
മോഹന സ്വപ്നങ്ങൾ
താലോലിച്ചവളെന്നും,
മാനസ വാടിയിൽ
കുളിരണിഞ്ഞു!
പതിനേഴിൻ പടികട-
ന്നെത്തിടും കാലവും
പഞ്ചാമൃതത്തിൻ
മധു പകർന്നു!
പ്രിയമുള്ളൊരാളി-
ന്നിണക്കിളിയായിടാൻ,
മനതാരിലാശകൾ
തിരയിളക്കി!
കനവിന്റെ മഞ്ചലിൽ
പന്തലൊരുക്കിയാൾ
കല്യാണനാളിന്നായ്,
കാത്തിരുന്നു!
കതിർമണ്ഡപത്തിലെ
കനക പ്രതീക്ഷകൾ
കതിരൊളി വർഷമായ്,
കരളിന്നുള്ളിൽ!
നിറപൊലി നാളമായ്
മധുവിധുരാവുകൾ
അനുരാഗമഴയി-
ലൂടൊഴുകി നീങ്ങി!
അനുഭൂതിത്തെന്നലാ-
യരികിലായെപ്പോഴും
അതിലോല മകരന്ദ
നിർവൃതിയായ്!
വിരിമാറിലഴകായി,
ശ്രീവത്സമായവൾ
ആലിലത്താലിയി-
ലാശ്വസിക്കേ;
കാലപ്രവാഹിനി-
ക്കുള്ളിലമരവേ,
കാർമുകിൽ മൂടി
ചുരുളുകളായ്!
തേനും വയമ്പുമാം
മധുരച്ചിമിഴുകൾ
കയ്പിൻ രസമൂറും
കുമ്പിളായി!
വിശ്വാസ സത്യങ്ങൾ
മണ്ണിലൊലിച്ചതാൽ,
ജീവിതനൗക-
യുലഞ്ഞിടുന്നു!
തളിരിട്ട ശാഖികൾ
വേരറ്റു വീഴവേ,
മംഗള കമലങ്ങൾ
മിഴിയടച്ചു!
ചിറകറ്റ പതഗമാ-
യിരുവഴിത്താരയിൽ
തേങ്ങും മനസ്വിനി
യാത്രയായി..!