Image

മോഹപ്പെരുമ ( കവിത : താഹാ ജമാൽ )

Published on 12 February, 2026
മോഹപ്പെരുമ ( കവിത : താഹാ ജമാൽ )

ഒരു വിതുമ്പലിപ്പോഴും

ഉള്ളിലുള്ളതുകൊണ്ടാണ്

ഉള്ളു നിറഞ്ഞ് ഞാൻ

പുറത്ത് ചാടുന്നത്.

ഒരു ഞരമ്പിലെങ്കിലും

ഞാനൊഴുകുന്നതിനാൽ

എൻ്റെ രക്തം

എന്നെത്തുടിപ്പിക്കുന്നു

ഒരിലപോലെ കാറ്റത്താടാൻ

മോഹിക്കുന്നതിലെന്ത് തെറ്റ്

പൊഴിയുന്നതിൻ മുമ്പ്

മഴ മോഹിക്കുന്നതിലെന്ത് തെറ്റ്

ഒരുചിരിപോലെ

ഒരുകുളിർ കാറ്റുപോലെ

പ്രകൃതിയെ 

മോഹിക്കുന്നതിലെന്ത് തെറ്റ്.

കാറ്റത്ത് കുലാങ്ങാത്ത 

മരം പോലെ

മൗനം

ഒറ്റ നില്പാണ്

പ്രതീക്ഷകൾ വെള്ളിടി വെട്ടേറ്റ്

കരിഞ്ഞതുപോലെ

ഓർമ്മകളും .

നാളെകൾക്കായ്

ഒരു മരം നടാമെന്ന്

പറഞ്ഞതും ബാക്കി.

പലതും ബാക്കിയാക്കി

വെച്ചിട്ടാണ് മനുഷ്യൻ

നക്ഷത്രമായ്

ആകാശത്തുയരുന്നത്

എന്നാലും ആഗ്രഹിക്കും

ഭൂമിയിൽ മോഹിച്ച് മോഹിച്ച്

മരിയ്ക്കാൻ

കൊതിയാണെന്ന്.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക