
കാലം മാറുമ്പോൾ തലമുറകളും മാറുന്നു. ഓരോ തലമുറയും തങ്ങൾ വളർന്ന സാമൂഹിക-സാങ്കേതിക സാഹചര്യങ്ങളുടെ പ്രതിഫലനമാണ്.
ഇന്നത്തെ യുവതലമുറയെ പൊതുവെ “Gen Z” എന്ന് വിളിക്കുന്നു.
ഇവരെക്കുറിച്ച് സമൂഹത്തിൽ ശക്തമായ അഭിപ്രായങ്ങളും വിമർശനങ്ങളും നിലനിൽക്കുന്നു. “ഈ തലമുറക്ക് ക്ഷമയില്ല”, “ഉറച്ചുനിൽപ്പ് ഇല്ല”, “പെട്ടെന്ന് പണക്കാരനാകണമെന്ന മോഹം മാത്രം” എന്നൊക്കെയുള്ള ആരോപണങ്ങൾ സാധാരണമാണ്. എന്നാൽ ഈ വിമർശനങ്ങൾ എത്രമാത്രം യാഥാർത്ഥ്യമാണ് എന്നത് ആഴത്തിൽ പരിശോധിക്കേണ്ട വിഷയമാണ്.
Gen Z എന്ന് പറയുന്നത് 1997 മുതൽ 2012 വരെ ജനിച്ചവരെയാണ് സൂചിപ്പിക്കുന്നത്. ഇവർ വളർന്നത് ഇന്റർനെറ്റും സ്മാർട്ട്ഫോണുകളും സോഷ്യൽ മീഡിയയും ആധിപത്യം പുലർത്തുന്ന ലോകത്താണ്. മുൻ തലമുറകൾ അനുഭവിച്ച കാത്തിരിപ്പും പരിശ്രമവും ദീർഘകാല പ്രതീക്ഷയും ഇവർക്കു പരിചിതമല്ല. ഒരു ക്ലിക്കിൽ വിവരം, ഒരു നിമിഷത്തിൽ വിനോദം, ഉടനടി പ്രതികരണം , ഇതെല്ലാം ഇവരുടെ ചിന്താരീതിയെ തന്നെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ക്ഷമയും സ്ഥിരതയും കുറവാണെന്ന വിലയിരുത്തൽ പലപ്പോഴും ഉയരുന്നു.
എങ്കിലും “ബുദ്ധിയില്ല” എന്ന ആരോപണം ശരിയല്ല. Gen Z-ക്കാർക്ക് ബുദ്ധിയില്ലെന്നല്ല, മറിച്ച് ബുദ്ധി ഉപയോഗിക്കുന്ന രീതിയാണ് മാറിയത്. മുൻ തലമുറ ഓർമ്മശക്തിയിലും ദീർഘകാല ആസൂത്രണത്തിലുമാണ് ശക്തരായിരുന്നത് എങ്കിൽ, Gen Z വേഗത്തിൽ വിവരങ്ങൾ കണ്ടെത്താനും ടെക്‌നോളജി ഉപയോഗിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനും കഴിവുള്ളവരാണ്. മൾട്ടി-ടാസ്കിംഗ്, ഡിജിറ്റൽ സാക്ഷരത, ദൃശ്യബോധം തുടങ്ങിയ മേഖലകളിൽ ഇവർ മുൻപന്തിയിലാണ്.
ഈ തലമുറയെ കൂടുതൽ സ്വാധീനിച്ച ഘടകം സോഷ്യൽ മീഡിയയാണ്. അവിടെ കാണുന്ന കൃത്രിമ വിജയകഥകൾ പല യുവാക്കളിലും “വേഗത്തിൽ പണക്കാരനാകണം” എന്ന തെറ്റായ ധാരണ വളർത്തുന്നു.
പരിശ്രമവും പരാജയവും സഹനവും മറച്ചുവെച്ച് തിളങ്ങുന്ന ഫലങ്ങൾ മാത്രം പ്രദർശിപ്പിക്കുന്ന ഈ ലോകം, സ്ഥിരതയില്ലായ്മക്കും നിരാശയ്ക്കും കാരണമാകുന്നു.
ഒരിടത്ത് ഉറച്ചുനിൽക്കാതെ പല വഴികളിലൂടെ ചാടുന്ന പ്രവണത ഇതിൽ നിന്നാണ് വളരുന്നത്.
അതേസമയം, മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും ഈ തലമുറയുടെ ശത്രുക്കളല്ല. അവ ശരിയായി ഉപയോഗിച്ചാൽ അറിവിന്റെ വലിയ വാതിലുകളാണ്.
എന്നാൽ അതിരുകടന്ന ഉപയോഗം ശ്രദ്ധാകേന്ദ്രം കുറയാനും ആഴത്തിലുള്ള ചിന്തനശേഷി തളരാനും കാരണമാകുന്നു.
ഓർമ്മയും വിവേകവും നിയന്ത്രിക്കുന്ന ഹോർമോണുകളുടെ പ്രവർത്തനം പോലും ജീവിതശൈലിയാൽ ബാധിക്കപ്പെടുന്നു എന്നതാണ് ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
അതിനാൽ Gen Z-യെ കുറ്റപ്പെടുത്തുന്നതിന് പകരം അവരെ മനസ്സിലാക്കുകയാണ് സമൂഹത്തിന്റെ ഉത്തരവാദിത്വം. മാർഗ്ഗനിർദേശവും ശാസനയും സ്വാതന്ത്ര്യവും ചേർന്നൊരു സമീപനമാണ് ഇവർക്കു വേണ്ടത്. ക്ഷമയും സ്ഥിരതയും പഠിപ്പിക്കുമ്പോൾ തന്നെ അവരുടെ സൃഷ്ടിപരമായ കഴിവുകൾക്ക് പ്രോത്സാഹനം നൽകണം. ശരിയായ ദിശ ലഭിച്ചാൽ, ഈ തലമുറ ലോകത്തെ തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ളവരാണ്.
ചുരുക്കത്തിൽ Gen Z മോശം തലമുറയല്ല; അവർ വെറും വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്ന തലമുറയാണ്. തലമുറകളെ തമ്മിൽ താരതമ്യം ചെയ്ത് വിധിക്കാതെ, പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോകുക തന്നെയാണ് ആരോഗ്യമുള്ള സമൂഹത്തിന്റെ അടയാളം.