Image

ഹീറോ പേനയുടെ ഓളം ഒരു ബാല്യസ്മരണ (ബാല്യകാല സ്മരണ: രാജീവൻ കാഞ്ഞങ്ങാട്)

Published on 27 March, 2026
ഹീറോ പേനയുടെ ഓളം ഒരു ബാല്യസ്മരണ (ബാല്യകാല സ്മരണ: രാജീവൻ കാഞ്ഞങ്ങാട്)

നമ്മുടെ ബാല്യകാലം ഓർത്തെടുക്കുമ്പോൾ, ചെറിയ ചെറിയ കാര്യങ്ങൾ പോലും എത്ര വലിയ സന്തോഷങ്ങളായിരുന്നുവെന്ന് മനസ്സിലാകും. പുസ്തകങ്ങൾ, പുതിയ സ്കൂൾ ബാഗ്, പുതിയ യൂണിഫോം… അതിനൊപ്പം തന്നെ ഒരു പേന ,അതും പ്രത്യേകിച്ച് Hero Pen , അതിന് ഒരു വേറിട്ട സ്ഥാനമുണ്ടായിരുന്നു.

അന്ന് കാലത്ത് ഹീറോ പേന സ്വന്തമാക്കുക എന്നത് ഒരു സാധാരണ കാര്യമല്ലായിരുന്നു. പലർക്കും അത് വിദേശത്ത് നിന്ന് വരുന്ന ഒരു ‘സ്പെഷ്യൽ ഐറ്റം’ ആയിരുന്നു. ബഹ്‌റൈൻ, ദുബായ് പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ബന്ധുക്കൾ കൊണ്ടുവരുന്ന സമ്മാനങ്ങളിൽ ഏറ്റവും വിലമതിക്കപ്പെട്ടത് പലപ്പോഴും ഈ ഹീറോ പേന തന്നെയായിരുന്നു.

എന്റെ ജീവിതത്തിലും അതുപോലൊരു നിമിഷം ഉണ്ടായിരുന്നു. ബഹ്‌റൈനിൽ നിന്ന് വന്ന എന്റെ അങ്കിൾ എനിക്ക് ഒരു ഹീറോ പേന സമ്മാനമായി നൽകി. സിൽവർ ക്യാപ് ഉള്ള, ഭംഗിയാർന്ന ഒരു പേന. അത് ഒറിജിനൽ ആണെന്ന് അദ്ദേഹം പറഞ്ഞെങ്കിലും, എന്റെ കുഞ്ഞു മനസ്സിന് അതിൽ പൂർണ്ണ തൃപ്തിയുണ്ടായിരുന്നില്ല. കാരണം, എന്റെ മനസ്സിൽ പേന എന്നത് സ്വർണ്ണ നിറത്തിലുള്ള അടപ്പുള്ളതായിരുന്നു. ഗോൾഡ് ക്യാപ് ഉള്ള പേനയായിരുന്നു എന്റെ സ്വപ്നം.

അതിനാലാണ് ഞാൻ വാശിപിടിച്ചത് , “ഇത് വേണ്ട, എനിക്ക് ഗോൾഡ് കളർ വേണം!”
ഇന്ന് ആ വാശി ഓർത്താൽ ചിരിയുണ്ടാകും… പക്ഷേ അന്നത്തെ എന്റെ ലോകത്തിൽ അത് വലിയ കാര്യമായിരുന്നു.

സ്കൂളിൽ ഹീറോ പേന കൊണ്ടുവരുന്ന കുട്ടികൾക്ക് ഒരു പ്രത്യേക സ്റ്റൈൽ ഉണ്ടായിരുന്നു. അവരുടെ കൈയിൽ ആ പേന കണ്ടാൽ തന്നെ മറ്റുള്ളവർക്ക് ചെറിയ അസൂയ തോന്നിയിരുന്നില്ലേ! ഇടയ്ക്കിടെ പേന തുറന്ന് മഷി നിറയ്ക്കുന്നത്, നിബ് തുടച്ച് വൃത്തിയാക്കുന്നത് , എല്ലാം ഒരു ചെറിയ ചടങ്ങ് പോലെ ആയിരുന്നു.

മഷി പേന കൊണ്ട് എഴുതുമ്പോൾ കിട്ടുന്ന ആ അനുഭവം വളരെ വ്യത്യസ്തമായിരുന്നു. ഓരോ അക്ഷരവും പേപ്പറിൽ പതിയുമ്പോൾ, അത് ഒരു ശാന്തതയും ആഴവും നൽകുന്നുണ്ടായിരുന്നു. കൈയിൽ പിടിക്കുമ്പോൾ കിട്ടുന്ന ഭാരം, എഴുതുമ്പോൾ, കിട്ടുന്ന സ്മൂത്ത്നസ് ,ഇതെല്ലാം ചേർന്ന് ഒരു പ്രത്യേക അനുഭവം.

ഇന്ന് കാലം മാറി. ജെൽ പേനകളും ബോൾപോയിന്റുകളും എല്ലാം നമ്മുടെ ജീവിതം എളുപ്പമാക്കി. പക്ഷേ, ആ പഴയ കാലത്തിന്റെ സൗന്ദര്യം, ആ ചെറിയ സന്തോഷങ്ങൾ , അവയ്ക്ക് പകരം വയ്ക്കാൻ ഇന്നും ഒന്നും വന്നിട്ടില്ല.

ഇന്ന് ഒരിക്കൽ ഹീറോ പേന കണ്ടാൽ പോലും, മനസ്സ് ഒന്നു പിന്നിലേക്ക് പോകും…
ആ ക്ലാസ് മുറികളിലേക്ക്, ആ ബെഞ്ചുകളിലേക്ക്, ആ നിർമലമായ ദിവസങ്ങളിലേക്ക്…

ഹീറോ പേന ,ഒരു സാധാരണ പേന മാത്രമല്ല…
ഒരു കാലത്തിന്റെ ഓർമ്മ, ഒരു ബാല്യത്തിന്റെ സുവർണ്ണമുദ്ര.

ഓർക്കുന്നുണ്ടോ നിങ്ങളും ഈ ഹീറോ പേനയെ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക