Image

'മതി' (കവിത: തൊടുപുഴ കെ ശങ്കർ മുംബൈ)

Published on 20 April, 2026
'മതി' (കവിത: തൊടുപുഴ കെ ശങ്കർ മുംബൈ)

   "മതി" എന്നൊരുവട്ടം പൂർണ്ണമനസ്സോടൊരു
മനുഷ്യൻ  ചൊല്ലുന്നതു ഭക്ഷണത്തിനു മാത്രം!
മറ്റെന്തു കൊടുത്താലും പണമാകട്ടെ, അല്ല 
വസ്തുവാകട്ടെ തെല്ലും സംതൃപ്തി കാട്ടാറില്ല!

മുഖത്തിൽ അത്യാർത്തിയും, അസംതൃപ്തിയും എന്തോ 
ദുഃഖവും നിരാശയും പ്രകടം പ്രത്യക്ഷമായ്!
മനുഷ്യ ബന്ധങ്ങൾക്കി, ല്ലിതിനപ്പുറം വില 
മനുഷ്യൻ മനുഷ്യനെ വേട്ടയാടുന്നു നിത്യം!

മണ്ണിനായ്, പണത്തിനായ്, മറ്റോരോ വസ്തുക്കൾക്കായ് 
മനുഷ്യൻ ദിനരാത്രം മല്ലടിക്കുന്നു തമ്മിൽ!
മറക്കുന്നവൻ ഒരു നഗ്ന സത്യമീ ഭൂവിൽ ആർക്കും 
മറയ്ക്കാനാവാത്തൊരു മുഖ്യമാം പരമാർത്ഥം:

ഇരു കൈകളും വീശി വന്നു നാം അതു പോലെ 
ഇരു കൈകളും വീശി മടങ്ങുമൊരു ദിനം!
നേടിയതെല്ലാം തെല്ലും നിനയ്ക്കാ നിമിഷത്തിൽ 
ഇട്ടിട്ടു വെറും കയ്യോടെല്ലയോ മടങ്ങണം?

പിന്നെന്തിനമിതമാം ആശകൾ വളർത്തണം 
പിന്നെന്തിനെല്ലാത്തിനും അത്യാർത്തി കാണിക്കണം? 
ആശകൾ, പ്രതീക്ഷകൾ മിതമായ് വളർത്തുകിൽ 
ആനന്ദ മയമാക്കാം ശാന്ത ജീവിതം നേടാം!

കോടികൾ കൊടുത്താലും ആനന്ദം ലഭിക്കില്ല 
കടയിൽ പോയാർക്കുമേ വാങ്ങാനും ആവില്ലല്ലോ!
ആനന്ദം സുലഭമായ് ലഭിക്കുന്നതു നമ്മൾ
ആരുമേ  ശ്രദ്ധിക്കാത്ത നമ്മുടെ യുള്ളിൽത്തന്നെ!

 

Join WhatsApp News
girish nair 2026-04-22 08:31:55
മനുഷ്യജീവിതത്തിന്റെ നിരർത്ഥകതയെയും അത്യാർത്തിയെയും ലളിതവും എന്നാൽ മനോഹരവുമായ വരികളിലൂടെ അവതരിപ്പിച്ച ഈ കവിത ഏറെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൗതിക സുഖങ്ങൾക്കു പിന്നാലെ പായുന്ന മനുഷ്യൻ സ്വന്തം ഉള്ളിലെ സമാധാനം നഷ്ടപ്പെടുത്തുന്ന രീതി ഇതിൽ കൃത്യമായി വരച്ചുകാട്ടുന്നു.
നിരണം കരുണാകരൻ 2026-04-22 11:31:36
നല്ല ഒരു കവിത തന്ന പ്രിയ കവിക്കു ഞാൻ മംഗളം നേരുന്നു. ഇനിയും ഇത് പോലെയുള്ള രചനകൾ ഉണ്ടാകട്ടെ 🤝🙏🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക