
ഇന്ന് ബെനെവെന്തോയിൽ കൂടി ഒരു യാത്ര പോകേണ്ടി വന്നു. ഇതൊരു മലമ്പ്രദേശമാണ്. കുറ്റിക്കാടുകൾ ധാരാളമുണ്ട്. ഇറ്റലിയിൽ കുറ്റിക്കാടുകളുള്ള മലകൾ ധാരാളമുണ്ട്. യാത്രയിലുടനീളം ഇത്തരം മലകൾ കാണാറുമുണ്ട്. അപ്പോഴെല്ലാം എനിക്കുണ്ടാകാറുള്ള സംശയമാണ്, ഇവിടെ എന്ത് തരം മൃഗങ്ങളാണ് കൂടുതലുള്ളത്. അതോ മൃഗങ്ങളൊന്നും ഇല്ലേ?
കൂടെയുള്ള ഇറ്റലിക്കാരോട് ചോദിക്കാറുണ്ടെങ്കിലും എൻ്റെ ഭാഷയുടെ മികവു മൂലം ചോദ്യം അവർക്ക് മനസിലാകാറില്ല.
ഇന്ന് എൽഗയോടൊപ്പം റെസിഡൻസ് ശരിയാക്കാൻ കുമ്മൂണയിലേക്ക് (പഞ്ചായത്തിലേക്ക്) പോയതായിരുന്നു. അങ്ങോട്ട് പോകുമ്പോൾ രാവിലെ 9. കോട കാരണം തൊട്ടു മുൻപിലുള്ള കാഴ്ച പോലും മങ്ങിയിരുന്നു.
തിരിച്ചുവരുമ്പോഴാണ് റോഡ് സൈഡിലെ കുറ്റിക്കാടുകൾ കണ്ണിൽ പെട്ടത്.
" ഈ കാട്ടിൽ മൃഗങ്ങൾ ഉണ്ടോ...?"
ഞാൻ എൽഗയോട് ചോദിച്ചു. ഭാഗ്യം. അവൾക്ക് കാര്യം മനസിലായി.
" Si. Ci sono le volpi....... tanto" താന്തോ എന്നാൽ കുറേ എന്നാണ്. ഏതോ ഒരു മൃഗം കുറേ ഉണ്ടെന്നാണവൾ പറഞ്ഞത്. പക്ഷേ വോൾപി എന്നാൽ എന്തെന്നാലോചിക്കെ അവൾ പറഞ്ഞു.
" Fox....... Fox....... "
ഓ... കുറുക്കൻമാർ. ഈ കാടും ഞാൻ താമസിക്കുന്ന സ്ഥലവും തമ്മിൽ വലിയ ദൂരമില്ല. എന്നിട്ടും ഈ കുറുക്ക സംഗീതം ഞാനിതേവരെ കേട്ടില്ലല്ലോ എന്ന് ഞാനൽഭുതപ്പെട്ടു.
കുറുക്കൻ കൂടാതെ കൂടുതലുള്ള ജീവി കാട്ടുപന്നിയാണത്രേ. അമ്മയും അഛനും കുട്ടികളുമായി കുടുംബ സമേതം അവർ വഴിയിലിറങ്ങാറുമുണ്ടെന്ന്.
എന്തായാലും ആ സംശയം മാറി. ഇറ്റലിയിൽ ആനയില്ല. സിംഹോം കടുവേം ഉണ്ടോന്ന് പിന്നെ ചോദിക്കാം.
ഈയടുത്ത് ആസ്വദിച്ച് വായിച്ച ( കേട്ട) ഒരു നോവലുണ്ട്. ഇന്ദുഗോപൻ്റേതാണോ?
അതെ . ആനോ . ആ കഥയിൽ ആനോയെ പോപ്പിനെ കാണിക്കാൻ കൊണ്ടുവന്നത് വെറുതെയല്ല. ഇവിടെയുള്ളോരിൽ ഭൂരിഭാഗവും ആനയെ കണ്ടുകാണില്ല.
തുടരും ...