
പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിൻ്റെ ദുരൂഹ മരണത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും (ഇ.ഡി.) ആദായ നികുതി വകുപ്പും (ഐ.ടി.) പങ്കുചേരും. കേസിൽ സഹഗായകനായ ജ്യോതി ഗോസ്വാമി നൽകിയ നിർണായക മൊഴിയാണ് വഴിത്തിരിവായത്. സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത തുടരുന്നതിനിടെയാണ് ഞെട്ടിക്കുന്ന മൊഴി പുറത്തുവന്നത്. സുബീൻ്റെ മാനേജർ സിദ്ധാർത്ഥ ശർമയും സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്തയും ചേർന്ന് വിഷം കൊടുത്തു കൊന്നതാകാം എന്നാണ് ജ്യോതി ഗോസ്വാമി മൊഴി നൽകിയിരിക്കുന്നത്.
സിംഗപ്പൂരിലെ ഹോട്ടലിൽവെച്ച് സിദ്ധാർത്ഥ ശർമയുടെ പെരുമാറ്റത്തിൽ തനിക്ക് സംശയം തോന്നിയെന്ന് ജ്യോതി ഗോസ്വാമി പറയുന്നു. അപകടത്തിന് തൊട്ടുമുൻപ് ആഘോഷം നടന്ന നൗകയുടെ നിയന്ത്രണം പ്രതികൾ ബലമായി പിടിച്ചെടുത്തു. നൗകയിൽ മദ്യം താൻ വിളമ്പിക്കൊള്ളാം എന്ന് സിദ്ധാർത്ഥ ശർമ ശാഠ്യം പിടിച്ചെന്നും മൊഴിയിലുണ്ട്. സുബീൻ വെള്ളത്തിൽ മുങ്ങിത്താഴുന്ന ഘട്ടത്തിൽ, ഗായകന് നീന്തൽ അറിയാമെന്ന് പറഞ്ഞ് ഇരുവരും സഹായം നൽകാൻ തയ്യാറായില്ല എന്നും സഹഗായകൻ മൊഴി നൽകി.
എന്നാൽ, ചോദ്യം ചെയ്യലിൽ സിദ്ധാർത്ഥ ശർമയും സംഘാടകൻ ശ്യാംകാനു മഹന്തയും ജ്യോതി ഗോസ്വാമിയുടെ മൊഴി പൂർണമായും തള്ളി. അന്വേഷണ ഏജൻസികൾ നിലവിൽ പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്തയുടെ പണമിടപാടുകളെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരൂഹത നീക്കാൻ ജുഡീഷ്യൽ അന്വേഷണം നിർണായകമാകും.
English summary:
Death of Bollywood singer Zubeen Garg; government announces a judicial inquiry.