
"എന്താ പിള്ളേച്ചാ, ഈ തദ്ദേശ തെരെഞ്ഞെടുപ്പിൽ യു ഡി എഫ് തൂത്തു വാരിക്കളഞ്ഞല്ലോ. ഇനി നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കുമെന്നത് ഉറപ്പല്ലേ? എന്താ, എൽ ഡി എഫ് ഇങ്ങനെ തോൽക്കാൻ കാരണം?"
"ആരു തോറ്റെന്നാ ഇയാൾ ഈ പറയുന്നത്? എൽ ഡി എഫ് ഇവിടെ തോറ്റിട്ടില്ല എന്നതാണ് സത്യം. കാരണം ഒരു വലിയ വിജയം വരുന്നതിനു മുൻപ് വെറും 5 ശതമാനത്തിന്റെ വ്യത്യാസത്തിൽ ഒരു ചെറിയ തോൽവി എന്നത് വലിയ കാര്യമായി എടുക്കേണ്ട."
"എന്താ പിള്ളേച്ചൻ പറയുന്നത്? ഏതാണ് ഈ വലിയ വിജയം വരുന്നെന്നു പറഞ്ഞത്?"
"എടോ, എൽ ഡി എഫ് ന് ഇനി വരുന്നത് മൂന്നാമൂഴമാണ്. കേരള ചരിത്രത്തിൽ ആദ്യമായി."
"എന്തു വിഢിത്തമാ പിള്ളേച്ചൻ ഈ പറയുന്നത്. ഇനി നിയമസഭാ തെരെഞ്ഞെടുപ്പിനു വെറും 5 മാസം മാത്രമേ ബാക്കിയുള്ളൂ. ഈ ജനങ്ങൾ തന്നെയല്ലേ ഇനിയും വോട്ടു ചെയ്യുന്നത്?"
"അതൊന്നും കാര്യമാക്കേണ്ട. എൽ ഡി എഫിനെ നയിക്കുന്നവർക്കറിയാം എങ്ങനെ തെരഞ്ഞെടുപ്പ് ജയിക്കണമെന്ന്."
"അതെങ്ങനെ?"
എടോ, കേരളത്തിൽ എൽ ഡി എഫിന്, പ്രത്യേകിച്ച് പിണറായിക്ക്, ഏറ്റവും ഭീഷണിയായിരുന്ന കോൺഗ്രസിലെ രാഹുൽ മാങ്കൂട്ടത്തിലിനെ എങ്ങനെയാണ് ഒതുക്കിയതെന്നു കണ്ടില്ലേ? കോൺഗ്രസ്സുകാരെക്കൊണ്ടു തന്നെ അവനെ പുറത്താക്കി പിണ്ഡം വയ്പ്പിച്ചു. രാഷ്ട്രീയ ചാണക്യനായിരുന്ന ഉമ്മൻ ചാണ്ടി തുടർഭരണം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞപ്പോളല്ലേ എട്ടിന്റെ പണികൊടുത്തു കാലപുരിയ്ക്കയച്ചത്."
"അത്, കോൺഗ്രസ്സുകാർ കൂടി പാര വച്ചതു കൊണ്ടല്ലേ?"
"അതെ. ആ കോൺഗ്രസ്സുകാർ തന്നെയാണല്ലോ ഇപ്പോഴുമുള്ളത്. അതുകൊണ്ട് പിണറായിക്ക് ഒരു ഭയവും വേണ്ട."
"ഇപ്പോൾ സതീശൻ വളരെ ശക്തനായി. ഇനി എൽ ഡി എഫിന്റെ വേലത്തരങ്ങളൊന്നും നടക്കില്ല."
"എന്ത് നടക്കില്ലെന്നാ ഇയാൾ പറയുന്നത്? ഇപ്പോൾ കോൺഗ്രസ്സിൽ ഒരു ശക്തമായ യുവ നിരയുണ്ട്. അത് വളർത്തിക്കൊണ്ടു വരാൻ മുൻപിൽ നിന്നയാളാണ് മാങ്കൂട്ടത്തിൽ. എവിടെയോ ഒരു പെണ്ണ് രാഹുലിന്റെ പേരിൽ ആരോപണമുന്നയിച്ചു എന്നു കേട്ടപ്പോൾ തന്നെ രാഹുലിനെ ഔദ്യോഗിക പദവിയിൽ നിന്നു പുറത്താക്കി. ആ പെണ്ണ് സതീശന്റെ അടുത്ത സുഹൃത്തു കൂടി ആയിരുന്നു എന്നു കൂടി കൂട്ടി വായിക്കണം. ഏതായാലും രാഹുലിന്റെ കഥ കഴിച്ചു. ഇനി ചില പെണ്ണു കേസുകൾ കൂടി കൊണ്ട് വരണം. ഏതെങ്കിലും ഒരു പെണ്ണിന് കുറച്ചു കാശു കൊടുത്തിറക്കിയാലും മതിയല്ലോ. അല്ലെങ്കിൽ തന്നെ ചാവേറിന്റെ വേഷം കെട്ടാൻ എത്രയോ പെണ്ണുങ്ങൾ പാർട്ടിയിൽ തന്നെയുണ്ടാവും! അടുത്ത ലൈംഗിക പീഢനക്കേസ് ഷാഫിയുടെ തലയിൽ വയ്ക്കണം. പുറകെ തന്നെ ഒരെണ്ണം പി.സി. വിഷ്ണുനാഥിന്റെ പേരിലാകട്ടെ. ആരോപണം ഉന്നയിച്ചാൽ മതിയല്ലോ. ബാക്കി നമ്മുടെ ചാനലുകൾ ഏറ്റെടുത്തു കൊള്ളുമല്ലോ. അപ്പോൾ തന്നെ അവരെ പാർട്ടിയുടെ ചുമതലയിൽ നിന്നും മാറ്റിയേ മതിയാവൂ. പുറകേ എൽദോസ് കുന്നപ്പള്ളിയുടെയും വിൻസെന്റിന്റെയും പഴയ ഫയലുകൾ പൊടി തട്ടിയെടുക്കണം. പിന്നെ പഴയ തുറുപ്പു ചീട്ട് ഇപ്പോഴും ഫ്രീ ആണ്. പഴയ ആരോഗ്യം ഇല്ലെന്നു കേൾക്കുന്നെങ്കിലും പാർട്ടിക്കു വേണ്ടി ഒരിക്കൽ കൂടി അങ്കത്തിനിറങ്ങാൻ ബാല്യമുണ്ടാകും. അത് സതീശന്റെ പേരിൽ തന്നെയാകണം. പാർട്ടി നടപടി എടുക്കുമ്പോൾ എല്ലാവർക്കും ഒരുപോലെയാകണമല്ലോ. അപ്പോൾ പിന്നെ കോൺഗ്രസ്സിനെ നയിക്കാൻ ആരുമില്ലാതെ അണികൾ നാലു വഴിക്കും ചിതറും. അതിന്റെ ഗുണം എൽ ഡി എഫിനും ബിജെപി യ്ക്കും തന്നെ. അങ്ങനെ കോൺഗ്രസ് മുക്ത കേരളം എന്ന ആഗ്രഹം ബിജെപി യ്ക്കും തുടർഭരണം എന്ന ആഗ്രഹം എൽ ഡി എഫിനും സാധ്യമാകും."
"പിന്നെ നല്ലൊരു പങ്ക് ചെറുപ്പക്കാരും എൽ ഡി എഫിലേക്കു ചേക്കേറും. അവിടെയാകുമ്പോൾ പീഡിപ്പിച്ചാലും പേടിക്കേണ്ടല്ലോ."
"വളരെ ശരിയാണ്. തീർന്നില്ല, ചില രാഷ്ട്രീയ നീക്കങ്ങൾ കൂടി നടത്തണം. ജോസ് കെ. മാണി എൽ ഡി എഫിന് എന്നും ബാധ്യത മാത്രമാണ്. അദ്ദേഹത്തെ എങ്ങനെയെങ്കിലും കുത്തിച്ചാടിച്ചു യു ഡി എഫിൽ എത്തിക്കണം. അപ്പോൾ ജോസഫ് ഗ്രൂപ്പ് അവിടെ ഇടയും. അവർ തമ്മിലടിച്ചു പാര വച്ച് കേരള കോൺഗ്രസും തീർന്നു കൊള്ളും."
"ഇതൊക്കെയാണെങ്കിലും ശബരിമലയിലെ കൊള്ള ജനങ്ങൾ പൊറുക്കുമോ പിള്ളേച്ചാ?"
"അതിനും വഴിയുണ്ടെടോ. പിണറായി പുതുവത്സര സമ്മാനമായി ഒരു കാര്യം ചെയ്യണം. ശബരിമല കൊള്ളയുടെ അന്വേഷണം സി ബി ഐ യെ ഏൽപ്പിക്കുന്നതായി പ്രഖ്യാപിക്കണം."
"അത് ആത്മഹത്യാപരമാവില്ലേ? പാർട്ടിക്കാർ പലരും കുടുങ്ങില്ലേ?"
"എവിടെ? ആത്യന്തികമായ ലക്‌ഷ്യം ‘കോൺഗ്രസ് മുക്ത കേരളമാണ്’ എന്നറിയുമ്പോൾ സി ബി ഐ കേസ് ലാവ്ലിൻ പോലെ ആവിയാകും. പാർട്ടിക്കാർ ഈ കുരുക്കിൽ നിന്നും രക്ഷപ്പെടുകയും ചെയ്യും."
"പിന്നെ, ഇപ്പോൾ തന്നെ കോൺഗ്രസ് തറവാട്ടിൽ മുഖ്യമന്ത്രിക്കസേരയെ ചൊല്ലി അടി തുടങ്ങിക്കാണുമല്ലോ."
"എപ്പോൾ തുടങ്ങിയെന്നു ചോദിച്ചാൽ പോരേ? അടി മൂത്തു കഴിയുമ്പോൾ തെരഞ്ഞെടുപ്പിൽ അന്യോന്യം പാര വച്ച് പൊട്ടിക്കാൻ നോക്കും. അങ്ങനെ വിഴുപ്പലക്കി തന്നെ അവർ തീർന്നുകൊള്ളും."
"അപ്പോൾ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തന്നെ വീണ്ടും ഭരണം പിണറായിക്കു താലത്തിൽ വച്ചു നൽകും എന്നാണോ?"
"അങ്ങനെയേ വിശ്വസിക്കാൻ തരമുള്ളേടോ. അതാണ് കോൺഗ്രസ് പാരമ്പര്യം."
"എങ്കിൽ പിന്നെ കാണാം പിള്ളേച്ചാ."
"അങ്ങനെയാവട്ടെ."
_____________________