Image

വീണ്ടും മഴ (കവിത: സുധീർ പണിക്കവീട്ടിൽ)

Published on 17 November, 2026
വീണ്ടും മഴ (കവിത: സുധീർ പണിക്കവീട്ടിൽ)

വൃശ്ചികക്കാറ്റിൽ കന്യാമേഘങ്ങളുടുക്കുന്ന 
ദാവുണി മൂളിപ്പാട്ടും പാടിക്കൊണ്ടുലയവെ 
തുലാവർഷനീർത്തുള്ളികൾ വറ്റാതെ കിടന്നൊരു 
മാനത്ത് മഴവില്ലിൻ വർണ്ണങ്ങൾ തെളിയവേ

കമ്പിളി തുന്നുമിളം വെയിലിൻ പട്ടും ചുറ്റി 
പകലിൻ  മുഖത്തേതോ വിസ്മയം പരക്കവേ 
മൗനമാം നിമിഷങ്ങൾ ഉറക്കം തൂങ്ങും നീല - 
വാനത്തിൻ നിഴൽപ്പറ്റി ആലസ്യം ശയിക്കവേ

സ്വർഗ്ഗമൊരല്പം മാത്ര ഭൂമിയിൽ തങ്ങാനായി-
ട്ടാദ്യത്തെ ചുവടു വച്ചടുക്കാൻ തുടങ്ങവേ 
ഭൂമിതൻ നിശ്വാസത്തിൻ മുഗ്ദ്ധ ഭാവങ്ങൾ മാറി 
ആവിലമായി മേഘപാളികളോരോന്നായി

ബാഷ്‌പ ബിന്ദുക്കൾ വഹിച്ചെത്തിയ കാറും കോളും 
ദാവുണി തുമ്പൊന്നുലച്ചുറക്കെ ഗർജ്ജിച്ചുപോയ് 
നാണത്താൽ മേഘാംഗനമാരപ്പോൾ കരം 
രണ്ടും മാറോടടുപ്പിച്ച് മറയാൻ തുടങ്ങവേ

കെട്ടഴിഞ്ഞൂർന്നു മുടിക്കെട്ടപ്പോൾ നിതംബത്തിൽ 
മാരിക്കാർ വീണ്ടും മാനം കവർന്നു കറുപ്പിച്ചു 
ഇറ്റിറ്റു നീർത്തുള്ളികൾ തുവർത്തും മുമ്പേ 
കോതിയൊതുക്കി മിനുക്കിയ വാർമുടിക്കെട്ടിൽ നിന്നും.

ശുഭം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക