
പ്രതിബിംബത്തിൽ
ചില്ലിനെ കാണാതെ പോകരുത്
ബിംബത്തെയും
ചിരിയിൽ
ചുണ്ടിനെ കാണാതെ പോകരുത്
മുഖത്തെയും
പ്രണയത്തിൽ
രണത്തെ കാണാതെ പോകരുത്
മരണത്തെയും
പൂങ്കുലയാട്ടത്തിൽ
കാറ്റിനെ കാണാതെ പോകരുത്
മനസ്സിനെയും
കൽക്കരിയിൽ
വൈഡൂര്യത്തെ കാണാതെ പോകരുത്
ഖനിയെയും
തിരയിൽ
നുരയെ കാണാതെ പോകരുത്
സാഗരത്തെയും
തീപ്പൊരിയിൽ
തീയെ കാണാതെ പോകരുത്
സൂര്യനെയും
മരത്തിൽ
തായ്‌വേരിനെ കാണാതെ പോകരുത്
ബുദ്ധനെയും
സ്വപ്നത്തിൽ
മയക്കത്തെ കാണാതെ പോകരുത്
ഉണർവിനെയും
ഒഴിവിൽ
നിറവിനെ കാണാതെ പോകരുത്
ജീവനെയും
നിന്നിൽ
എന്നെ കാണാതെ പോകരുത്
സ്രഷ്ടാവിനെയും.