
“ഇന്ന് നിങ്ങൾ പാഴാക്കുന്ന ഓരോ തുള്ളി വെള്ളത്തിനും നാളെ നിങ്ങൾ വില കൊടുക്കേണ്ടി വരും.”
അവളുടെ തലയിൽ അന്നും രാഫേലച്ചന്റെ വാക്കുകൾ മുഴങ്ങി. കുഞ്ഞുന്നാളിൽ അനാഥാലയത്തിൽ വെള്ളം വെറുതെ പോകുന്നത് കണ്ടാൽ അപ്പൊ വല്യച്ചൻ ഇങ്ങനെ പറയും. പൈപ്പ് തുറന്നിട്ട് പല്ല് തേച്ചതിനാണ് മരിയക്ക് അന്ന് താക്കീത് കിട്ടിയത്.
‘അന്നൊക്കെ പള്ളീലെ കുളത്തില് എന്തോരം വെള്ളമായിരുന്നു.
അച്ചനെന്താ ഇങ്ങനെ പറയുന്നത് ചിന്തിച്ചിട്ടുണ്ട്.’
പക്ഷെ ഇന്നിപ്പോ മറുനാട്ടിൽ ഒരു ബക്കറ്റ് വെള്ളത്തിനു എത്ര കാശ് ഒടുക്കേണ്ടി വരുമെന്നാലോചിച്ചു പിശുക്കിയാണവൾ ഉപയോഗിക്കുന്നത്. എന്നുമുള്ള അലക്കും കുളിയുമൊക്കെ ഇന്നാട്ടിലെ ഷെയ്ഖ്ന് മാത്രം പറഞ്ഞിട്ടുള്ളതാ.
പൈപ്പിലെ വെള്ളം തുമ്മിയും ചീറ്റിയും വരുന്ന ശബ്ദം കേട്ടാണ് അവൾ ചിന്തയിൽ നിന്നുണർന്നത്. ചിന്നു പൈപ്പ് വെള്ളത്തിൽ കൈ കഴുകാൻ തുടങ്ങിയിട്ട് കുറച്ചു നേരമായല്ലോ?
“എടീ,അവള്ടെ വെള്ളത്തിക്കളി ഞാനിന്ന് നിർത്തും. പൈപ്പ് ഓഫെയ്യടീ.”
നിമിഷനേരം കൊണ്ട് അമ്മ നാഗവല്ലിയായ് രൂപാന്തരപ്പെടുന്നതവൾ കണ്ടു. ചിന്നു അമ്മയെ സർവ്വ സ്നേഹവും കൊണ്ട് തിരിച്ചു വിളിച്ചു “ഗംഗേ.. അല്ല അമ്മേ..”