Image

തൊടുപുഴ കെ ശങ്കറിന്റെ കുരങ്ങും പൂമാലയും എന്ന കവിത! (സാഹിത്യ നിരീക്ഷണം (6):ദേവന്‍ തറപ്പില്‍)

Published on 11 March, 2026
തൊടുപുഴ കെ ശങ്കറിന്റെ  കുരങ്ങും പൂമാലയും എന്ന കവിത! (സാഹിത്യ നിരീക്ഷണം (6):ദേവന്‍ തറപ്പില്‍)

മനുഷ്യസഹജമായ വിവേകശൂന്യതയെയും അറിവില്ലായ്മയെയും കുരങ്ങും പൂമാലയും എന്ന ലളിതമായ ബിംബത്തിലൂടെ അവതരിപ്പിക്കുന്ന കവിത..

ശങ്കരിന്റ കവിത ദാർശനിക തലത്തിൽ ഉള്ളതാണെന്ന് പറയാം. അറിവില്ലായ്മയുടെ അഹന്ത തകർക്കപ്പെടുന്ന 

സൗന്ദര്യത്തിന്റെ നന്മയും തിരിച്ചറിയാൻ കഴിയാത്ത ഒരു സമൂഹത്തെയാണ് കവി ഇവിടെ 'കുരങ്ങ്' എന്ന പ്രതീകത്തിലൂടെ വരച്ചുകാട്ടുന്നത്. പൂമാലയെന്നത് സ്നേഹത്തിന്റെയോ, ഭക്തിയുടെയോ, അറിവിന്റെയോ ഒക്കെ അടയാളമാകാം. എന്നാൽ ആത്മീയമോ ദാർശനികമോ ആയ കാഴ്ചപ്പാടില്ലാത്ത ഏതൊരു ഉന്നതമായ മൂല്യവും കേവലം 'ഉദരപൂരണത്തിനുള്ള' ഉപാധി മാത്രമാണ് കാണുക.

 മൂല്യച്യുതിയും ഭൗതികതയും: 

കുരങ്ങ് പൂമാലയെ നോക്കുന്നത് അതിന്റെ സൗന്ദര്യം ആസ്വദിക്കാനല്ല, മറിച്ച് തിന്നാൻ എന്തെങ്കിലും ഉണ്ടോ എന്ന് തിരയാനാണ്. ആത്മീയമായ ഔന്നത്യത്തെ ഭൗതികമായ ലാഭ നഷ്ടങ്ങളുടെ തുലാസിൽ തൂക്കിനോക്കുന്ന ആധുനിക മനുഷ്യന്റെ പ്രതിരൂപമായി കുരങ്ങ് മാറുന്നു.

   അറിവില്ലായ്മയുടെ പക: തനിക്ക് ഉപകാരപ്പെടാത്തത് മൂഢന്റെ ചിന്ത പിന്നീട് പകയായി മാറുന്നു. "ഉൾപ്പൊരുളറിയുവാനാവാത്ത മൂഢന്മാർക്ക് ഉള്ളത് നശിപ്പിപ്പാൻ മാത്രമേയറിയുള്ളൂ" എന്ന വരികൾ കവിതയുടെ അന്തസ്സത്തയാണ്. 

സൃഷ്ടിക്കാനറിയാത്തവർക്ക് തകർക്കാൻ എളുപ്പമാണെന്ന ദാർശനിക സത്യം ഇവിടെ തെളിയുന്നു.

   അറിവില്ലാത്തവർ സ്വയം സർവ്വജ്ഞരാണെന്ന് നടിക്കുന്നത് ലോകത്തെ വലിയൊരു ദുരന്തമാണ്. അറിവില്ലാത്തവനെ അറിവുള്ളവനാക്കാൻ ശ്രമിക്കുന്നത് വെറും പാഴ് വേലയാണെന്ന തിരിച്ചറിവിലൂടെ കവി വായനക്കാരെ ഒരു വലിയ യാഥാർത്ഥ്യം ഓർമ്മിപ്പിക്കുന്നു.

ദാർശനിക തലം

ഈ കവിത ഉപനിഷത് ചിന്തകളോടും ഭക്തികാവ്യങ്ങളോടും ചേർന്നുനിൽക്കുന്നു. 

"വനരനു കിട്ടുന്ന പൂമാല" എന്ന പഴഞ്ചൊല്ലിനെ കവി ഇവിടെ വിപുലമായ ഒരു തത്വചിന്തയാക്കി മാറ്റിയിരിക്കുന്നു. വേദവും സദ്ബുദ്ധിയും അർഹതയില്ലാത്തവർക്ക് നൽകുന്നത് നിഷ്ഫലമാണെന്ന ദർശനം, "അർഹതയുള്ളവർക്ക് മാത്രം ജ്ഞാനം പകരുക" എന്ന പുരാതനമായ ഗുരുകുല ചിന്തയെയും ഓർമ്മിപ്പിക്കുന്നു.

അതിമനോഹരമായ ഒരു പൂമാല നിമിഷനേരം കൊണ്ട് വെറും 'വാഴനാരായി' മാറുന്നത് കാണുമ്പോൾ, അത് കേവലം ഒരു വസ്തുവിന്റെ നാശമല്ല, മറിച്ച് സംസ്കാരമില്ലാത്തവരുടെ കയ്യിൽ അകപ്പെട്ടുപോകുന്ന മൂല്യങ്ങളുടെ ദയനീയാവസ്ഥയാണ്.

ഭാഷാശൈലി

ലളിതമായ പദപ്രയോഗങ്ങളാണെങ്കിലും വരികൾക്കിടയിലെ അർത്ഥം വളരെ ആഴമുള്ളതാണ്. അറിവിനെ ആരാധിക്കാനും സൗന്ദര്യത്തെ ആദരിക്കാനും കഴിയാത്തവർ എന്നും ആത്മീയമായി ദരിദ്രരായിരിക്കുമെന്നും ഈ കവിത നമ്മെ ബോധ്യപ്പെടുത്തുന്നു.

Join WhatsApp News
Sudhir Panikkaveetil 2026-03-11 01:16:31
അഭിനന്ദനങ്ങൾ ശ്രീ ശങ്കർ ജി. ദേവൻ സാറിന്റെ നിരീക്ഷണം കാര്യമാത്ര പ്രസക്തം. ഇതിലെ തമാശ കുരങ്ങനെ കണ്ടാൽ മനുഷ്യർക്ക് അവനെ ഒന്നുകൂടി കുരങ്ങു കളിപ്പിക്കാൻ തോന്നുമെന്നാണ്. കുരങ്ങനെ ഒന്ന് കുരങ്ങു കളിപ്പിക്കുക. മനുഷ്യർ മാത്രമല്ല ഒരു തേളും പാവം കുരങ്ങനെ കുത്തി. മർകടസ്യ സുരാപാനം മദ്ധ്യേ വൃശ്ചിക ദംശനം -അതും കുരങ്ങൻ കള്ളടിച്ച് കിറുങ്ങി ഇരിക്കുമ്പോൾ. പിന്നെ പറയണോ പുകിൽ. ഹാ.. ഹാ .ഡാർവിൻ പറഞ്ഞില്ലേ കുരങ്ങനും മനുഷ്യനും പൊതു പൂർവികൻ എന്ന്. അതുകൊണ്ട് ഇനി മുതൽ കുരങ്ങന്മാർക്ക് പഴമോ, കായയോ കുരുവോ അങ്ങനെ എന്തെങ്കിലും കൊടുക്കാം. മാലയൊക്കെ കൊടുത്താൽ ദശരഥ നന്ദനൻ അത് കടിച്ചു തുപ്പും.
Devantharapil 2026-03-11 14:16:32
ചിരിക്കാനുള്ള കമന്റാണല്ലോ സുധിറിന്റെത്. കൊള്ളാമല്ലോ കിട്ടോ വ്യസ്തമായി. എന്നാലും ചിരി മാത്രം അല്ല, അല്പം ചിന്തിക്കാനും.. സന്തോഷം
Girish Nair 2026-03-11 15:44:39
മനോഹരവും ചിന്തോദ്ദീപകവുമായ വരികൾ! ഗുണപാഠം നിറഞ്ഞ ഒരു കൊച്ചു കഥ പോലെ ലളിതമായി താങ്കൾ ഈ കവിത അവതരിപ്പിച്ചിരിക്കുന്നു. അർഹതയില്ലാത്തവരുടെ കൈകളിൽ വിലപ്പെട്ടത് എത്തിപ്പെട്ടാലുള്ള അവസ്ഥയെ കുരങ്ങന്റെ കൈയ്യിലെ പൂമാല എന്ന പഴഞ്ചൊല്ലിലൂടെ ശ്രീ ശങ്കർ ജി മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.
Thodupuzha K Shankar Mumbai 2026-03-12 06:30:12
പ്രിയ ദേവൻജീ, വളരെ നന്ദി! സരളമായ ഭാഷയിൽ വിശകലനം ചെയ്ത് തുറന്ന മനസ്സോടെ,എന്റെ കവിതയെപ്പറ്റി എഴുതിയ വിശദമായ ആസ്വാദനം അതിശയോക്തിയുടെ കളങ്കമേശാതെ വസ്തു നിഷ്ടമായി പറഞ്ഞാൽ "അതി മനോഹരം"എന്ന് പറഞ്ഞാലും പോരാ! വാചാമ ഗോചരം! എന്റെ പരിമിതമായ അറിവ് മൂലം അതിലും ഉന്നതമായ പദ പ്രയോഗത്തിന് ഞാൻ അശക്തനാണ്. എന്നോട് ക്ഷമിക്കുമല്ലോ! സൂക്ഷ്മ ചക്ഷുഉള്ളവർക്ക് മാത്രമേ കവിതയുടെ ഉള്ളിൽ അന്തർലീനമായിരിക്കുന്ന കാതലായ, നന്മ കണ്ടെത്തുവാൻ കഴിയുകയുള്ളൂ! അത്യുന്നതമായ ആസ്വാദനത്തിനു വീണ്ടും ഹൃദയം നിറഞ്ഞ നന്ദി! ആസ്വാദനാസ്വാദനം ഭംഗിയായി കൈകാര്യം ചെയ്ത ശ്രീ സുധീർജിയ്ക്കും ഗിരീഷ്‌ജിയ്ക്കും അഞ്ജലി കൂപ്പി നന്ദി രേഖപ്പെടുത്തുന്നു! സ്നേഹപൂർവ്വം, തൊടുപുഴ കെ ശങ്കർ മുംബൈ 11-3-2026
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക