Image

കാവ്യാദിനാമൃതം (കവിത: ദേവൻ തറപ്പിൽ)

Published on 22 March, 2026
കാവ്യാദിനാമൃതം (കവിത: ദേവൻ തറപ്പിൽ)

1
ശാരദ ചന്ദ്രിക ചൊരിയും ഒരാഴത്തിൽ
ആതിരയായി വിരിയും കവിത,
ഏഴാം കടലിന്നുമപ്പുറം കേൾക്കുമൊ-
രേകാന്ത സംഗീതമാണെൻ കവിത...
2
പാലാഴി മഥനത്തിൽ പാലു കറന്നോരാ -
പാന പാത്രത്തിലെ അമൃതല്ലേ നീ,
താളിൽ ഒതുങ്ങാത്ത തങ്ക ലിപികളിൽ
താനേ തെളിയുന്ന മന്ത്രമല്ലേ?
3
സൂര്യകാന്തി പൂവിൽ പ്രണയ വശ്യത്തിലായ്
സൂര്യൻ ജ്വലിക്കുന്ന് മൗനം
നീഹാര ബിന്ദുവിൽ നീർപ്പൊട്ടായ് മാറിയ
നെഞ്ചോടു ചേർക്കുന്നു - ന്മത്തവും...
4
മന്ദാരപ്പൂവിൻ മകരന്ദ വാഹിനിയായ്
മന്ദം ചരിക്കുന്നതാരെൻ സഖീ?
വാക്കിന്റെ വാതായനം തുറന്നീടുമ്പോൾ
വാസന്തമായിന്നു ലാവണ്യവും...
5
ആകാശപ്പൊയ്കയിൽ വെൺമേഘ ഹംസമായ്
ആത്മാവിലൊഴുകുന്നൊരോർമ്മ നീയും 
നീഹാര ബിന്ദുവിൽ നീല നിലാവിന്റെ
നെഞ്ചോടു ചേർക്കുന്ന നൊമ്പരം നീ...
6
കാലമാം കാട്ടിലെ കരിയില ക്കൂട്ടത്തിൽ
കനലായ് ഒളിച്ചിരുന്നെൻ പ്രണയവും,
കാറ്റായ് വന്നെന്റെ കാവ്യ ശകലങ്ങളിൽ
കാട്ടു തീയായ് പടരുന്നല്ലോ.?
7
ശിലയായ് മാറിയ അഹല്യയെ പ്പോലെ ഞാൻ
ശ്രുതിമീട്ടി നിൽക്കുന്ന തംബുരു നീ 
നിൻ പദസ്പർശം ഏൽക്കും നിമിഷത്തിൽ
നിർവ്വാണമരുളുന്ന കാവ്യമല്ലോ...
8
അനന്തമീ അക്ഷര കാവ്യ പ്രപഞ്ചത്തിൽ
അർദ്ധനാരീശ്വര സങ്കല്പമോ 
ഞാനെന്ന വരിയിലും അർത്ഥമായ് മാറി നീ
കാവ്യ ദിനത്തിൽ കവിതയല്ലോ...

Join WhatsApp News
Sudhir Panikkaveetil 2026-03-23 02:15:26
ബിംബങ്ങളുടെ വേലിയേറ്റത്തിൽ ചാഞ്ചാടുന്ന ചന്ദ്രബിംബമാക്കുന്നു വായനക്കാരന്റെ മനസ്സ്. പാദസൗകുമാര്യം മാറ്റുകൂട്ടുന്ന വരികളിൽ ഒരു പ്രണയം ഒളിച്ചിരിക്കുന്നു. കവിയെന്ന വരികളിൽ അർത്ഥമായി പ്രണയിനി ഒരു നാരീ സങ്കല്പ്പം പോലെ. അനുമോദനങ്ങൾ ദേവൻ സാർ. ഏഴാം കടലിനുമപ്പുറം കേൾക്കും തീർച്ചയായും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക