
പ്രണയവും സ്‌നേഹവും മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ലോകമെമ്പാടും ഫെബ്രുവരി 14-ാം തീയതി വാലൻ്റൈൻ ദിനമായി ആഘോഷിക്കപ്പെടുന്നു. എന്നാൽ ഈ ദിനത്തിന്റെ പിന്നിലെ ചരിത്രവും ഇന്നത്തെ ആഘോഷരീതികളും പലപ്പോഴും വിവാദങ്ങൾക്കും വ്യത്യസ്ത അഭിപ്രായങ്ങൾക്കും വഴിവെക്കാറുണ്ട്.
വാലൻ്റൈൻ ദിനത്തിന്റെ ഉത്ഭവം റോമൻ സാമ്രാജ്യകാലത്തേക്കാണ് എത്തിപ്പെടുന്നത്. ക്ലോഡിയസ് ചക്രവർത്തിയുടെ ഭരണകാലത്ത് ബിഷപ്പ് വാലൻ്റൈൻ രഹസ്യമായി വിവാഹങ്ങൾ നടത്തി എന്നാരോപിച്ച് ജയിലിലടക്കപ്പെട്ടു. ജയിലിൽ കഴിയുമ്പോൾ ജയിലറുടെ അന്ധയായ മകളുമായി വാലൻ്റൈൻ സ്നേഹബന്ധത്തിലായെന്നും, അവൾക്ക് കാഴ്ചശക്തി ലഭിച്ചതായും പറയപ്പെടുന്നു. ഈ സംഭവം അറിഞ്ഞ ചക്രവർത്തി വാലൻ്റൈനെ വധശിക്ഷയ്ക്ക് വിധിച്ചു. വധശിക്ഷയ്ക്ക് മുമ്പ് വാലൻ്റൈൻ ആ പെൺകുട്ടിക്ക് “From your Valentine” എന്നെഴുതിയ ഒരു കുറിപ്പ് നൽകിയെന്നാണ് വിശ്വാസം. ഈ ഇതിഹാസകഥയാണ് പിന്നീട് വാലൻ്റൈൻ ദിനത്തിന്റെ അടിസ്ഥാനം ആയത്. എന്നാൽ ഇത് ചരിത്രപരമായ സത്യത്തിലധികം ഒരു പ്രതീകാത്മക കഥയായാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്.
ആധുനികകാലത്ത് വാലൻ്റൈൻ ദിനം ഒരു ദിവസത്തെ ആഘോഷത്തിൽ നിന്ന് ഫെബ്രുവരി 7 മുതൽ 14 വരെ നീളുന്ന “വാലൻ്റൈൻ വീക്ക്” ആയി മാറിയിരിക്കുന്നു. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിവയിലൂടെ സ്നേഹം പ്രകടിപ്പിക്കുകയാണ് ഇന്നത്തെ രീതി. ഈ ആഘോഷങ്ങൾക്ക് ഒരു വശത്ത് ബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന സ്വഭാവമുണ്ടെങ്കിലും, മറ്റൊരു വശത്ത് അതിരുകടന്ന വാണിജ്യവത്കരണവും സാമൂഹിക സമ്മർദ്ദവും സൃഷ്ടിക്കുന്നതായും കാണാം.
ഇന്ത്യൻ പശ്ചാത്തലത്തിൽ പ്രണയത്തിന് വളരെ പഴക്കമുള്ള ചരിത്രമുണ്ട്. രാധാകൃഷ്ണ പ്രണയം ആത്മീയതയുടെ ഉന്നത മാതൃകയായി കണക്കാക്കപ്പെടുന്നു. ശിവ,പാർവ്വതി ബന്ധം ദാമ്പത്യ ഐക്യത്തിന്റെ പ്രതീകമാണ്.
കാമദേവനും രതീദേവിയുമെല്ലാം ആരാധിക്കപ്പെട്ടിരുന്ന സമൂഹമാണ് ഇന്ത്യ. ഖജുരാഹോ ക്ഷേത്രങ്ങളിലെ ശിൽപ്പങ്ങൾക്കും കാമസൂത്രം പോലുള്ള ഗ്രന്ഥങ്ങൾക്കും പ്രണയത്തെയും ലൈംഗികതയെയും തുറന്ന മനസ്സോടെ സ്വീകരിച്ച ഒരു സംസ്കാരത്തിന്റെ തെളിവാണ്. അതിനാൽ വാലൻ്റൈൻ ദിനം ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധമാണെന്ന വാദം പൂർണ്ണമായി അംഗീകരിക്കാനാകില്ല.
അവസാനമായി, വാലൻ്റൈൻ ദിനം നല്ലതോ മോശമോ എന്നതിനെക്കാൾ, അതിനെ നമ്മൾ എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം. സ്നേഹവും പരസ്പര ബഹുമാനവും സത്യസന്ധതയും നിലനിൽക്കുന്ന ബന്ധങ്ങൾക്കായി ഈ ദിനം ഉപയോഗിക്കുമ്പോൾ അത് അർത്ഥവത്താകുന്നു. ഒരു ദിവസത്തെ ആഘോഷത്തിൽ മാത്രം ഒതുങ്ങാതെ, വർഷം മുഴുവൻ സ്നേഹം പ്രകടിപ്പിക്കുന്ന മനോഭാവമാണ് യഥാർത്ഥ വാലൻ്റൈൻ സന്ദേശം.