
മലയാളം സൊസൈറ്റി ഓഫ് അമേരിക്ക , ഹ്യൂസ്റ്റൺ (MSA), 2026 നവംബർ 8-ന് ടെക്സാസിലെ സ്റ്റാഫോർഡിലുള്ള ഫിയസ്റ്റ മെക്സിക്കൻ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച "മ്യൂസിക്കൽ നൈറ്റ്" വലിയ വിജയമായി മാറി. സംഗീതത്തിന്റെ ആനന്ദവും അർത്ഥവത്തായ ഒരു സാമൂഹിക ലക്ഷ്യവും ഒരുമിച്ചു ചേർത്ത് സംഘടിപ്പിച്ച ഈ പരിപാടി, കല സമൂഹബോധത്തിനും സാമൂഹിക ഉത്തരവാദിത്തത്തിനും ശക്തമായ പ്രചോദനമാകാമെന്ന സന്ദേശം ഉയർത്തിക്കാട്ടി.

ജനങ്ങളെ രസിപ്പിക്കുക മാത്രമല്ല, കരുണയും സാമൂഹിക ഉത്തരവാദിത്തബോധവും വളർത്താനും കലയ്ക്ക് സവിശേഷമായ കഴിവുണ്ട്. ദാരിദ്ര്യം, അസമത്വം, വിവേചനം, സാമൂഹിക അനീതി തുടങ്ങിയ വിഷയങ്ങളിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ആകർഷിക്കാനും, നല്ല മാറ്റങ്ങൾ സൃഷ്ടിക്കാനും കല സഹായകമാകുന്നു. ഈ കാഴ്ചപ്പാടോടെയാണ് കേരളത്തിൽ സ്വന്തം കുടുംബത്തിനായി ഒരു വീട് നിർമിക്കണമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രമിക്കുന്ന യുവഗായകൻ വിൽസ്വരാജിനെ പിന്തുണയ്ക്കുന്നതിനായി MSA ഈ സംഗീതസന്ധ്യ സംഘടിപ്പിച്ചത്.

പങ്കെടുത്തവർക്ക് ഒരിക്കലും മറക്കാനാവാത്ത സംഗീതാനുഭവമാണ് ലഭിച്ചത്. തന്റെ മധുരസ്വരത്തിലൂടെ വിൽസ്വരാജ് ശ്രോതാക്കളെ ഓർമ്മകളുടെ സുന്ദര ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പ്രണയഗാനങ്ങൾ, ഭക്തിഗാനങ്ങൾ, സെമി-ക്ലാസിക്കൽ ഗാനങ്ങൾ, തമിഴ് ഹിറ്റുകൾ, പ്രേക്ഷകരുടെ അഭ്യർഥനപ്രകാരമുള്ള ഗാനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഗാനങ്ങളാൽ സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ അവതരണം. ഓരോ ഗാനവും ഹൃദയസ്പർശിയായും മനോഹരമായും ആലപിച്ച അദ്ദേഹം സദസിൽ സന്നിഹിതരായ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.

മലയാളം സൊസൈറ്റിയുടെ സ്ഥാപക പ്രസിഡണ്ടായിരുന്ന ജോർജ് മണ്ണിക്കരോട്ടിന്റെ വേർപാടിൽ പുതിയ പ്രസിഡണ്ടായി ദൗത്യം ഏറ്റെടുത്ത കവിയും എഴുത്തുകാരനും ചിന്തകനുമായ ശ്രീ ജോർജ് പുത്തൻകുരിശിനെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് സെക്രട്ടറി ടി. എൻ സാമുവൽ പരിപാടിക്ക് തുടക്കം കുറിച്ച്. തന്റെ ഹ്രസ്വ പ്രസംഗത്തിൽ പ്രസിഡന്റ് പുത്തൻകുരിശ് എല്ലാവരോടും അവരുടെ സാന്നിധ്യത്തിനും സംഘടനയ്ക്ക് നൽകിവരുന്ന പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തി. അതോടൊപ്പം പരേതനായ മണ്ണിക്കരോട്ട് മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകളെ സ്മരിക്കുകയും ചെയ്തു

ഔപചാരിക പരിപാടികൾ ആരംഭിക്കുന്നതിന് മുൻപ്, 2026 ജനുവരി 1-ന് ഫേസ്ടൈമിലൂടെ ജോർജ് മണ്ണിക്കരോട്ടിനായി പാടിയിരുന്ന ഒരു ഗാനം ആലപിക്കാൻ പ്രസിഡന്റ് പുത്തൻകുരിശ് വിൽസ്വരാജിനെ ക്ഷണിച്ചു. ഈ പരിപാടിയിൽ നേരിൽ കണ്ടുമുട്ടാനുള്ള അവസരം വിൽസ്വരാജ് ആകാംക്ഷയോടെ കാത്തിരുന്നുവെങ്കിലും, അത് യാഥാർത്ഥ്യമാകാതെ പോയി. ഗാനാലാപനത്തിന് ശേഷം, ജോർജ് മണ്ണിക്കരോട്ടിന്റെ സ്മരണാർത്ഥം ഒരു മിനിറ്റ് മൗനം ആചരിക്കാൻ പ്രസിഡന്റ് സദസിനോട് അഭ്യർത്ഥിച്ചു. മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ (MSA) സ്ഥാപകനെന്ന നിലയിലും അദ്ദേഹം നൽകിയ അമൂല്യ സംഭാവനകളുടെ സ്മരണയ്ക്കുമായാണ് ഈ ആദരാഞ്ജലി അർപ്പിച്ചത്.

സാമൂഹ്യ പ്രവർത്തകയും സംഘാടകയും, ജീവകാരുണ്യ പ്രവർത്തകയും കലാ പ്രോത്സാഹക കൂടാതെ പരേതനായ മണ്ണിക്കരോട്ടിനോടൊപ്പം മുപ്പത് വർഷത്തിലധികം മലയാളം സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ശ്രീമതി പൊന്നുപിള്ള സദസ്സിലെ ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തു. തുടർന്ന് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും സമൂഹനേതാവുമായ എ. സി. ജോർജ് മണ്ണിക്കരോട്ടിനെ അനുസ്മരിച്ച് പ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ അനുസ്മരണത്തിൽ മലയാളി സമൂഹത്തിനു മണ്ണിക്കരോട്ട് നൽകിയ സംഭാവനകളെ പ്രകീർത്തിച്ചു സംസാരിച്ചു.

സന്ധ്യയിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു, സമൂഹത്തിനുവേണ്ടി നൽകിയ വിശിഷ്ട സേവനങ്ങൾ പരിഗണിച്ച് പരേതനായ ജോർജ് മണ്ണിക്കരോട്ടിന് മരണാനന്തര ബഹുമതിയായി ലഭിച്ച ഫൊക്കാന ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്. സ്റ്റാഫോർഡ് നഗര മേയറുടെ സാന്നിധ്യത്തിൽ, അമേരിക്കൻ മലയാളി സമൂഹത്തിന്റെ രക്ഷാധികാരികളും അംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ അദ്ദേഹത്തിന്റെ മകൻ ജെറി മണ്ണിക്കരോട്ടിന് കൈമാറി. ജെറിയുടെ മറുപടി പ്രസംഗത്തിൽ, തന്റെ പിതാവിന് അവാർഡ് കൊടുത്ത ഫോക്കാനയേയും, കൺവെൻഷൻ നഗരിക്ക് 'മണ്ണിക്കരോട്ട് നഗർ' എന്ന് പേര് നൽകി ആദരിച്ച ലാനായേയും, ഇതിനെല്ലാം മുഖാന്തിരമായ മലയാളം സൊസൈറ്റിയോടും നന്ദി പ്രകാശിപ്പിക്കുകയും, ഭാരവാഹികളെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.

രണ്ടര മണിക്കൂറിലേറെ നീണ്ടുനിന്ന സംഗീതവിരുന്നിൽ, തന്റെ അസാമാന്യ സംഗീതപ്രതിഭയിലൂടെ വിൽസ്വരാജ് പ്രേക്ഷകരെ വിസ്മയിപ്പിച്ചു. മതത്തിന്റെയും വർഗത്തിന്റെയും സംസ്കാരത്തിന്റെയും അതിരുകൾ മറികടക്കുന്ന സർവലൗകിക ഭാഷയാണ് സംഗീതമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആ സന്ദേശം അദ്ദേഹത്തിന്റെ അവതരണത്തിലുടനീളം പ്രകടമായിരുന്നു. സംഗീതത്തിലൂടെ പങ്കുവെച്ച സ്നേഹത്തിലും ഓർമ്മകളിലും ഒരു സൗഹൃദാന്തരീക്ഷം അദ്ദേഹം സൃഷ്ടിച്ചു. അതിഥിയായി എത്തിയ ശ്രീമതി നിഷയും, ശബ്ദസംവിധാനം നിയന്ത്രിച്ചിരുന്ന ജോബിയും മനോഹര ഗാനങ്ങൾ ആലപിച്ച് സദസ്സിനെ ആഹ്ളാതഭരിതരാക്കുകയും ചെയ്തു.
പരിപാടിയുടെ സമാപനത്തിൽ കവിയും, ചിന്തകനും എഴുത്തുകാരനുമായ സെക്രട്ടറി ടി. എൻ. സാമുവൽ നന്ദിപ്രസംഗം നടത്തി. കലാകാരന്മാർ, അതിഥികൾ, പങ്കെടുത്തവർ എന്നിവർ ഉൾപ്പെടെ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
സ്വാദിഷ്ടമായ അത്താഴത്തിനുശേഷം, വിൽസ്വരാജിന്റെ മനോഹര ഗാനങ്ങളുടെ അനുരണനവും മധുരസ്മരണകളും നിറഞ്ഞ മനസ്സുമായാണ് അതിഥികൾ മടങ്ങിയത്. സംഗീതവും സമൂഹസേവനവും കൈകോർത്ത ഈ മ്യൂസിക്കൽ നൈറ്റ്, അമേരിക്കൻ മലയാളി സമൂഹത്തിന് ഏറെ അർത്ഥവത്തും അവിസ്മരണീയവുമായ ഒരു സംഗമമായി മാറി.