Image

അരലക്ഷം കിലോമീറ്റര്‍ സ്‌കോര്‍പിയോ കാര്‍ ഓടിച്ച് മൂന്നു ഭൂഖണ്ഢങ്ങളിലൂടെ എഴുപത് രാജ്യങ്ങള്‍ താണ്ടി ന്യൂയോര്‍ക്കിലെത്തിയ മംഗലാപുരം സ്വദേശിക്ക് കെ.സി.എ.എന്‍.എ. ക്യുന്‍സില്‍ സ്വീകരണം നല്‍കി.

മാത്യുക്കുട്ടി ഈശോ Published on 20 February, 2024
അരലക്ഷം കിലോമീറ്റര്‍ സ്‌കോര്‍പിയോ കാര്‍ ഓടിച്ച് മൂന്നു ഭൂഖണ്ഢങ്ങളിലൂടെ എഴുപത് രാജ്യങ്ങള്‍ താണ്ടി ന്യൂയോര്‍ക്കിലെത്തിയ  മംഗലാപുരം സ്വദേശിക്ക് കെ.സി.എ.എന്‍.എ. ക്യുന്‍സില്‍ സ്വീകരണം നല്‍കി.

ന്യൂയോര്‍ക്ക്:  ഒരു വര്‍ഷത്തിലധികമായി കര്‍ണാടക സംസ്ഥാനത്തെ മംഗലാപുരത്തു നിന്നും യാത്രതിരിച്ച്   ഇന്ത്യന്‍ നിര്‍മ്മിത മഹിന്ദ്ര എസ്.യു.വി. വാഹനം വിവിധ രാജ്യങ്ങളിലെ റോഡുകളിലൂടെ തനിയെ ഓടിച്ച് അരലക്ഷം കിലോമീറ്റര്‍ താണ്ടുക എന്ന സാഹസികത  ആര്‍ക്കെങ്കിലും സാധിക്കും എന്ന് പറഞ്ഞാല്‍ നമ്മില്‍ പലര്‍ക്കും വിശ്വസിക്കാന്‍ സാധിക്കാത്ത കാര്യമാണ്. പതിനെട്ടോ ഇരുപതോ മണിക്കൂര്‍ എയര്‍കണ്ടീഷന്‍ ചെയ്ത വിമാനത്തില്‍ യാത്ര ചെയ്ത് ഏഴാം കടലിനക്കരെ  ന്യൂയോര്‍ക്കിലെത്തുക എന്നത് തന്നെ നമ്മില്‍ പലര്‍ക്കും പേടിസ്വപ്നമാണ്. അത്തരമൊരു സാഹചര്യത്തിലാണ് സ്വന്തം ഭാര്യയേയും രണ്ട് പിഞ്ച് കുഞ്ഞുങ്ങളെയും വീട്ടില്‍ തനിച്ചാക്കി ഉറ്റവരുടേയും  ഉടയവരുടേയും സുഹൃത്തുക്കളുടേയും സാമിപ്യം വലിച്ചെറിഞ്ഞു അതിസാഹസിക യാത്രക്ക് തനിയെ ഇറങ്ങി തിരിച്ച ഒരു മുപ്പതു വയസ്സുകാരന്‍ നമുക്ക് മുമ്പില്‍ അഭിമാന പാത്രമാകുന്നത്. മംഗലാപുരം സ്വദേശിയും ആര്‍ക്കിടെക്ട് ബിരുദ ധാരിയുമായ മുഹമ്മദ് സനിന്‍ എന്ന സനിനാണ്  സാഹസികമായി ന്യൂയോര്‍ക്കിലെത്തിയ  ഈ ഒറ്റയാന്‍.

കാനഡയില്‍ നിന്നും നയാഗ്രാ വഴി ന്യൂയോര്‍ക്കിലെത്തി എന്ന വിവരം സനിന്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ലോകത്തെ മലയാളത്തില്‍ അറിയിച്ചതുമൂലമാണ്  ഒരു പരിചയവുമില്ലാത്ത മലയാളികള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ തിങ്കളാഴ്ച്ച വൈകിട്ട് ഒത്തുകൂടിയത്. മലയാളം സിനിമാ കണ്ടും മംഗലാപുരത്തുള്ള മലയാളി സുഹൃത്തുക്കളുമായി സംസാരിച്ചും മലയാളം എഴുതാനും വായിക്കാനും അറിയില്ലെങ്കിലും കന്നഡ കലര്‍ന്ന മലയാളത്തില്‍ സംസാരിക്കാന്‍ മാത്രം വശമുള്ള സനിന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ താന്‍ ന്യൂയോര്‍ക്കിലെത്തിയ വാര്‍ത്ത അറിയിക്കുകയായിരുന്നു.

'ലോകത്തെല്ലാടത്തും മലയാളികള്‍ ഉണ്ടെന്നറിയാം. ഫെബ്രുവരി 17  ശനിയാഴ്ച എഴുപതോളം രാജ്യങ്ങള്‍ കടന്ന് ഞാന്‍ എന്റെ  സ്‌കോര്‍പിയോ വാഹനത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെത്തി. ഈ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് കാണുന്ന ഏതെങ്കിലും മലയാളി എന്നെ ന്യൂയോര്‍ക്ക് സിറ്റി കാണുവാന്‍ സഹായിക്കാന്‍ ഉണ്ടെങ്കില്‍ ഞാനുമായി ബന്ധപ്പെടുക'  വെറും ഒരു മിനിറ്റിനടുത്ത്  നീണ്ട ഈ സന്ദേശം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ച സനിനെ സഹായിക്കാന്‍ ഏതാനും ചില ചെറുപ്പക്കാരായ മലയാളികള്‍ തയ്യാറെടുക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിന്നും ക്യുന്‍സില്‍ ഈ അതിസാഹസികന്‍ എത്തുന്നു എന്ന വാര്‍ത്ത കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KCANA) പ്രഡിഡന്റ്  ഫിലിപ്പ്  മഠത്തിലിന്റെ ശ്രദ്ധയില്‍ തിങ്കളാഴ്ച ഉച്ചയോടെ അറിഞ്ഞപ്പോള്‍  ഏതാനും മണിക്കൂറുകള്‍ കൊണ്ട് KCANA സംഘടനാ ഭാരവാഹികളെയും തന്റെ മറ്റ് സുഹൃത്തുക്കളെയും വിവരം അറിയിച്ചാണ് വൈകിട്ട് ആറുമണിക്ക് KCANA-യുടെ സ്വന്തം ആസ്ഥാന മന്ദിരത്തില്‍ സ്വീകരണ യോഗം സംഘടിപ്പിച്ചത്.

ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ്  ന്യൂയോര്‍ക്ക് റീജിയണല്‍ ഡയറക്ടറുമായ മാത്യുക്കുട്ടി ഈശോയാണ് ഫിലിപ്പ് മഠത്തിലിനെ ഈ വിവരം അറിയിച്ചത്. കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ പ്രഡിഡന്റ്  ഫിലിപ്പ് മഠത്തില്‍, വൈസ് പ്രസിഡന്റ് സാംസി കൊടുമണ്‍, സെക്രട്ടറി മാത്യു ജോഷുവ  (ബോബി), കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ്  രാജു എബ്രഹാം, ജോയിന്റ് സെക്രട്ടറി ജോബി ജോര്‍ജ് എന്നിവരും മറ്റ് കമ്മറ്റി അംഗങ്ങളും അസ്സോസ്സിയേഷന്‍ അംഗങ്ങളും മറ്റ്  സുഹൃത്തുക്കളും ചേര്‍ന്നാണ് ക്വീന്‍സ്  ബ്രഡോക്കിലുള്ള അസ്സോസ്സിയേഷന്‍ മന്ദിരത്തില്‍ സ്വീകരണ യോഗം സംഘടിപ്പിച്ചത്.

ഇന്ത്യന്‍ നിര്‍മ്മിത വാഹനമായ മഹിന്ദ്ര സ്‌കോര്‍പ്പിയോ എസ്.യു.വി. കാര്‍ മുംബയില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം ദുബായിലെത്തിച്ച് പിന്നീട് റോഡുമാര്‍ഗ്ഗമാണ് ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നും യൂറോപ്പ്യന്‍ ഭൂഖണ്ഡത്തിലെത്തുന്നത്.  ദുബായില്‍ നിന്നും ഒമാന്‍, യെമന്‍, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, ഇറാഖ്, സിറിയ, ടര്‍ക്കി വഴി കര മാര്‍ഗേന യൂറോപ്യന്‍ ഭൂഖണ്ഡത്തിലേക്ക് കടന്നു. തുടര്‍ന്ന് യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലെ റോഡിലൂടെ കാര്‍ ഓടിച്ച് യൂ.കെ.യിലെത്തുന്നു. പിന്നീട് യൂ.കെ.യില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗത്തില്‍ കാനഡയിലെ ഹാലിഫാക്‌സ് എന്ന പോര്‍ട്ടില്‍ സ്‌കോര്‍പ്പിയോ കാര്‍  ഇറക്കുന്നു. അവിടെ നിന്നും വീണ്ടും റോഡ് മാര്‍ഗ്ഗം കാനഡയിലെ വിവിധ പ്രൊവിന്‍സുകള്‍ സന്ദര്‍ശിച്ച്  നയാഗ്ര വഴി ശനിയാഴ്ച ന്യൂയോര്‍ക്കില്‍ എത്തി.   ഇനി യു.എസ്സിലെ പല സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്ത് പിന്നീട് കപ്പല്‍ മാര്‍ഗ്ഗം ഓസ്ട്രേയിലയായ്ക്കും  അവിടെ നിന്നും മലയേഷ്യ, തായ്ലന്‍ഡ്, കംബോഡിയ, വിയറ്റ്‌നാം, ലാവോസ്, മ്യാന്‍മാര്‍, നേപ്പാള്‍ വഴി ഇന്ത്യയില്‍ എത്തുന്നതിനാണ് സനിന്‍ പദ്ധതിയിടുന്നത്. ഇനിയും ഏകദേശം എട്ടു മാസത്തിലധികം യാത്ര ചെയ്താണ് സ്വന്തം വീട്ടിലെത്തുവാന്‍ സാധിക്കൂ എന്നാണ് ഈ അതിസാഹസികന്‍ പറയുന്നത്.

ചെല്ലുന്ന സ്ഥലങ്ങളിലെ നല്ലവരായ മലയാളികളും മറ്റ് ദേശക്കാരും നല്‍കുന്ന സാമ്പത്തിക സഹായം മൂലമാണ് യാത്ര മുന്‍പോട്ടു കൊണ്ടുപോകുവാന്‍ സാധിക്കുന്നത് എന്ന് ആര്‍ക്കിടെക്ട് യുവാവ് സാക്ഷ്യപ്പെടുത്തുന്നു. സ്വീകരണ യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ചേര്‍ന്ന് ഈ സാഹസികനെ തങ്ങളാലാകും വിധം സഹായിച്ചും  അഭിനന്ദനങ്ങള്‍ അറിയിച്ചും മുമ്പോട്ടുള്ള ശുഭ യാത്രക്കായി അടുത്ത സ്ഥലങ്ങളിലേക്ക് യാത്രയാക്കി.

അരലക്ഷം കിലോമീറ്റര്‍ സ്‌കോര്‍പിയോ കാര്‍ ഓടിച്ച് മൂന്നു ഭൂഖണ്ഢങ്ങളിലൂടെ എഴുപത് രാജ്യങ്ങള്‍ താണ്ടി ന്യൂയോര്‍ക്കിലെത്തിയ  മംഗലാപുരം സ്വദേശിക്ക് കെ.സി.എ.എന്‍.എ. ക്യുന്‍സില്‍ സ്വീകരണം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക