Image

പറയട്ടെ ഞാനൊരു സത്യം (കവിത: ഷാജുമോൻ ജോസഫ് ന്യൂ ജേഴ്‌സി)

Published on 06 April, 2026
പറയട്ടെ ഞാനൊരു സത്യം (കവിത: ഷാജുമോൻ ജോസഫ് ന്യൂ ജേഴ്‌സി)

പറയട്ടെ ഞാനൊരു സത്യം - ആരും
പറയരുതെന്ന് പറഞ്ഞിട്ടും ഫലമില്ല
പറയരുതെന്ന് പറയുന്ന ജനമൊക്കെ
‘പക'യോടെയാണെന്നതു  സത്യം —
പറയട്ടെ ഞാനൊരു സത്യം - ആരും
പറയരുതെന്ന് പറഞ്ഞിട്ടും ഫലമില്ല.

വാഗ്ദാനം ഏറെ നിരത്താം  
നാവുകൊണ്ടെന്തും പറയാം
പറയുന്ന കാര്യങ്ങളെല്ലാം
കാര്യത്തിലാരു വരുത്തും  
ആർക്കും കഴിയില്ല സത്യം
ആ സത്യം ഞാനിവിടെ പറയും.

വോട്ടിനു നിൽക്കുന്ന പാർട്ടി
വാഗ്ദാനമേറെ നിരത്തും  
ഞങ്ങൾ  ജയിച്ചാലീ നാട്ടിൽ
പാലും പഴവുമൊഴുക്കും
തൊഴിലാളി- മുതലാളി ഭേദം
മണ്ണിൽ നിന്നങ്ങു തുടയ്ക്കും.
സോഷ്യലിസത്തിന്റെ ബീജം
മണ്ണിൽ വിതക്കുമേ സത്യം
രാജ്യം ഭരിക്കുന്ന മന്ത്രീം
ആപ്പീസ് ശിപ്പായിയുമൊപ്പം
ഭരണവും വിദ്യയുമെല്ലാം
അതുപോലെയാകുമേ സത്യം
തൊഴിലില്ലാതലയുന്നോർക്കെല്ലാം
തൊഴിലുകൾ വാങ്ങിക്കൊടുക്കും
കോടതി ആപ്പീസിലെല്ലാം
ഫയലുകൾ മലയാളമാക്കും
കുരുടന് കാഴ്ച കൊടുക്കും
ബധിരനു കേൾവി ലഭിക്കും
കുതിരക്കു കൊമ്പു മുളക്കും
പക്ഷികൾ പാല് ചുരത്തും
പറയട്ടെ ഞാനൊരു സത്യം - ആരും
പറയരുതെന്ന് പറഞ്ഞിട്ടും ഫലമില്ല.

വോട്ടൊന്നു കിട്ടി ജയിച്ചാൽ
അധികാരമൊന്നു പിടിച്ചാൽ
കൊടിവച്ച കാറിൽ നടന്നാൽ
പറയുന്നതെല്ലാം മറക്കും
തൊഴിലില്ലാതലയുന്നോർക്കെല്ലാം
ജയിലിലഭയം കൊടുക്കും
തൊഴിലാളി- മുതലാളി ബന്ധം
എന്നും വഷളാകും കഷ്ടം!
സോഷ്യലിസത്തിന്റെ ബീജം
മണ്ണിൽനിന്നെങ്ങോ മറയും.
രാജ്യത്തു ക്ഷാമമുദിക്കും
മന്ത്രിമാർ തിന്നു കൊഴുക്കും
ആപ്പീസ് ശിപ്പായിയെ കണ്ടാൽ
മന്ത്രിയറിയില്ല കഷ്ടം!
മർക്കടമുഷ്ടിയാൽ രാജ്യം
‘ഭരണത്തിനായി' ഭരിക്കും
പബ്ലിക് സ്‌കൂളിലെ വിദ്യ
സമ്പന്നർക്കായി ലഭിക്കും
പറയട്ടെ ഞാനേറെ സത്യം - ആരും
പറയരുതെന്ന് പറഞ്ഞിട്ടും ഫലമില്ല.

വോട്ടിനു നിന്നെങ്ങാൻ തോറ്റാൽ
കോർപ്പറേഷൻ ചെയര്മാന്മാരാകും
ശുക്രനുദിക്കുന്ന കാലം
നക്ഷത്ര ഹോട്ടലിലഭയം
എവിടേക്കു നിങ്ങൾ തിരിഞ്ഞോ
അവിടെല്ലാം അഴിമതി മാത്രം
ആപ്പീസ് ശിപ്പായി മുതല്
സർവ്വരും ‘ആന വിഴുങ്ങി'
അമ്പത് രൂപേടെ കാര്യം
നേടുവാനഞ്ഞൂറു വേറെ
അല്പം കുറഞ്ഞെങ്ങാൻ പോയാൽ
ആണ്ടു മുഴുവൻ നടത്തും
അങ്ങനെയെത്രയോ കഥകൾ
പറയാം ഞാൻ പിന്നീടൊരിക്കൽ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക