
2025-ലെ ഗില്ലർ സമ്മാനം നേടിയ കനേഡിയൻ നോവലാണ് സുവാംഗം ടാമവോങ്സയുടെ പിക് എ കളർ (𝐏𝐢𝐜𝐤 𝐀 𝐂𝐨𝐥𝐨𝐮𝐫) . നെയിൽ സലോണിൽ വരുന്ന കസ്റ്റമറിന് ആദ്യമായി കൊടുക്കുന്ന കല്പനയാണത്. അതെ, കസ്റ്റമർ പണക്കാരും കുറച്ചൊക്കെ അഹംഭാവവും ആധിപത്യമനോഭാവവും ഉള്ളവരായിരിക്കും. പക്ഷേ തൻ്റെ സലോണിൽ താനാണ് പരമാധികാരി എന്ന് നോവലിലെ നായിക നിങ് വ്യക്തമാക്കുന്നുണ്ട്.
നിങ് നടത്തുന്ന “സൂസൻസ്” എന്ന് പേരുള്ള സലൂണിൽ സൂസൻ എന്ന് പേരുള്ള ആരുമില്ല. പക്ഷേ ജോലി സമയത്ത് അവരെല്ലാം ഒരേ യൂണിഫോം ധരിച്ചു. കറുത്ത മുടി ഒരേ നീളത്തിൽ മുറിച്ചു.സൂസൻ എന്ന നെയിം ടാഗ് കുത്തി , കസ്റ്റമറിന്റെ ജീവിതം എളുപ്പമാക്കുന്ന ചരക്കായി മാറുന്നു. കസ്റ്റമർ അന്വേഷിച്ചെത്തുന്ന സൂസൻ എപ്പോഴും അവരെ സഹായിക്കാൻ തയ്യാറായിട്ടുണ്ടാവും. അവർക്ക് പ്രിയപ്പെട്ട സൂസൻ ഒരിക്കലും അവധിയെടുക്കാറില്ല, ഒരിക്കലും over booked ആയിരിക്കില്ല.
വെള്ളക്കാർക്ക് ഏഷ്യൻ വംശജരെ തമ്മിൽ തിരിച്ചറിയാൻ കഴിയില്ല എന്നതിനു നേരെ ഒരു പരിഹാസം കൂടിയാണിത്. "Other-Race Effect" (Cross-Race Bias) രൂക്ഷമായിട്ടുണ്ടായിരുന്ന നാടാണ് ഉത്തരയമേരിക്ക. ചൈനക്കാരെ തമ്മിൽ തിരിച്ചറിയില്ല എന്ന ചൊല്ലു തന്നെ പ്രചാരത്തിൽ ഉണ്ടായിരുന്നു.
ഈ നോവലിൽ സുവാംഗം ടാമവോങ്സ സാമർത്ഥ്യത്തോടെയാണ് അതിനെ കീഴ്മേൽ മറിക്കുന്നത്. കൂർമ്മബുദ്ധിയോടെ നടത്തിയിരുന്ന സൂക്ഷ്മ വർണ വെറിയുടെ സാക്ഷിയെന്ന നിലയിൽ ഇതെന്നെ വളരെ സന്തോഷിപ്പിക്കുന്നുണ്ട്.
ഈ സൂസൻമാരെല്ലാം ഒരേ ഭാഷ സംസാരിക്കുന്നവരാണ്. കസ്റ്റമറിന് മനസ്സിലാവാത്ത ആ ഭാഷയിൽ അവർ ഗോസിപ്പ് ചെയ്യുന്നു, കസ്റ്റമറിനെ പരിഹസിക്കുന്നു, തമാശകൾ പറയുന്നു. പക്ഷെ അവർക്കാർക്കും നിങിന്റെ പൂർവകാലം അറിയില്ല.അവരൊരു പ്രൊഫഷണൽ ഗുസ്തിക്കാരിയായിരുന്നു.ബോക്സിങ് റിങ്ങിൽനിന്നും ഓർമ്മകൾ ഇടക്കിടെ വരുന്നുണ്ടെങ്കിലും അതിനെ അമർത്തിവെക്കാൻ നിങ് ശ്രമിക്കുന്നുണ്ട്. ഗുസ്തിയിൽ അവൾ മറ്റൊരു പെണ്ണിനെ വീറോടെ ഇടിച്ചിടിച്ചു കോമയിലാക്കിയിട്ടുണ്ട്.
നെയിൽ സലോണിൽ നിങ് ശാന്തയും കാരുണ്യമുള്ളവളും ശുദ്ധമനസ്കയുമായിട്ടാണ് കാണപ്പെടുന്നത്. പറ്റിക്കപ്പെടുകയാണെന്ന് സംശയിക്കാതെ തൻ്റെ ജോലിക്കാരിൽ ഒരാളെ കൈ അയച്ചു സഹായിക്കുന്നുണ്ട്. പങ്കാളി ഉപദ്രവിക്കുന്നുണ്ടെന്നും അതിൽനിന്ന് രക്ഷപെടാൻ ശമ്പളം മുൻകൂർ വേണമെന്നും ആവശ്യപ്പെട്ട നോക് , കുറച്ചു ദിവസമായി ജോലിക്ക് വന്നിട്ടില്ല. നിങിന്റെ അടുത്ത സുഹൃത്തും സലോൺ നടത്തിക്കൊണ്ടുപോകാൻ സഹായിയുമായ മായ് , അവൾ പറ്റിച്ചു പോയതാണെന്ന് പറയുമ്പോഴും നിങ്, നോക്നെ ഓർത്തു ആകുലപ്പെടുകയാണ്. അവളെ ഒന്നു പോയി അന്വേഷിക്കണം എന്ന് ഉള്ളിലൊരു ശബ്ദം നിങിനെ ശല്യപ്പെടുത്തുന്നുണ്ട്.
അച്ഛനാണ് തന്നെ ഗുസ്തിയിലേക്ക് തിരിച്ചു വിട്ടത് എന്നോർക്കുന്ന നിങ് Been mothering myself all my life എന്ന് തിരിച്ചറിയുന്നുണ്ട്. ശിഥിലമായ, ഒരു പക്ഷേ മർദനത്തിന്റെയോ പീഡനങ്ങളുടെയോ അനാഥത്വത്തിന്റെയോ, ഒരു കുട്ടിക്കാലമായിരുന്നിരിക്കും അവരുടേത്.
എന്നും ഇടപെടുന്ന കസ്റ്റമേഴ്സ്, ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട്, നിങിന് ഒൻപത് വിരലുകളേ ഉള്ളൂ. അതിനെപ്പറ്റി ആരും ചോദിച്ചിട്ടില്ല. ആരും അത്, അല്ലെങ്കിൽ അവളെ കാണാറില്ല എന്നതാണ് ശരി. തൊട്ടു മുമ്പിൽ ഇരിക്കുമ്പോഴും ഈ ജോലിക്കാർ അദൃശ്യരാണ്.
I am a family of one. You can be that, you know. A family of one. I could have had what everyone else has, but it didn’t turn out. I am about to turn forty-two. It’s a good age to be.
I don’t have to become anything anymore എന്ന് തുടക്കത്തിൽ പറയുന്ന നിങ്, നോവലിന്റെ അവസാനം നഷ്ടമായ വിരലിന്റെ വടുവിൽ റേച്ചൽ മൃദുവായി തൊടുമ്പോൾ ഉള്ളിൽ അതിതീവ്രമായ വെളിച്ചം നിറയുന്നത് തിരിച്ചറിയുന്നു.
ഒരു ദിവസം രാവിലെ തുടങ്ങി വൈകുന്നേരത്തോടെ അവസാനിക്കുന്ന നോവലിൽ നിങിന്റെ ജീവിതത്തിന്റെ ചില ചീളുകൾ മാത്രമെ വായനക്കാർക്ക് മുന്നിൽ തെളിയുന്നുള്ളു. ഇങ്ങനെ, എല്ലാം തുറന്നു വെക്കാതെ, വായനക്കാരെ സ്വതന്ത്രമായി വിടുന്ന നിങിന്റെ ജീവിതത്തിന്റെ പല പരിഛേദങ്ങളുണ്ട് ഈ ചെറിയ നോവലിൽ. ഈ നോവലിന്റെ സൗന്ദര്യവും അതാണ്.
വായനക്കാരുടെ മനസ്സിലേക്ക് വളരുന്ന കഥാപാത്രമാണ് നിങ്. എന്നാൽ കഥ പൂർണമല്ലെന്നും പലതും പൂരിപ്പിക്കാതെ വിട്ടുമെന്നാണ് ചില വായനക്കാർ നോവലിനെ വിമർശിച്ചിരിക്കുന്നത്. ഒരു കൃതി തന്നെ ഓരോ മനുഷ്യനുവേണ്ടിയും പ്രത്യേകമായി എഴുതപ്പെടുന്നതല്ലേ വായനയുടെ രസം.
സുവാംഗം ടാമവോങ്സയുടെ How to Pronounce Knife എന്ന ചെറുകഥാ സമാഹാരത്തിന് 2020-ലെ ഗില്ലർ പുരസ്കാരം കിട്ടിയതാണ്.
2019-ലാണ് Ocean Vuong - ന്റെ , On Earth We’re Briefly Gorgeous വായിക്കുന്നത്. വിയറ്റ്നാമിൽനിന്ന് രക്ഷപെട്ട കുടിയേറ്റക്കാരുടെ കൂടെ ജോലിചെയ്ത കാലത്തു കേട്ട അനുഭവങ്ങളും വെള്ളക്കാരോടു സംസാരിക്കുമ്പോൾ അവരുടെ ശബ്ദവും പ്രകൃതിയും ശരീരവും ചുരുങ്ങിക്കൂടുന്നതും ബാധ പോലെ മനസ്സിളക്കുന്ന ഓർമ്മകളാണ്. തികച്ചും വ്യത്യസ്തമായ ഈ രണ്ടു നോവലുകളും കുടിയേറ്റ ജീവിതത്തിലെ പ്രതിസന്ധികളായ സ്വത്വം, അതിജീവനം, അവമതി, വംശീയത, ക്ലാസ് തുടങ്ങിയ ചിലതെല്ലാം വിതിർത്തിടുന്നുണ്ട്.
#pickacolor
#canadiannovel
