ഈ രാത്രി വാതിലും ജനാലകളും
കൊട്ടിയടയ്ക്കണം
ഇറ്റു വെളിച്ചം അകത്തു നിന്ന്
പുറത്തു കടക്കാത്ത വിധം താക്കോല്‍
പഴുതുകളും അടയ്ക്കണം
തുള്ളി വെളിച്ചം
കണ്ടാല്‍ മതി
ഉള്ളില്‍ നന്മയേന്തി നടന്നു തളര്‍ന്ന
നിര്‍മ്മലസ്‌നേഹങ്ങള്‍
ഇടം ചോദിച്ചു വന്നു മുട്ടും
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട
പറഞ്ഞേയ്ക്കാം
ഒരുക്കി കഴിഞ്ഞു
ഹൃദയ കോവിലിനു ചുറ്റും
സ്വാര്‍ത്ഥാന്ധകാരം കൊണ്ടു
ശക്തമായ കോട്ട
ജ്ഞാന നക്ഷത്രം നല്‍കുന്ന
ജ്യോതിര്‍ കാഴ്ച കളൊന്നും
ഉള്ളില്‍ തുളച്ചു കയറാതെ നോക്കണം
തുടങ്ങി ക്കഴിഞ്ഞു
രാജ
മന്ദിരങ്ങളില്‍ ചൂട് പിടിച്ച ചര്‍ച്ച കള്‍
പ്രശാന്തമായ ആത്മീയ രാജ്യം
ഭരിയ്‌ക്കേണ്ടത് വിനയ കിരീടം ചൂടിയ
സ്‌നേഹ രാജാക്കന്‍മാരല്ല
പകരം
വിദ്വേഷ വാളേന്തി
തുള്ളുവാന്‍ കെല്‍പ്പുള്ള
അഹങ്കാര കോമരങ്ങ ളാണ്
ആകയാല്‍
സുസ്‌മേര നീരവ ശാന്തി
തുളുമ്പുന്ന പിഞ്ചു വദനങ്ങള്‍
തിരഞ്ഞു പിടിച്ച്
അറുത്തു മാറ്റണം
ഇത്രയുമായപ്പോള്‍ ഏതോ അഴുക്കു നിറഞ്ഞ
മാന്‍ ഹോളില്‍
നിന്നും ഒഴുകി വരുന്നു വോ
*പഴയ സമ്മാനപ്പെട്ടിയിലെ മീറ യുടെ
ഗന്ധവും പേറി ആ
ഗാനം
"ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക്
സമാധാനം'
*ജ്ഞാനികള്‍
കൊണ്ടുവന്ന മൂന്ന് സമ്മാനങ്ങളില്‍
മീറ യേശു മാനവരാശിയ്ക്ക് വേണ്ടി
മരിയ്ക്കും
എന്ന പ്രവചനം .