കാലം ഒരുക്കൂട്ടും
ചായത്തിന്‍ കൂട്ടിനാല്‍
കോറിയിടുന്നു
പലവിധ ഭാവങ്ങള്‍
മണ്ണപ്പം ചുട്ടും
കളിവീട് കെട്ടിയും
കൊഞ്ചി കുഴഞ്ഞാടി
തീര്‍ക്കുന്ന ബാല്യം
പിച്ച നടത്തിയ
ചൂണ്ടു വിരലിന്റെ
ഊഷ്മള സ്‌നേഹത്തില്‍
പകര്‍ന്നും നുകര്‍ന്നും
കുഞ്ഞു *മകളായി* അവള്‍
കൈത്തണ്ടയില്‍ കെട്ടിയ
രാഖിച്ചരടിനാല്‍
നെഞ്ചിലെ കരുതലിന്‍
സ്‌നേഹമായ് *സോദരി*
പറയാന്‍ കൊതിച്ചിട്ടും
പറയാതെ പോയൊരാ
കനവിലെ കനവുകളില്‍
പുകയുന്ന *കാമുകി*
അറിയാന്‍ കൊതിച്ചിട്ടും
അറിയാതെ പോയൊരാ
മനസ്സിന്‍ കടലാഴത്തിലെ
പായ് വഞ്ചിയായ് *ഭാര്യ*
കേള്‍ക്കാന്‍ കൊതിച്ചിട്ടും
കേള്‍ക്കാതെ പോയൊരാ
ആത്മാവിന്‍ നേര്‍ത്ത വിതുമ്പലായ് *അമ്മ* യും
തീര്‍ന്നുവോ ചായം
കാലത്തിന്‍ കൈകളില്‍ !!!
തനിയാവര്‍ത്തനത്തിന്‍
പൊരുളുകള്‍ ബാക്കിയായ്.......