Image

അന്ന് സോണിയ ഇടപെട്ടില്ലായിരുന്നെങ്കില്‍ ഇല്ലാത്ത കാന്‍സറിന് എന്നെ സര്‍ജറി നടത്തിയേനെ': ആന്റണിയുടെ തുറന്നുപറച്ചില്‍

Published on 16 November, 2026
 അന്ന് സോണിയ ഇടപെട്ടില്ലായിരുന്നെങ്കില്‍ ഇല്ലാത്ത കാന്‍സറിന് എന്നെ സര്‍ജറി നടത്തിയേനെ': ആന്റണിയുടെ തുറന്നുപറച്ചില്‍

കോട്ടയം: രാഷ്ട്രീയത്തിനപ്പുറം സോണിയ ഗാന്ധിയുമായുള്ള ആത്മബന്ധത്തിന്റെയും അവരുടെ കരുതലിന്റെയും ഹൃദയസ്പര്‍ശിയായ ഓര്‍മ്മ പങ്കുവെച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. തനിക്ക് കാന്‍സര്‍ ആണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഘട്ടത്തില്‍, സോണിയ ഗാന്ധി നടത്തിയ നിര്‍ണായക ഇടപെടലാണ് തനിക്ക് രക്ഷയായതെന്നും രോഗമില്ലെന്ന് തിരിച്ചറിയാന്‍ സഹായിച്ചതെന്നും അദ്ദേഹം ഒരു മാധ്യമത്തിനോടു വെളിപ്പെടുത്തി.

2014ല്‍ ശരീരഭാരം കുറയുന്ന രോഗം തനിക്കുണ്ടായി. എയിംസിലും ഡല്‍ഹിയിലെ തന്നെ മറ്റ് രണ്ട് ആശുപത്രികളിലും പരിശോധന നടത്തി. പരിശോധനാ ഫലം ചെന്നൈയിലെ ആശുപത്രിയിലേക്ക് അയച്ചു, കാന്‍സറാണെന്ന് നാല് ആശുപത്രികളും ഉറപ്പിച്ചു പറഞ്ഞു. മജ്ജ മാറ്റിവയ്ക്കല്‍ ആവശ്യമാണെന്ന് വിധിയെഴുതി. എയിംസില്‍ ചികിത്സയ്ക്ക് തീയതിയും നിശ്ചയിച്ചു.

തന്റെ രോഗവിവരവും തുടര്‍ചികിത്സ നാട്ടില്‍ നടത്താനുള്ള തീരുമാനവും അദ്ദേഹം പിന്നീടാണ് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയെ അറിയിച്ചത്.

പിന്നീട് സോണിയയെ കണ്ട് തനിക്ക് കാന്‍സര്‍ ആണെന്നും എയിംസില്‍ ചികിത്സ ആരംഭിക്കുകയാണെന്നും അറിയിച്ചു. എന്നാല്‍ ആന്റണിയെ വിലക്കിയ സോണിയ രോഗം സംബന്ധിച്ച് വിദഗ്ധാഭിപ്രായത്തിന് വിദേശത്തു പോകണമെന്ന് കര്‍ശനമായി പറഞ്ഞു.

പിന്നീട് അഹമ്മദ് പട്ടേലിനെ വിളിച്ചുവരുത്തി യുഎസില്‍ പരിശോധനയ്ക്കായി ആവശ്യമായ എല്ലാ കാര്യങ്ങളും ഏര്‍പ്പാടാക്കാന്‍ നിര്‍ദേശിച്ചു. ഒപ്പം ചെല്ലാന്‍ രമേശ് ചെന്നിത്തലയോടും ആവശ്യപ്പെട്ടു. എല്ലാ ചെലവുകളും കോണ്‍ഗ്രസ് ഏറ്റെടുത്തു. സോണിയയുടെ ഇടപെടലില്‍ വീസയും ആശുപത്രി നടപടികളുമായും ബന്ധപ്പെട്ട തടസങ്ങളെല്ലാം അതിവേഗം മറികടന്നു.

സോണിയ ഗാന്ധിയുടെ നിര്‍ബന്ധപ്രകാരം യുഎസില്‍ എത്തിയ ആന്റണിയെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കി. എന്നാല്‍, നാട്ടിലെ ഡോക്ടര്‍മാരുടെ കണ്ടെത്തലുകള്‍ തെറ്റായിരുന്നുവെന്നും ആന്റണിക്ക് കാന്‍സര്‍ ഇല്ലെന്നും അവിടെ നടത്തിയ പരിശോധനയില്‍ വ്യക്തമായി.

സോണിയ ഇടപെട്ടില്ലായിരുന്നുവെങ്കില്‍, ഇല്ലാത്ത കാന്‍സറിനുള്ള ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടി വരുമായിരുന്നുവെന്നും എ.കെ. ആന്റണി പറഞ്ഞു.

സഹപ്രവര്‍ത്തകരുടെ ആരോഗ്യത്തിലും ജീവിതത്തിലും സോണിയ ഗാന്ധി പുലര്‍ത്തുന്ന വ്യക്തിപരമായ ശ്രദ്ധയുടെയും സ്‌നേഹത്തിന്റെയും നേര്‍സാക്ഷ്യമായി മാറുകയാണ് എ.കെ. ആന്റണിയുടെ ഈ വെളിപ്പെടുത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക