Image

തമിഴ് നടൻ സത്യരാജ്; ജന്മദിനം : ആർ. ഗോപാലകൃഷ്ണൻ

Published on 03 October, 2025
തമിഴ് നടൻ സത്യരാജ്; ജന്മദിനം : ആർ. ഗോപാലകൃഷ്ണൻ

സത്യരാജ് എന്ന തമിഴ് നടൻ്റെ വേഷങ്ങൾ പലതും, പൊതുവെ എനിക്ക് ഇഷ്ടമാണ്: സ്വാഭാവിക അഭിനയമൊന്നും തമിഴ് മുഖ്യധാരാ സിനിമയിൽ പ്രതീക്ഷിക്കുന്നില്ല: അല്പം അമിതമെങ്കിലും സത്യരാജിന്റെ നല്ല കഥാപാത്ര അവതരണങ്ങൾ മനസ്സിൽ തങ്ങി നില്ക്കുന്നവയാണ്.    
    
വൈരുദ്ധ്യമാര്‍ന്ന സഹനടൻ വേഷങ്ങളിൽ അഭിനയ ജീവതം ആരംഭിച്ച അദ്ദേഹം പിന്നീട് കുറെയേറെ സിനിമകളിൽ പ്രധാന വേഷങ്ങളിളിലും സത്യരാജ് അഭിനയിച്ചു.

ഇന്ന് അദ്ദേഹത്തിൻ്റെ 71-ാം ജന്മദിനം: ആശംസകൾ (കഴിഞ്ഞ വർഷം സപ്തതി ആയിരുന്നു.)
 

സുബ്ബയ്യൻ - നതാംബൽ ദമ്പതികളുടെ മകനായി 1954 ഒക്ടോബർ 3-നാണ് സത്യരാജ് ജനിച്ചത്. അദ്ദേഹത്തിന്റെ മുഴുവൻ പേര്: രംഗരാജ് സുബ്ബയ്യ.

ചെറുപ്പം മുതൽ എം.ജി.ആറിന്റെ കടുത്ത ആരാധകനായിരുന്നു, സത്യരാജ്.

സത്യരാജ് വിദ്യാഭ്യാസം തുടങ്ങിയതും 'പൂർത്തീകരിച്ചതും' കോയമ്പത്തൂരിലാണ്; ബോട്ടണിയിൽ ബിരുദത്തിനായി കോയമ്പത്തൂർ ഗവൺമെന്റ് ആർട്സ് കോളേജിൽ ചേർന്നു; അതു പൂർത്തി യാക്കിയതായി തോന്നുന്നില്ല.

സിനിമാഭ്രമം മൂത്ത് നടക്കുന്നതിനിടയിൽ 'അന്നകിളി' (1976) എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് സാക്ഷിയാകാനിടവന്നു. ആ സിനിമ ചിത്രീകരണ വേളയിൽ നടൻ ശിവകുമാറിനെ കാണുകയും തന്റെ അഭിനയത്തോടുള്ള അഭിനിവേശം പറയുകയും ചെയ്തു. ഇതിനു ശേഷം, അമ്മയുടെ താലപര്യത്തിനു വിരുദ്ധമായി,  അഭിനയത്തോടുള്ള കടുത്ത താൽപ്പര്യം മൂലം, സിനിമാ മോഹവുമായി ചെന്നൈയിലേക്ക് (കോടമ്പാക്കത്ത്) പോവുകയും ചെയ്തു.

ആദ്യ ചിത്രം 'കൊടൂംഗൾ ഇല്ലാതാ കോലങ്ങൾ' (1978) എന്ന ചിത്രമാണ്; ആ വർഷം തന്നെ ഇറങ്ങിയ 'ശട്ടം എൻ കൈയിൽ' എന്ന സിനിമയിൽ ആണ് ആദ്യമായി ക്യാമറക്കു മുഖം കൊടുത്ത് എന്ന് പറയുന്നുണ്ട്; ഇതിൽ പ്രധാന വില്ലന്റെ സഹായി ആയിയാണ് വേഷം. പിന്നീട് അഭിനയത്തോടൊപ്പം ചില സിനിമകളിൽ പ്രൊഡക്ഷൻ മാനേജരായി ഈ രംഗത്തു തന്നെ പിടിച്ചു നിന്നു. അതേസമയം തന്നെ,1978 - 85 കാലയളവിൽ 75 സിനിമകളിൽ അദ്ദേഹം അഭിനയിച്ചു എന്നാണ് കണക്കുകൾ. അവയിൽ ഭൂരിഭാഗം വേഷങ്ങളും, സിനിമയിലെ പ്രധാന വില്ലനായ എം എൻ നമ്പ്യാരുടെ സഹായിയായ വില്ലൻ വേഷം തന്നെയായിരുന്നു; അക്കാലത്ത് കമലഹാസൻ, രജനി ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലും സത്യരാജ് അഭിനയിച്ചിട്ടുണ്ട്. ....

 


ഒരു നായകനായി ആദ്യം അഭിനയിച്ച ചിത്രം 'സവി' (1985) എന്ന ചിത്രമാണ്.

അദ്ദഹം വിജയകരമായി മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകളിൽ 'വേദം പുതുത്' (1987), 'നടിഗൻ' (1990), ബ്രഹ്മ (1991),  തിരുമതി പഴനിച്ചാമി (1992), വാൾട്ടർ വെറ്റ്റിവേൽ (1993), 'അമൈതി പാടയ്' (1994), 'പെരിയാർ' (2007)  'ഒബത് റൂപായ് നോട്ട്' (2007) തുടങ്ങിയവ ഉൾപ്പെടുന്നു. 'നബൻ' (2012), 'രാജാ റാണി' (2013), 'ബാഹുബലി' (2015), 'ബാഹുബലി-2' (2017), 'കാന' (2018) എന്നീ ചിത്രങ്ങളിൽ സഹനടനായി ശ്രദ്ധേയമായ നിലയിൽ അഭിനയിച്ചു എന്നതും സത്യയുടെ നേട്ടമാണ്.
 

80-കളിലെ മലയാള ഹിറ്റ് ചിത്രങ്ങൾ തമിഴിൽ റിമേക്ക് ചെയ്തപ്പോൾ അതിൽ ഭൂരിഭാഗം ചിത്രങ്ങളിൽ നായക വേഷം ചെയ്തത് സത്യരാജ് ആയിരുന്നു. ഉദാഹരണമായി മലയാളത്തിലെ 'ആവനാഴി' (1986) തമിഴിൽ 'കടമായി കണ്ണിയം കാട്ടുപാട്' ആയപ്പോൾ സത്യരാജ് ലീഡ് റോൾ ചെയ്തു.

1986 മുതൽ 1999 വരെ തമിഴിലെ മുൻനിര നായകനായി അദ്ദേഹം നിറഞ്ഞു നിന്നു. 2000 ത്തിനു ശേഷം സത്യരാജ് കോമഡി റോളുകളിലേയ്ക്കും പിന്നീട് കാരക്ടർ- സഹനടൻ- റോളുകളിലേയ്ക്കും  മാറി.

ബ്രഹ്മ (1991),  തിരുമതി പഴനിച്ചാമി (1992), വാൾട്ടർ വെറ്റ്റിവേൽ (1993) എന്നീ ചിത്രങ്ങളിലെ സത്യരാജിന്റെ അഭിനയം അവിസ്മരണീയങ്ങളാണ്....

തെലുങ്ക് സിനിമയായ 'ബാഹുബലി' എന്ന സിനിമയിൽ സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന കഥാപാത്രം വളരെയധികം പ്രേക്ഷക പ്രീതിനേടി.

ടീവി-യിൽ വിജയ് സൂപ്പർ ഹിറ്റായ 'നംബൻ' /'നമ്പൻ'§ സിനിമ പല തവണ കണ്ടിട്ടുണ്ട്: ഇതിൽ വിജയ് അവതരിപ്പിച്ച നായകനെക്കാൾ മനസ്സിൽ തങ്ങിനില്ക്കുന്നത് സത്യരാജിന്റെ നെഗറ്റീവ് റോൾ അവതരണമാണ്. സത്യരാജിന്റെ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ കഥാപാത്രമാണ് ....

(§ - രാജ്കുമാർ ഹിരണിയുടെ 'ത്രീ ഇഡിയറ്റ്സ്'' (2009) എന്ന ലോക പ്രസിദ്ധ സിനിമയുടെ അത്ര മെച്ചമല്ലാത്തൊരു തമഴ് പതിപ്പ് ആണല്ലോ ഈ 'നംബൻ'. ചേതൻ ഭഗതിന്റെ 'ഫവ് പോയിന്റ് സംവൺ' എന്ന നോവലിന്റെ രൂപമാതൃക സ്വീകരിച്ച കഥാവസ്തുവുമാണ് ഇവയ്ക്ക് എല്ലാം.) 
 

അദ്ദേഹം ആകെ 200-ൽ പരം ചിത്രങ്ങളിൽ (തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലെ സിനിമകൾ ഉൾപ്പെടെ) അഭിനയിച്ചു എന്നാണ് കണക്ക്. 
 

മലയാളത്തിൽ അവതരിപ്പിച്ച ചില വില്ലൻ വേഷങ്ങളും പ്രക്ഷകശ്രദ്ധയിൽ തങ്ങി... സത്യരാജ് 1985-ലാണ് ആദ്യമായി മലയാളത്തിലഭിനയിയ്ക്കുന്നത്. 'രണ്ടും രണ്ടും അഞ്ച്' എന്ന സിനിമയിലായിരുന്നു മലയാളത്തിൽ അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് 2010-ൽ 'ആഗതൻ' എന്ന ചിത്രത്തിൽ അഭിനയിച്ചു. ('ആഗതൻ' എന്ന സിനിമയിലെ റിട്ട. ജനറൽ ഹരീന്ദ്രവർമ്മയുടെ വേഷമായാണ് മലയാളത്തിൽ സത്യരാജിൻ്റെ കഥാപാത്രങ്ങളിൽ മുഖ്യം.) 2018-ൽ 'കാളിയൻ' (മഹേഷ്), 2023-ൽ 'ഒറ്റ' (റസൂൽ പൂക്കുട്ടി) എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു. 
 

തമിഴ് സിനിമയിൽ പ്രത്യക്ഷപ്പെട്ട മറ്റു പലരേയും പോലെ സത്യരാജും വെറും നടൻ മാത്രമല്ല - സിനിമ നിർമ്മാതാവ്, സംവിധായകൻ, രാഷ്ട്രീയക്കാരൻ, മാധ്യമ വ്യക്തിത്വം എല്ലാം കൂടിയാണ് .

സത്യരാജ് 1979-ൽ മഹേശ്വരിയെ വിവാഹം കഴിച്ചു; രണ്ടു മക്കൾ: ദിവ്യ (മകൾ); സിബിരാജ് (മകൻ - നടനും)

രണ്ടു വർഷം മുമ്പ് (2023) ആദ്യം കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടങ്കിലും സത്യരാജ് രോഗത്തെ അതിജീവിച്ചു.

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക