Image

എങ്കിലും ആശകൾ ആയിരം (പി.സീമ)

Published on 29 April, 2026
എങ്കിലും ആശകൾ ആയിരം (പി.സീമ)

"വല്യേച്ചിക്ക് പിന്നേം ഗർബം ആണോന്നു ആ കമലേച്ചി എന്നോട് ചോദിച്ചു.. ഇത് ഗർബം ആണോ?"  സ്കൂളിൽ പോയി വന്ന അനുജത്തി അല്പം വീർത്തു നിൽക്കുന്ന എന്റെ വയറിലേക്ക് വിരൽ ചൂണ്ടി സൂക്ഷിച്ച്നോക്കി ചോദിച്ചു.

"എന്നിട്ട് നീ എന്താ പറഞ്ഞെ?"

"അത് പെറ്റു കിടന്നപ്പോ ഉള്ള നാര ങ്ങാവെള്ളം മുഴുവൻ കുടിച്ചിട്ടാണ് എന്നാ ഞാൻ പറഞ്ഞെ." നാരങ്ങാ മിഠായി കടിച്ചു പൊട്ടിച്ച്  കുണുങ്ങിച്ചിരിച്ചു കൊണ്ട്  വലിയ കണ്ണുകൾ ഒന്ന് കൂടി വിടർത്തി അവൾ പറഞ്ഞു.ഞാനും അമ്മയും തമ്മിൽ, പെറ്റു കിടക്കുന്ന പെണ്ണുങ്ങൾ വെള്ളം കുടിച്ചാൽ എന്ന വിഷയത്തെക്കുറിച്ച് ഒരു വാക്ക് തർക്കം ഉണ്ടായത് അവൾ കേട്ടിട്ടുണ്ട്.

നല്ല ചൂടിൽ പൊള്ളുന്ന മേടമാസത്തി ലാണ് ചെറിയ മകൻ പിറന്നത്.  ചൂടിൽ ദാഹം ശമിപ്പിക്കാൻ  നേരത്തെ മുതൽ നാരങ്ങാ വെള്ളം കുടിക്കുന്ന ശീലം ഞാൻ  പിന്നെയും തുടർന്നു.  പ്രസവിച്ചു കിടക്കുന്ന പെണ്ണുങ്ങൾ ഏറെ വെള്ളം കുടിക്കരുത് എന്ന  അമ്മയുടെ ഉപദേശം തെറ്റോ ശരിയോ എന്നറിയില്ല. എന്തായാലും 4 പ്രസവിച്ച അമ്മയുടെ വയർ പരന്നതായിരുന്നു അമ്മമ്മ വളരെ കുറച്ചു വെള്ളമേ കൊടുക്കുമായിരുന്നുള്ളു എന്ന്  അമ്മ പറഞ്ഞതൊന്നും ഞാൻ  ചെവി ക്കൊണ്ടില്ല.

ഏതായാലും രണ്ടാമന്റെ ജനനത്തോടെ മെഴുകുതിരി പൊലിരുന്ന ഞാൻ അല്പം തടി വെച്ചു.  സിനിമ നടൻ ജയന്റെ ശരീരഭംഗി കാത്തു സൂക്ഷിച്ച് ഷട്ടിൽ  ബാഡ്മിന്റൺ കളിച്ചു നടന്ന അദ്ദേഹം കളിയാക്കി.

"നീ ഇപ്പൊ കുടവയറി ആയി."  

ചെറിയ മോന് ഒരു പനി വന്നു ഒരാഴ്ച ഹോസ്പിറ്റലിൽ താമസിച്ചതോടെ എന്റെ വയറും വണ്ണവും ഒക്കെ കുറഞ്ഞു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ പോലെ ഇടയ്ക്കൊന്നു മിനുങ്ങി  കവിൾ തുടുത്തു പിന്നെ ചുരുങ്ങി കവിൾ ഒട്ടി  പിന്നെയും മിനുങ്ങി അങ്ങനെ ഇവിടം വരെത്തി.

"നീ ഒരു കാലത്തും 50 കിലോ കടക്കില്ല" എന്ന് ദുർവാസാവ് ശപിച്ചോ ആവോ. അതിനു അദ്ദേഹത്തെ ഞാൻ കണ്ടതേ ഇല്ലല്ലോ. മുദ്രമോതിരം മീൻ വിഴുങ്ങിയും ഇല്ലല്ലോ.  ജീവിതം ഇപ്പോൾ എന്നെ വിഴുങ്ങാൻ വാ പിളർത്തി നിൽക്കുന്നുണ്ട് എന്നേ ഉള്ളു. അതാരുടെ ശാപമാണോ ആവോ?  ഇനി ഇതൊക്കെ തന്നെ ധാരാളം മതി. ഇത്ര നാൾ നടന്നത്ര ദൂരം എന്തായാലും ഇനി നടക്കേണ്ടല്ലോ

മക്കളുടെ മക്കളുടെ മക്കളെ കാണുന്നവർ ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടവർ എന്നൊരു പറച്ചിലുണ്ട്. അതൊന്നും നടപ്പില്ല..ആൺമക്കൾക്ക് 2 പേർക്കും പെൺകുട്ടികൾ ആണ്. പത്തും അഞ്ചും  വയസ്സേ ആയിട്ടുള്ളു അവരുടെ കല്യാണം പോലും കാണാൻ പറ്റുമോന്നു നിശ്ചയമില്ല. ചതുർഥിയിലെ ചന്ദ്രനെ കാണാതെ നോക്കാറുണ്ട്.  ഒരു സുഹൃത്ത്‌ പറഞ്ഞതനുസരിച്ചു മൂന്നാം പിറ കാണാറുമുണ്ട്...ഏറെ അത്യാഗ്രഹങ്ങൾ ഒന്നും ഇല്ല എങ്കിലും "ആശകൾ ആയിരം" എന്നല്ലേ... ഇപ്പോൾ ഇറങ്ങിയ ജയറാം സിനിമയുടെ പേര് പോലെ.

അങ്ങനെ ഗർഭത്തിൽ തുടങ്ങി ചന്ദ്രനിൽ എത്തി നിൽക്കുന്ന പോസ്റ്റ്‌ ഇവിടെ നിർത്തുന്നതാകും നല്ലത്.. അല്ലെങ്കിൽ സൂര്യനിലേക്ക്  ഞാൻ റോക്കറ്റിൽ പറന്നു പോയാലോ ...
നിങ്ങൾക്ക് ആർക്കെങ്കിലും എന്റെ കൂടെ റോക്കറ്റിൽ കയറാൻ തോന്നിയാലോ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക