Image

പ്രണയനിലാവ് {കവിത: ജയശങ്കര്‍ പിള്ള )

Published on 30 April, 2026
പ്രണയനിലാവ് {കവിത: ജയശങ്കര്‍ പിള്ള )

മൈലാഞ്ചി മണമുള്ള മൊഞ്ചത്തി പെണ്ണേ
മറക്കുട ചൂടിയ മണവാട്ടി പെണ്ണേ

മൈലാഞ്ചി കൈകൾ കൊണ്ട് മുഖം മറച്ചു നീ
എൻ മണിയറ പടിവാതിൽ  ചാരിടുമ്പോൾ

കാർമുകിൽ കാട്ടിലെ പൊൻ  ചിരാതം പോൽ നീ
നീല നിലാവിൽ കുളിച്ചു നിന്നു

നിൻ ചെന്താമര ചുണ്ടിലെ പാൽ നിലാ മുത്തുകൾ
ചുംബിച്ചുണർത്തി എൻ പ്രേമ ഗീതം

കരി മുകിൽ കൺചിമ്മിയ പൂനിലാ കുളിരിൽ നാം
കണ്ണോടു കണ്ണിണ ചേർന്ന് നിന്നു

ഇലഞ്ഞിപ്പൂ മണമൂറും  നിൻ ആലില വയറിലെ
പൊന്നരഞ്ഞാണത്തിൻ മണി കിലുക്കം

എൻ കാതിൽ സംഗീത മഴയായ് പൊഴിയുമ്പോൾ
നാണത്തിൽ  മുങ്ങി നിൻ കരി മിഴികൾ

ആൽത്തറ കോണിലെ അന്തി മയക്കത്തിൽ
ചന്ദനമെഴുതിയ നിൻ തിരു നെറ്റിയിൽ

ആരൊരു അറിയാതെ അർപ്പിച്ചു ഞാനെന്റെ
ആദ്യാനുരാഗത്തിൻ  ചുടു ചുംബനം

പുളിയിലക്കര ചുറ്റി പൂർണേന്തു മുഖിയായി
എൻ നെഞ്ചിലെ അഗ്നിയായ് നീ ഉണർന്നു

പാതി ചാരിയ പടിപ്പുര മുറ്റത്തെ
നെയ്ത്തിരി നാളമായ് നീ അണഞ്ഞു...

മാതളപ്പൂക്കൾ മിഴിതുറക്കുന്നൊരീ നീലരാവിൽ
മുറുകെ പുണർന്നു നാം ഒന്നാവുന്ന നേരം

നിൻ ആലില താലി ചരടിലെ ഇഴകളിൽ അർപ്പിച്ചു
എൻ സ്നേഹാർദ്രമായൊരാ  പ്രണയകാവ്യം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക