
ഉള്ള വെളിച്ചത്തെ കാണാതെ
മറ്റൊരു വെട്ടത്തെ തപ്പി നടന്നപ്പോൾ
ഞാൻ ഇരുട്ടിലായി
നീ അരികെ വന്ന്
എന്റെ കുപ്പായത്തൊങ്ങലിൽ
ഒരു തീക്കൊള്ളിയിട്ടു
നിഷ്പ്രയാസം ഞാൻ
ആളിക്കത്തും വെളിച്ചമായി
കുപ്പായവും ദേഹവുമൊക്കെ
ചാമ്പലായിട്ടും
ഞാൻ അണഞ്ഞതേയില്ല
2
ഭൂതം ചരിത്രം
ഭാവി നിഗൂഢം
വർത്തമാനം അമൂല്യമായൊരു സമ്മാനം
ഹൃദയപൂർവ്വം സമ്മാനം കൈ പറ്റാം
അതിന്റെ ചരിത്രമൊ
നിഗൂഢതയൊ
അന്വേഷിച്ചലഞ്ഞിട്ടെന്തു കാര്യം
3
ബിംബത്തിനും
പ്രതിബിംബത്തിനുമിടയിലെ
ചില്ല് തകർത്ത പ്രതിയാര്
പ്രതിനിമിഷം ആ പ്രതി
വാദിയാകുന്നതാണ് മഹാത്ഭുതം
വാദിക്കും പ്രതിക്കുമുള്ളിൽ
നഗ്നമാണ് നീതി
4
ശൂന്യത സംസാരിക്കും
നീ നിശ്ശബ്ദമാകുമെങ്കിൽ
ശൂന്യത നിറയും
നീ കാലിയാകുമെങ്കിൽ
ശൂന്യത പറ പറക്കും
നീ ചിറക് നൽകയാണെങ്കിൽ
ശൂന്യത ചിരഞ്ജീവിയാകും
നീ മരിക്കുമെങ്കിൽ
5
ദൈവത്തിന്റെ പൂന്തോപ്പിൽ
വിരിഞ്ഞു നിൽക്കുന്നു
രണ്ട് ചെടികളിലായി
ഓരോ പൂവ് വീതം
ഒന്ന് ഏകാകിത
മറ്റേത് ഏകാന്തത
ഏകാകിത ദുർഗ്ഗന്ധം പരത്തും
ഏകാന്തത സുഗന്ധവും
മൂക്കില്ലാത്തവർക്കേ
ഈ രഹസ്യം അതിന്റെ
വാതിൽ തുറക്കൂ!
6
നീയാര് എന്ന ചോദ്യത്തിന്
മറുപടി ഞാൻ എന്നാണെങ്കിൽ
വാതിൽ തുറക്കുകയില്ല
നീയാര് എന്ന ചോദ്യത്തിന്
നീ തന്നെ എന്ന ഉത്തരമാണെങ്കിലും
വാതിൽ തുറക്കുകയില്ല
ചോദ്യവും ഉത്തരവുമില്ലാത്ത
നിശ്ശബ്ദതയിൽ
ഹൃദയജാലകങ്ങൾ തുറക്കപ്പെടും
അനന്തമായ വെളിച്ചത്തിന്റെ പൂങ്കാവനത്തിൽ
നിന്റെയും എന്റെയും കാലൊച്ചകൾ
പരസ്പരം സംവദിച്ചു തുടങ്ങും
മറ്റൊരു പ്രണയ കവിത!