു ഭാരമിറക്കിയതിൻ്റെ  ആശ്വാസമോ  തേടിയത് കണ്ടെത്തിയവൻ്റെ ആഹ്ലാദമോ  ആയിരുന്നില്ല ബഷീറിന് അനുഭവപ്പെട്ടത്. തിരിച്ചറിയാൻ കഴിയാത്ത മറ്റെന്തൊക്കെയോ അപ്പോഴുമയാളെ അലട്ടിക്കൊണ്ടിരുന്നു.

ഇറങ്ങിയ ശേഷം എന്തോ മറന്നെന്ന പോലെ ഒരു മിനിറ്റ് നിന്ന ശേഷം ബഷീർ തിരിഞ്ഞ് നിന്ന് ചോദിച്ചു.

“എന്തായിരുന്നു ജോസേട്ടാ  മോൾടെ പേര് “

“റൈനു. റൈനു റീന ജോസ് …. “  ജോസൂട്ടി കുറച്ചുറക്കെ വിളിച്ച്പറഞ്ഞു.

തുടരും …

Read More:https://www.emalayalee.com/writer/284

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക