Image

വോട്ടവകാശം: ജനാധിപത്യത്തിന്റെ ജീവവായു (ഷുക്കൂർ ഉഗ്രപുരം)

Published on 09 April, 2026
വോട്ടവകാശം: ജനാധിപത്യത്തിന്റെ ജീവവായു (ഷുക്കൂർ ഉഗ്രപുരം)

ഒരു ജനാധിപത്യ രാജ്യത്തിലെ പൗരന് ലഭിക്കുന്ന ഏറ്റവും വലിയ അവകാശവും സ്വാതന്ത്ര്യവുമാണ് വോട്ട് ചെയ്യാനുള്ള അധികാരം. തങ്ങളെ ആര് ഭരിക്കണം, തങ്ങളുടെ ഭാവി എങ്ങനെയുള്ളതായിരിക്കണം എന്ന് തീരുമാനിക്കാനുള്ള പരമാധികാരം ഓരോ സമ്മതിദായകന്റെയും കൈകളിലാണ്. ഈ സ്വാതന്ത്ര്യം ഒട്ടും നിസ്സാരമല്ല; ദീർഘകാലത്തെ പോരാട്ടങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും നേടിയെടുത്ത ഒന്നാണിത് ഇതെന്ന് ചരിത്രം പരതിയാൽ മനസ്സിലാക്കാൻ കഴിയും.

ജനാധിപത്യ സംവിധാനത്തിന്റെ കാതൽ ജനങ്ങളാണ്. നമ്മുടെ നിത്യജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുന്ന ഭരണാധികാരികളെ തിരഞ്ഞെടുക്കുമ്പോൾ അവിടെ നമ്മുടെ ശബ്ദം അടയാളപ്പെടുത്തേണ്ടതുണ്ട്. നമ്മൾ രേഖപ്പെടുത്തുന്ന ഓരോ വോട്ടും രാജ്യത്തിന്റെ നയരൂപീകരണത്തിലും വികസനത്തിലും വലിയ സ്വാധീനം ചെലുത്തുന്നു.

ഒരർത്ഥത്തിൽ ഭരണകൂടം മോശമാകുന്നത് വോട്ട് ചെയ്യാത്ത നല്ല മനുഷ്യർ കാരണമാണ്.

പലപ്പോഴും "എന്റെ ഒരു വോട്ട് കൊണ്ട് എന്ത് മാറ്റം വരാനാണ്?" എന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാൽ ചരിത്രം പരിശോധിച്ചാൽ ഒരു വോട്ടിന്റെ വ്യത്യാസത്തിൽ ഭാഗധേയം മാറിയ എത്രയോ ഉദാഹരണങ്ങൾ നമുക്ക് കാണാനാകും എന്നതാണ്. വോട്ടവകാശം വിനിയോഗിക്കുക എന്നത് കേവലം ഒരു കടമയല്ല, മറിച്ച് നമ്മുടെ നാടിനോടുള്ള ഉത്തരവാദിത്തം കൂടിയാണ്.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ കൗതുകകരമായ ഒരു കഥയുണ്ട്. ഒരു പ്രമുഖ മലയാളി എം.പി ആദ്യമായി ഇന്ത്യയിൽ വോട്ട് രേഖപ്പെടുത്തുന്നത് അദ്ദേഹം തന്നെ ജനവിധി തേടിയ തിരഞ്ഞെടുപ്പിലായിരുന്നു. വിദേശത്തും മറ്റും ഔദ്യോഗിക പദവികൾ വഹിച്ചിരുന്ന അദ്ദേഹം നാട്ടിൽ തിരിച്ചെത്തി മത്സരിക്കുകയും, ആ തിരഞ്ഞെടുപ്പിലൂടെ പാർലമെന്റിലെത്തുകയും പിന്നീട് കേന്ദ്ര കാബിനറ്റ് മന്ത്രിയാവുകയും ചെയ്തു. ഒരു പൗരന്റെ വോട്ടിന് ഭരണകൂടത്തിന്റെ തലപ്പത്തേക്ക് വരെ ഒരാളെ എത്തിക്കാൻ സാധിക്കുമെന്നതിന്റെ വലിയ ഉദാഹരണമാണിത്.

ജാതി, മത, വർഗ വ്യത്യാസങ്ങൾക്കതീതമായി എല്ലാവർക്കും തുല്യമായ അധികാരം ലഭിക്കുന്ന ഒരേയൊരു ഇടം പോളിംഗ് ബൂത്താണ്. അവിടെ ദരിദ്രനും പണക്കാരനും ഒരേ മൂല്യമുള്ള ഒരു വോട്ടാണുള്ളത്. ഈ അധികാരം വിനിയോഗിക്കാതിരിക്കുന്നത് ജനാധിപത്യത്തോട് ചെയ്യുന്ന അനീതിയാണ്. അതിനാൽ,  തിരഞ്ഞെടുപ്പുകളിൽ ആവേശത്തോടെ പങ്കുചേരുക. നമ്മുടെ ഓരോ വോട്ടും കരുത്തുറ്റ ഒരു നാടിനായുള്ള നിക്ഷേപമാകട്ടെ.നിങ്ങളുടെ വോട്ട്, നിങ്ങളുടെ ശബ്ദമാണെന്ന് മറക്കാതിരിക്കുക! 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക