Image

ഓർമ്മകൾ ബാക്കി…(കവിത: നൈന മണ്ണഞ്ചേരി)

Published on 26 January, 2025
  ഓർമ്മകൾ ബാക്കി…(കവിത: നൈന മണ്ണഞ്ചേരി)

 ഹൃദയം പകുത്ത്  നിനക്ക് ഞാൻ നൽകവേ

പകരം കൊതിച്ചത് നിന്റെ സ്നേഹം മാത്രം

നീ  തന്നതോ കനൽ നിറയുന്ന സ്വപ്നങ്ങൾ..

 മനസ്സിൽ എവിടെയോ അണയുന്ന കനവുകൾ.

 

  ഒരിക്കലും  തീരാത്ത നിൻ ഗദ്ഗദങ്ങളും

  എന്നും പിണക്കം നിറഞ്ഞൊരു രാത്രിയും..

  പെയ്തൊഴിയാത്ത  പരിഭവ മേഘമായ്

   ജീവിതമാകെ ഇരുണ്ടൊരാ നാളുകൾ..

 

ജീവിതത്തിന്റെ  താളത്തിലെവിടെയോ

ശ്രുതി ഭംഗമായ് മോഹങ്ങൾ മാറവേ..

ഒഴുകി നീങ്ങുന്ന കാലവും അറിയാതെ

വഴുതി മാറിയോ നമ്മുടെ ജീവിതം ?

              

  സുഖത്തിനും നൊമ്പരം കൊണ്ട് നീ തീർത്ത
 

  മനസ്സു കാണാത്തൊരു     നിർവ്വചനങ്ങളിൽ..

  പറഞ്ഞു തീർക്കുവാൻ വാക്കുകൾ അറിയാതെ

  ഒരു നിമിഷം പകച്ചു നിൻ മുന്നിൽ ഞാൻ..

               

   നീ  പകർന്നു   തന്നൊരു നന്ദിയും

   അതിലുമേറെ പകർന്നൊരു   നിന്ദയും

   നീ പകർന്നു തന്ന സുഖങ്ങളും

   അതിനു മീതെ  പകർന്ന ദു:ഖങ്ങളും..

              ഓർമ്മകൾ  മാത്രമീ വീഥിയിൽ  ബാക്കിയായ്

              ജീവിത യാത്രയിൽ  എവിടെയോ മറയുന്നു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക