
എരിയുന്ന കനലില്‍ കാല്‍ച്ചിലമ്പുമായി ചവിട്ടിയുറയുന്ന തീച്ചാമുണ്ഡി തെയ്യത്തിന്റെ ആരവം. വിശ്വാസങ്ങളുടെ, ആചാരാനുഷ്ഠാനങ്ങളുടെ വെട്ടിത്തിളയ്ക്കുന്ന തീയ്ക്കു മേലെ ആടിത്തിമര്‍ക്കുന്ന തെയ്യത്തിന്റെ ചടുലത. 'കാന്താര' എന്ന ദൃശ്യവിസ്മയത്തിന്റെ ആദ്യപതിപ്പിനെ കടത്തിവെട്ടുന്ന മികവും ഗരിമയുമായി തിയേറ്ററുകള്‍ കീഴടക്കുകയാണ് ഋഷഭ് ഷെട്ടി ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗം കാന്താര-ചാപ്റ്റര്‍ രണ്ട്.
അതിമനോഹരമായ ബ്‌ളോക്ക്ബസ്റ്റര്‍ വിജയം നേടിയ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗമൊരുക്കുമ്പോള്‍ അതിന് ആദ്യ പതിപ്പിനേക്കാള്‍ ഗാംഭീര്യമുണ്ടാകണം. പ്രേക്ഷകനെ പിടിച്ചിരുത്തുന്നതാകണം അതിലെ ഓരോ രംഗവും. കാരണം പ്രേക്ഷകന്‍ ഓരോ സീനും കഥയിലെ ഗതിവിഗതികളുമെല്ലാം താരതമ്യം ചെയ്യുന്നത് ആദ്യഭാഗത്തോടാണ്. അതു കൊണ്ടു തന്നെ അണിയറപ്രവര്‍ത്തകര്‍ അവസാനതുളളി ചോര വരെ നല്‍കിയാകും രണ്ടാം ഭാഗം എടുക്കുക. ഇവിടെ ഈ ഉദ്യമത്തില്‍ ഋഷഭ് ഷെട്ടി നൂറിന് നൂറ്റമ്പത് ശതമാനവും വിജയിച്ചു എന്നു നിസ്സംശയം പറയാം. തിയേറ്ററില്‍ നിന്നും ഉയരുന്ന കൈയ്യടികള്‍ അതിന് തെളിവാണ്.
കാന്താരയെന്ന തുളുനാടന്‍ ഗ്രാമത്തിന്റെ ഭംഗയില്‍ ഇതള്‍ വിതരിയുന്ന സംഭവങ്ങളാണ് കാന്താര-ചാപ്റ്റര്‍ ഒന്ന് കാട്ടിത്തന്നത്. കാടിനു നടുവില്‍ അന്തരീക്ഷത്തില്‍ ഒരു പുകമഞ്ഞു പോലെ അപ്രത്യക്ഷമാകുന്ന പിതാമഹന്‍. അതായിരുന്നു ആദ്യപതിപ്പിന്റെ അവസാന രംഗം. എന്നാല്‍ രണ്ടാം ചാപ്റ്ററില്‍ അതിനു പിന്നിലെ ഐതിഹ്യത്തെ കുറിച്ചാണ് കഥ. അതാകട്ടെ, കനലിന്റെ പൊള്ളലും തിളക്കവും ഇരുമ്പിന്റെ കാഠിന്യവുമുള്ള ഒരു പ്രമേയം.
ആദ്യ ചാപ്റ്ററിലെ പോലെ ഇവിടെയും കാടിനു നടുവിലുളള ഒരു ഗ്രാമത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. 'ഈശ്വരന്റെ പൂന്തോട്ടം' അതാണ് ഗ്രാമത്തിന്റെ പേര്. ഗ്രാമത്തിനു കാവലിരിക്കുന്നത് കുറേ ഗോത്ര മനുഷ്യരാണ്. അവരുടെ ഉള്ളില്‍ അവര്‍ക്ക് അവരുടേതായ വിശ്വാസ പ്രമാണങ്ങളും ആചാരങ്ങളുമുണ്ട്. അവരുടെ ഗ്രാമത്തെ കാത്തു സംരക്ഷിക്കുന്ന ദൈവങ്ങളായാണ് അവര്‍ ആ വിശ്വാസങ്ങളെ കാണുന്നത്. ആ വിശ്വാസങ്ങളില്‍ അധിഷ്ഠിതമാണ് അവരുടെ ജീവിതം. അവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ് ഇക്കുറി ഋഷഭ് ഷെട്ടി പറയുന്നത്.
അമാനുഷ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ നന്‍മയും തിന്‍മയും തമ്മിലുളള പോരാട്ടമാണ് കാന്താരയില്‍ അരങ്ങേറുന്നത്. കാടിന്റെ സമ്പത്ത് കൈയ്യടക്കാന്‍ അധികാരത്തിന്റെ പ്രതീകമായ ബംഗരയെന്ന നാട്ടുരാജ്യത്തെ രാജാവ് മുന്നിട്ടിറങ്ങുന്നു. കാന്താര ഗ്രാമത്തിലെ പരമ്പരാഗത വിശ്വാസങ്ങളെ തകര്‍ത്തെറിഞ്ഞ് അതിനു മേല്‍ അന്ധവിശ്വാസങ്ങളുടെ ആണിയടിക്കാന്‍ മറ്റൊരു ഗോത്ര ജനതയും ഉയര്‍ന്നു വരുന്നു. ഒരേ ലക്ഷ്യത്തിനായി വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ കടന്നു വരുന്ന ഇവര്‍ രണ്ടു കൂട്ടരും കൈകോര്‍ക്കുന്നു. ഓരോ തലമുറയിലും അധികാരത്തിലെത്തുന്ന രാജാവ് തന്റെ അധികാരമുപയോഗിച്ച് കാന്താരയെന്ന ഗ്രാമത്തെയും അതിലൂടെ ആ ഗ്രാമത്തിന്റെ ദൈവങ്ങളെയും തന്റെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. അവര്‍ ആ പാവപ്പെട്ട ജനതയെ കീഴടക്കി അറബികള്‍ക്ക് അടിമകളായി വില്‍ക്കുകയാണ്. തന്റെ ഇടങ്ങളും വിശ്വാസങ്ങളും മണ്ണും അപഹരിച്ചവര്‍ക്കെതിരേ, അടിമയായി ജീവിക്കേണ്ടി വരുന്നവന്റെ, അധികാരത്തിന്റെ ഇരുമ്പു ദണ്ഡുകളുടെ ദണ്ഡനമേല്‍ക്കേണ്ടി വരുന്നവന്റെ ഉള്ളില്‍ അടിച്ചമര്‍ത്തപ്പെട്ടു കിടന്ന ആത്മരോഷം ഒരു നാള്‍ തീച്ചാമുണ്ഡി തെയ്യം പോലെ കനലില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. തങ്ങളുടെ രക്ഷകനായി തങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വന്ന പകയും കോപവും അദമ്യമായ സ്വാതന്ത്ര്യദാഹവും ചേര്‍ന്നുരുക്കിയ കനലുകള്‍ കൊണ്ട് നിര്‍മ്മിതമായ ആ മനുഷ്യനൊപ്പം ഗോത്ര ജനത ഒന്നാകെ അണിനിരക്കുകയാണ്.
ആദ്യന്തം കനല്‍ക്കാറ്റുപോലെ അഭ്രപാളിയെ തീ പിടിപ്പിക്കുന്ന ഋഷഭ് ഷെട്ടിയുടെ ഗംഭീര #്പരകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരേ സമയം നായകനായും സംവിധായകനായും അദ്ദേഹം മാസ്മരിക പ്രകടനം തന്നെ പുറത്തെടുക്കുന്നു. കഥയുടെ പിരിമുറുക്കവും സംഗീതവും ദൃശ്യവിസ്മയങ്ങളുമായി#പ്രേക്ഷകനെ ഒരു നൊടിയിട പോലും സ്‌ക്രീനില്‍ നിന്നു മാറാന്‍ അനുവദിക്കുന്നില്ല. നായകന് എതിരായി ലക്ഷണമൊത്ത വില്ലനായി എത്തുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട ജയറാമാണ്.
തീയും കനലുമായി എരിയുന്ന രാത്രിദൃശ്യങ്ങള്‍ ഉള്‍പ്പെടെ അതിഗംഭീരമായ കാഴ്ചാനുഭവമാണ് ഛായാഗ്രാഹകന്‍ അരവിന്ദ് കാശ്യപ് ഒരുക്കിയിട്ടുള്ളത്. ഒപ്പം ഗോത്രതാളത്തിന്റെ വന്യമായ ഭംഗി അപ്പാടെ ആവാഹിച്ചു കൊണ്ട് അജനീഷ് ലോകനാഥ് ഒരുക്കിയ സംഗീതം പ്രേക്ഷകന്റെ സിരകളെ ത്രസിപ്പിക്കാന്‍ പോന്നതാണ് എന്നു നിസ്സംശയം പറയാം. ഇതുവരെ കണ്ടിട്ടില്ലാത്ത വിധം പശ്ചാത്തല കാഴ്കള്‍ ഒരുക്കിയ ബംഗ്‌ളാന്റെ പ്രൊഡക്ഷന്‍ ഡിസൈനും ലോക നിലവാരത്തിലുള്ള ഗ്രാഫിക്‌സും ചിത്രത്തെ മറ്റൊരു തലത്തിലേക്കുയര്‍ത്തുന്നു. ഈ ചിത്രം ഇനിയും കാണാത്ത പ്രേക്ഷകരോട് ഒരഭ്യര്‍ത്ഥന മാത്രമം. ഒടിടിയില്‍ വരുന്നതും കാത്തിരിക്കരുത്. തിയേറ്ററില്‍ തന്നെ കാണുക. ആ ദൃശ്യാനുഭവങ്ങളുടെ പൂര്‍ണ്ണത മറ്റെങ്ങും കിട്ടില്ല.