Image

ഞാനാരാണപ്പാ? (കവിത: വേണു നമ്പ്യാർ)

Published on 13 April, 2026
ഞാനാരാണപ്പാ? (കവിത: വേണു നമ്പ്യാർ)

ഉണ്ടാലും
ഉണ്ടില്ലേലും
ഉണ്മയായും
ഉണ്ടൊരാൾ
അയാളെക്കുറിച്ച് ഒന്നും
മിണ്ടാതിരിക്കുന്നതാണ്
നല്ലത്.

ഉറങ്ങിയാലും
ഉറങ്ങിയില്ലേലും
ഉണ്മയായും
ഉണ്ടൊരാൾ
അയാളെക്കുറിച്ച് ഒന്നും
മിണ്ടാതിരിക്കുന്നതാണ്
നല്ലത്.


ഉമ്മ വെച്ചാലും
ഉമ്മ വെച്ചില്ലേലും
ഉണ്മയായും
ഉണ്ടൊരാൾ
അയാളെക്കുറിച്ച് ഒന്നും
മിണ്ടാതിരിക്കുന്നതാണ്
നല്ലത്.


മരിച്ചാലും
മരിച്ചില്ലേലും
ഉണ്മയായും
ഉണ്ടൊരാൾ
അയാളെക്കുറിച്ച് ഒന്നും
മിണ്ടാതിരിക്കുന്നതാണ്
നല്ലത്.


2

ശുദ്ധമായ അഹങ്കാരം
ആകാശത്തിന്റെ
വിസ്തൃതി നൽകട്ടെ
കടലിന്റെ ആഴം നൽകട്ടെ
അൽപത്തെക്കുറിച്ച്
അനല്പമായറിയുന്ന
സർവജ്ഞനായ ഒരാൾ
എന്തിന് ഒരൽപ്പനായി
അഹങ്കരിക്കണം
അയാളെക്കുറിച്ച് ഒന്നും
മിണ്ടാതിരിക്കുന്നതാണ്
നല്ലത്
സ്നായുക്കളുടെ
കപടവാസ്തുവിദ്യാവലയിൽ 
അയാൾ കുടുങ്ങുകയില്ല.


3

തിരകളിൽ കടലിനെ തേടുന്ന
ഒരു ചെറുമീനാണ് ഞാൻ
ജീവിതം ഉത്തരമാണെങ്കിൽ
ചോദ്യം കവിയ്ക്കേ അറിയൂ!


4

മൌനസന്നിധിയിലെ
ചലനാത്മകമായ നിശ്ശബ്ദത
സംസാരിക്കട്ടെ
ഞാനാരാണപ്പാ എന്ന ചോദ്യത്തിന്
വാമൊഴിയിൽ
സുസ്ഥിരമായ 
ഒരുത്തരമുണ്ടൊ?

ചോദ്യകർത്താവിനെ ഹനിപ്പാൻ
ത്രാണിയുള്ള 
രക്തം തുളുമ്പുന്ന
ഒറ്റ ചോദ്യം മതി -
നരകം സ്വർഗ്ഗമാകും
അസുരൻ ദേവനാകും
ഗദ്യം പദ്യമാകും.

5

ഞാനാരാണപ്പാ
നീയാണപ്പാ
കണ്ണിലെ കരടാണപ്പാ
നീയാരാണപ്പാ
ഞാനാണപ്പാ
കാൽമടമ്പിലെ
കാരമുള്ളാണപ്പാ.

ഞാനും നീയുമാരാണപ്പാ
നാറാണത്തപ്പന്റെ 
അമൃതക്കിടാങ്ങളാണപ്പാ!
നാറാത്ത മാറാത്ത
അമൃതക്കിടാങ്ങളാണപ്പാ!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക