
ഒരു മുൻ ചിന്തയി ലോരോ നിമിഷവു -
മോടി യകന്നു മരിക്കുമ്പോൾ
മാനവ ജീവിത ഘടികാരത്തിൻ
മായാ സാധക പരിണാമം !
നിനക്ക് നീയായ് തീരാൻ വേണ്ടിയോ
രീടിമിന്നൽത്തീ ‘ പ്ലാങ്ക് എറ ‘ യിൽ
പ്രപഞ്ച ഭ്രൂണ ത്തുടുപ്പിൽ നിന്നാ
വികാസ വിസ്മയ ബിഗ്ബാങ്.
പറന്നകന്ന കണികകളുള്ളിൽ
അറിഞ്ഞു സ്നേഹ മൊരവകാശം
അറഞ്ഞു പുണരാനേതോ ചോദന
മറിഞ്ഞു രണ്ടല്ലവരൊന്നായ്
തുടർന്ന് മനസ്സുകൾ പുണർന്നു നെബുലകൾ
ഉറഞ്ഞു പ്രകൃതി സമൂലങ്ങൾ
ഒരു ചെറു ചിന്ത യിലുരുവായ് നമ്മുടെ
പ്രപഞ്ച വിസ്മയ പ്രതിഭാസം !
ഒരു ചെറു മാത്ര യതിൽ നിന്നല്ലോ
അറിവായ് നമ്മുടെ ആസ്തിത്വം
അതില്ലായെങ്കിൽ നമ്മളെ നമ്മൾ
ക്കറിയില്ലാത്തൊരു മൺ കഷണം
പ്രപഞ്ച മാനസ രംഗ വിതാന
പ്രഭാ മയത്തിൻ പരിണാമം
രചിച്ച സ്ഥൂലം, നയിച്ച സൂക്ഷ്മം
നിതാന്ത നിസ്തുല മദ്വൈതം !
അതാണ് സത്യം അതാണ് ചലനം
അതാണ് സൗന്ദര്യ സർവ്വസ്വം
അതാണ് ഞാൻ, എൻ ഭൂമി, സൂര്യൻ
അതാണ് ക്ഷീരപഥം വിശ്വം !