
വൻ ഹിറ്റായി മാറിയ ചിത്രമാണ് ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഇപ്പോഴിതാ ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ‘അവൻ വരും, ചാത്തന്മാർ അവനെ കൊണ്ടുവരും’ എന്ന ആകാംക്ഷയുണർത്തുന്ന വാചകത്തോടടെയാണ് പ്രഖ്യാപനം എത്തിയത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യൺ ടിക്കറ്റുകൾ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോ വഴി വിറ്റ ചിത്രം എന്ന റെക്കോർഡ് ‘ലോക’ സ്വന്തമാക്കിയിരുന്നു. കേരളത്തിലും, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ലഭിച്ച അഭൂതപൂർവമായ സ്വീകരണമാണ് ചിത്രത്തെ ഈ നേട്ടം സ്വന്തമാക്കാൻ സഹായിച്ചത്.
പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറിയിരുന്നു. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ രണ്ടാമത്തെ മലയാള ചിത്രമാണ് ഇപ്പോൾ “ലോക”. ചിത്രം വിദേശ മാർക്കറ്റിലും മഹാവിജയമാണ് സ്വന്തമാക്കിയത്. ഓണം റിലീസായിട്ടാണ് ചിത്രം എത്തിയത്. കേരളത്തിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുങ്ങിയിരിക്കുന്നത്.
അതേസമയം ഡൊമിനിക് അരുൺ രചിച്ചു സംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിൽ എത്തിയത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ കല്യാണി, നസ്ലൻ എന്നിവർക്കൊപ്പം ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും എത്തിയിരുന്നു.