Image

പോക്കറ്റ് മണിയും അണ്ടി മോഷണവും (ബാല നർമ്മകഥ: എ.സി.ജോർജ്)

Published on 16 November, 2026
പോക്കറ്റ് മണിയും അണ്ടി മോഷണവും (ബാല നർമ്മകഥ: എ.സി.ജോർജ്)

ഞാൻ അടുത്തകാലത്ത് അമേരിക്കയിൽ നിന്ന് ജന്മനാടായ കേരള സന്ദർശനത്തിന് പോയി. ബോംബുകളും മിസൈലുകളും പരസ്പരം തൊടുത്തു വിടുന്നതിനിടയിലും, യുദ്ധത്തിന്റെ കരിനിഴലും ഭീതിയും  നിലനിൽക്കുമ്പോഴും ഗൃഹാതുര ചിന്തകൾ വീണ്ടും എന്നെ ഒരു കേരള സന്ദർശനത്തിന് പ്രേരണ നൽകി എന്ന് പറയാം. പണ്ടൊക്കെ അമേരിക്കൻ മലയാളി എന്ന് പറഞ്ഞാൽ ഒരു കസേര കിട്ടുമായിരുന്നു. ഇന്നൊക്കെ അങ്ങനെ പറഞ്ഞാൽ മറ്റു വല്ലതും ആയിരിക്കും കിട്ടുക. അതിനൊക്കെ കാരണം നമ്മുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ആണ് എന്ന് ചിലർ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിൻറെ അന്തവും കുന്തവും ഇല്ലാത്ത ചില നയങ്ങൾ ആണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. എനിക്ക് ഇക്കാര്യത്തെപ്പറ്റി യാതൊരു അഭിപ്രായവും ഇല്ല. ഞാനൊന്നും പറയുന്നുമില്ല ഒന്നും രേഖപ്പെടുത്തുന്നുമില്ല. ഇതൊക്കെയാണെങ്കിലും ഇന്നും അമേരിക്കയിലേക്ക് ഒരു വിസാ കിട്ടി ഇരച്ചു കയറാൻ കാത്തിരിക്കുന്ന ജനങ്ങളാണ് അവിടെയും ഉള്ളത്.

ഞാൻ നാട്ടിലെത്തിയാൽ സാധാരണയായി താമസിക്കുന്ന എറണാകുളത്തു നിന്ന് ചില അവസരത്തിൽ ബസ് കയറി മൂവാറ്റുപുഴയിലെത്തി മറ്റൊരു ബസിൽ കയറി പൈങ്ങോട്ടൂർ എന്ന എന്റെ ജന്മ നാട്ടിലെത്തുക എന്നതാണു പതിവ്. ബസ് ആകുമ്പോൾ വലിയ വാഹനമാണല്ലോ. കാറിൻറെ  അത്രയും കുടുക്കവും  റിസ്‌ക്കും ,  ഇല്ലല്ലോ. പിന്നെ ഗൃഹാതുര ചിന്തകളൊക്കെ വരുമ്പോൾ ബസ്സിൽ കയറുന്നത് ആണല്ലോ ഒരു ത്രില്ല്. ഇപ്രാവശ്യം എറണാകുളത്തു നിന്ന് ബസ്സിൽ കയറിയപ്പോൾ സ്ത്രീ ജനങ്ങൾ തീരെ കുറവ്. കാരണം അവിടെ ഇപ്പോൾ സ്ത്രീ ജനങ്ങൾക്ക് മാത്രമായി ടിക്കറ്റ് എടുക്കാതെ ഫ്രീ ആയി ചില ട്രാൻസ്പോർട്ട് ബസുകളിൽ കയറാമല്ലോ.  അങ്ങനെ മൂവാറ്റുപുഴ കച്ചേരി താഴത്ത് ഇറങ്ങിയ ഞാൻ മറ്റൊരു ലോക്കൽ ബസ്സിൽ കയറി ജനിച്ചു വളർന്ന പൈങ്ങോട്ടൂർ ഗ്രാമത്തിലെത്തി.

ഇനി ഒന്ന് രണ്ട് സുഹൃത്തുക്കളെ സന്ദർശിക്കണം, ബന്ധുവീടുകളിൽ പോകണം. അടുത്ത ഇടവഴികളിലൂടെ ഞാൻ നടന്നു നീങ്ങി. വളരെ പെട്ടെന്നാണ് അത് സംഭവിച്ചത്. ഇടവഴിയിലേക്ക്  ചാഞ്ഞു നിന്നിരുന്ന കശുഅണ്ടി മരം,  കപ്പലാവിൽ നിന്ന് ഒരു കാക്ക കാഷ്ടിച്ചത്  തലയിൽ വീണു. അതിനൊപ്പം ഒരു കശുഅണ്ടിയും. താഴെക്കണ്ട അരുവിയിൽ ഇറങ്ങി തലയിലെയും ഷർട്ടിലെയും കാക്ക കാഷ്ടം കഴുകുന്നതിനിടയിൽ  ചിന്തകൾ വളരെ പഴയ ബാല്യ കാലങ്ങളിലേക്ക് ചിറകടിച്ചു ഊഴിയിട്ട് ഇറങ്ങി. കുട്ടിക്കാലം,  പ്രൈമറി മിഡിൽ സ്‌കൂൾ കാലഘട്ടം. 
മീനമാസത്തിലെ വെയിലിന് ചൂടുപിടിച്ചു തുടങ്ങുമ്പോൾ തന്നെ ഞങ്ങളുടെ നാട്ടിൻപുറത്തെ കുട്ടികൾക്ക് ഉത്സവകാലമായി. സ്കൂൾ വാർഷിക പരീക്ഷയുടെ ചൂടിനേക്കാൾ ഞങ്ങളെ ആവേശം കൊള്ളിച്ചിരുന്നത് വഴിയരികിലും പറമ്പുകളിലും പഴുത്തു തുടുത്തു നിൽക്കുന്ന കശുഅണ്ടി മരങ്ങകളായിരുന്നു. അന്ന് ഞങ്ങൾക്ക് 'പോക്കറ്റ് മണി' തരാൻ അച്ഛനമ്മമാരുടെ കയ്യിൽ കാശുണ്ടായിരുന്നില്ല; എവിടെയെങ്കിലും പോയി പിക്ക് പോക്കറ്റ് അടിക്കാനുള്ള അറിവോ ധൈര്യമോ കൗശലമോ ഞങ്ങൾക്കുണ്ടായിരുന്നില്ല.  പകരം ഞങ്ങളുടെ സ്വന്തം 'ബാങ്ക്' ആയിരുന്നു, അല്ലെങ്കിൽ കല്പക  വൃക്ഷമായിരുന്നു ആ കശുവണ്ടി മരങ്ങൾ!

ഞങ്ങളുടെ സംഘത്തിന്റെ തലവൻ അപ്പുക്കുട്ടനായിരുന്നു. കൂടെ എന്തിനും ഏതിനും തയ്യാറായി ചാക്കോച്ചനും, വഴിയരികിൽ വീണുകിടക്കുന്ന അണ്ടി മിന്നൽ വേഗത്തിൽ പെറുക്കിയെടുക്കാൻ മിടുക്കിയായ അമ്മിണിയും, കാവൽ നിൽക്കാൻ ലീലയും ഉണ്ടാകും.

രാവിലെ പള്ളിക്കൂടത്തിലേക്ക് ഇറങ്ങുമ്പോൾ തന്നെ നിക്കറിന്റെ പോക്കറ്റിൽ അത്യാവശ്യം നല്ല ഉരുണ്ട കല്ലുകളും കയ്യിൽ നീളമുള്ള ഒരു കമ്പും ഉണ്ടാകും. സ്കൂളിലേക്കുള്ള ഇടവഴിയിലെ ഏറ്റവും വലിയ കശുമാവ് നിന്നിരുന്നത് ശങ്കരൻ നായരുടെ പറമ്പിന്റെ അതിരിലായിരുന്നു. ആരുടെ മരമാണെന്നൊന്നും അന്ന് ആരും ചിന്തിക്കാറില്ല; വഴിവക്കിലേക്ക് ചാഞ്ഞുനിൽക്കുന്ന കൊമ്പുകളെല്ലാം നാട്ടുകാരുടെ, പ്രത്യേകിച്ച് കുട്ടികളുടെ പൊതുസ്വത്താണെന്നായിരുന്നു ഞങ്ങളുടെ അലിഖിത നിയമം!
"ശങ്കരൻ നായർ ഉമ്മറത്തില്ല, വേഗം കല്ലെടുക്ക്!" അപ്പുക്കുട്ടൻ സിഗ്നൽ നൽകും. പിന്നെ ഒരേറാണ്. കല്ലും കോലും മരക്കൊമ്പുകളിലേക്ക് ചീറിപ്പായും. പഴുത്ത മഞ്ഞയും ചുവപ്പും നിറമുള്ള കശുഅണ്ടികൾ  പൊഴിഞ്ഞുവീഴുമ്പോൾ അമ്മിണിയും ലീലയും ഓടിനടന്ന് അണ്ടി മാത്രം ഒടിച്ചെടുത്ത് നിക്കറിന്റെയും പാവാടയുടെയും പോക്കറ്റുകളിലേക്ക് തിരുകും.  ഉയരമുള്ള കൊമ്പിലെ അണ്ടി പറിക്കാൻ ചാക്കോച്ചൻ അണ്ണാനെപ്പോലെ മരത്തിൽ കയറും. മരത്തിന് മുകളിലിരുന്ന് ചാക്കോച്ചൻ നല്ല മധുരമുള്ള കശുമാങ്ങ കടിച്ച് തിന്നുന്നതിനിടയിൽ താഴെ നിൽക്കുന്നവരുടെ തലയിലേക്ക് കശുമാങ്ങയുടെ ചണ്ടി ഇട്ടുകൊടുക്കുന്നതും പതിവായിരുന്നു.

ഒരു ദിവസം ഇതേപോലെ 'ഓപ്പറേഷൻ കശുവണ്ടി' തകൃതിയായി നടക്കുകയാണ്. അപ്പുക്കുട്ടൻ എറിഞ്ഞ ഒരു കല്ല് കശുഅണ്ടിക്ക് പകരം കൃത്യമായി കൊണ്ടത് മരത്തിന് താഴെ പതുങ്ങിവന്ന ശങ്കരൻ നായരുടെ കഷണ്ടിത്തലയിലേക്കായിരുന്നു!
"എടാ കള്ളപ്പരിഷകളേ... നിങ്ങളെ ഇന്ന് ഞാൻ..." എന്ന അലർച്ച കേട്ടതും ചാക്കോച്ചൻ മരത്തിൽ നിന്ന് താഴേക്ക് ചാടിയതും ഒരുമിച്ചായിരുന്നു. പോക്കറ്റ് നിറയെ കശുവണ്ടിയുമായി ഞങ്ങൾ നാലുപേരും ജീവനും കൊണ്ട് ഓടി. ഓട്ടത്തിനിടയിൽ നിക്കറിന്റെ പോക്കറ്റ് കീറി അണ്ടികൾ വഴിനീളെ ചിതറിവീഴുന്നത് പോലും നോക്കാൻ നേരമില്ലായിരുന്നു. പിന്നാലെ വടിയുമായി ഓടിവന്ന ശങ്കരൻ നായർ അണ്ടി പെറുക്കാനായി കുനിഞ്ഞ തക്കത്തിന് ഞങ്ങൾ ഇടവഴി തിരിഞ്ഞ് സ്കൂൾ വളപ്പിലേക്ക് കടന്നു രക്ഷപ്പെട്ടു!

ക്ലാസ് മുറിയിൽ ഇരിക്കുമ്പോഴും ഞങ്ങളുടെ ശ്രദ്ധ മുഴുവൻ നിക്കറിന്റെ പോക്കറ്റിലായിരുന്നു. ഇടയ്ക്കിടെ പോക്കറ്റിൽ തപ്പി നോക്കി അണ്ടിയുടെ എണ്ണം തിട്ടപ്പെടുത്തും. കശുവണ്ടി കറ പുരണ്ട് കൈകളും നിക്കറും ആകെ കറുത്തിട്ടുണ്ടാകും, എങ്കിലും അതൊരു അലങ്കാരമായിരുന്നു.
വൈകുന്നേരം സ്കൂൾ വിട്ടാൽ നേരെ ഓടുന്നത് കവലയിലെ കുഞ്ഞൻ ചേട്ടന്റെ കടയിലേക്കാണ്. അവിടെയാണ് ഞങ്ങളുടെ 'കറൻസി' മാറുന്നത്. പോക്കറ്റിൽ നിന്ന് വാരിയെടുക്കുന്ന കശുവണ്ടി ത്രാസിൽ തൂക്കി കുഞ്ഞൻ ചേട്ടൻ പകരം തരുന്നത് ചില്ലുഭരണിയിൽ ഇരിക്കുന്ന നാരങ്ങാ മിട്ടായിയും, കപ്പലണ്ടി മിട്ടായിയും, പുളിമിട്ടായിയുമൊക്കെയാണ്. ആ മിട്ടായി നുണഞ്ഞുകൊണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ ലോകം മുഴുവൻ കീഴടക്കിയ സന്തോഷമായിരുന്നു ഞങ്ങൾക്ക്.

ഇന്ന് സൂപ്പർമാർക്കറ്റുകളിലെ പളപളപ്പൻ കവറുകളിൽ വറുത്തുപ്പേരിയാക്കിയ കശുവണ്ടി കാണുമ്പോൾ ആ പഴയ കറപുരണ്ട നിക്കർ പോക്കറ്റുകളും, ശങ്കരൻ നായരുടെ ഓട്ടവും, നാരങ്ങാ മിട്ടായിയുടെ മധുരവും ഓർമ്മ വരും. കാലം മാറിയപ്പോൾ ആ കശുമാവുകളും വഴിയോരങ്ങളും അപ്രത്യക്ഷമായി;  ഒപ്പം ആ നിഷ്കളങ്കമായ ബാല്യകാല കച്ചവടങ്ങളും!  പക്ഷേ ഒന്നു പറയട്ടെ,  അന്നത്തെ ആ കശുവണ്ടി മോഷണ ഓപ്പറേഷൻ നേതാവ് അല്ലെങ്കിൽ ക്യാപ്റ്റൻ അപ്പുക്കുട്ടൻ ഇന്നീ സ്റ്റേറ്റിലെ ആഭ്യന്തര മന്ത്രിയാണ്. അതുപോലെ അന്നത്തെ ഓപ്പറേഷനിലെ പെൺകുട്ടി നേതാവായിരുന്ന അമ്മിണി വനിതാ കമ്മീഷനിലൂടെ പടിപടിയായി ഉയർന്നു ഇന്നു  കശുവണ്ടി കോർപ്പറേഷൻ ഡയറക്ടർ ആണ്. അമേരിക്കയിലേക്ക് മടങ്ങുന്നതിനു മുമ്പ് അപ്പുക്കുട്ടൻ മന്ത്രിയെയും, ഉരുക്കുവനിതയായ കശുവണ്ടി കോർപ്പറേഷൻ ഡയറക്ടർ അമ്മിണിയെയും കാണണം. അവർ ഈ  പഴയ കശുവണ്ടി മോഷണ  ഗ്രൂപ്പ് സതീർത്ഥ്യനെ ഓർക്കുമോ അറിയുമോ ആവോ? പണ്ടു കുചേലൻ  അവൽപൊടിയുമായി ശ്രീകൃഷ്ണനെ കാണാൻ പോയ മാതിരി ഒന്ന് പോയി നോക്കാം. പറ്റിയാൽ ഒരു നൂറായിരം അമേരിക്കൻ പ്രവാസി മലയാളികളുടെ കേരള പ്രശ്നങ്ങൾ ഒന്ന് പരിഹരിക്കാൻ ഒരു അഭിമുഖവും കൂട്ടത്തിൽ ഒരു നിവേദനവും കൊടുക്കാമല്ലോ?.

Join WhatsApp News
ദേവരാജ കുറുപ്പ് 2026-11-16 07:40:39
വായിച്ചു പോകാൻ പറ്റിയ നല്ല സരസമായ കഥാ വിവരണങ്ങൾ. നാട്ടിൻപുറത്തെ പണ്ടത്തെ പ്രൈമറി വിദ്യാഭ്യാസ കാലത്തെ കുട്ടികളുടെ കൊച്ചു കൊച്ചു സമ്പാദ്യ മാർഗ്ഗങ്ങൾ, കിട്ടിയ കൊച്ചു സമ്പാദ്യങ്ങൾ എങ്ങനെ ചെലവഴിക്കുന്നു എന്നതൊക്കെ, ഈ കശുവണ്ടി കളവ് ഓപ്പറേഷനിലൂടെ കഥാകൃത്ത് നർമ്മത്തിൽ ചാലിച്ച് എഴുതിയിരിക്കുന്നു. ഇപ്പോൾ അതിലെ ഒരു കൊച്ചു കള്ളൻ ആഭ്യന്തരമന്ത്രി, മറ്റൊരു കൊച്ചു കള്ളി അണ്ടി കോർപ്പറേഷൻ ഡയറക്ടർ ആയിരിക്കുന്നു. അവരെ കാണാനും നിവേദനം കൊടുക്കാനും നമ്മുടെ പൊക്കാനാ foma ഭാരവാഹികൾ പോലെ എഴുത്തുകാരനും പോകുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ പിടിപ്പ് കേട് കൊണ്ട് നാട്ടിൽ അമേരിക്കൻ മലയാളിയുടെ വില കുറഞ്ഞുപോയി എന്ന് ചിലർ പറയുന്നു, എന്ന് മാത്രം കഥാകൃത്ത് പറഞ്ഞു നിർത്തുകയാണ്. അദ്ദേഹത്തിൻറെ അഭിപ്രായം അല്ല അത് എന്നാണ് എഴുത്തുകാരൻ പറയുന്നത്. ഒരുപക്ഷേ, ഇന്ത്യയിലെയും അമേരിക്കയിലെയും ഭരണാധികാരികളെ കഥയിൽ പോലും വിമർശിക്കാൻ മാധ്യമ പ്രവർത്തകർക്ക് ഇപ്പോൾ സ്വാതന്ത്ര്യമില്ല അല്ലെങ്കിൽ പേടിയാണെന്ന് തോന്നുന്നു. ഇവിടത്തെ പ്രസിഡന്റിന്റെ മോശപ്പെട്ട നിലപാടുകൾ കൊണ്ട് തന്നെയല്ലേ അദ്ദേഹത്തിൻറെ പാർട്ടി കഴിഞ്ഞ ഇലക്ഷനിൽ തോറ്റു തുന്നം പാടിയത്. തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിൽ എല്ലാ ഡെമോക്രാറ്റുകളും ജയിച്ചു കയറി. ആ കൂട്ടത്തിൽ democrat ആയി നിന്ന മലയാളികൾ 95 ശതമാനം ഭൂരിപക്ഷത്തോടെ ഇടിച്ചു കയറി. മുകളിൽ വായിച്ചത് ഒരു നർമ്മകഥ ആണെങ്കിലും കൂട്ടത്തിൽ ഒരു മെംബോഡി പോലെ ഒരു അല്പം കേരള രാഷ്ട്രീയവും അമേരിക്കൻ രാഷ്ട്രീയവും ചേർത്തു എന്നു മാത്രം. പലരുടെയും ബാല്യകാല ഗൃഹാതുര ചിന്തകളിലേക്ക്, കഥകളിലേക്ക് ഈ ഹാസ്യ ചിത്രീകരണം കൊണ്ടുപോയി എന്നതിൽ യാതൊരു തർക്കവുമില്ല. ഭാവുകങ്ങൾ.
ഡോക്ടർ ഐസക്ക് തോമസ് 2026-11-16 21:22:06
ഇവരൊക്കെ കൊച്ചു കള്ളന്മാരും കള്ളികളുമല്ലേ?. വളർന്നു വരുമ്പോൾ വമ്പൻ കള്ളന്മാരും അഴിമതിക്കാരും, കൊള്ളക്കാരും ആകാതിരുന്നാൽ മതി. കേരളത്തിലെ എന്ന പോലെ വല്ല ഓപ്പറേഷൻ തുപ്പാനോ, വല്ലോം വഴി വലിയ കൊള്ളക്കാരെ പിടിച്ച് അകത്താക്കണം. ഇപ്പോൾ കേരളത്തിൽ ഒരു സർക്കാർ മാറി വന്നിട്ടുണ്ടല്ലോ?. പഴയ എല്ലാ വന്‍ കൊള്ളത്തരങ്ങളും, ആഴിമതികളും ഒരു കള്ളത്തരങ്ങളും ഉടൻ അന്വേഷിക്കും പിടിക്കും എന്നൊക്കെ പറഞ്ഞ് അധികാരത്തിലേറിയിട്ട് അതൊന്നും നടത്തുന്നില്ലല്ലോ?. അവരെയൊക്കെ പിടിക്കുന്നതിനു പകരം അവരെയൊക്കെ രക്ഷിക്കുക അവരോട് ഒത്തു കളിക്കുകയാണല്ലോ ചെയ്യുന്നത്?. കേരളം സന്ദർശിക്കുന്ന ആൾക്കാർ മന്ത്രിമാരുടെ ഒക്കെ കൂടെ നിന്ന് ഫോട്ടോയെടുത്താൽ പോരാ, ഇക്കാര്യത്തെപ്പറ്റിയും വളരെ ശക്തിയായി തന്നെ ചോദ്യങ്ങൾ ഉന്നയിക്കണം. ചുമ്മാ അണ്ടി കളഞ്ഞ അണ്ണാനെ പോലെ അവരുടെ കൂടെ നിന്ന് ഫോട്ടോയെടുത്ത് വാർത്തയും കൊടുത്താൽ മാത്രം പോരാ. ഒരാൾ രണ്ടു ദിവസം മുമ്പ് അവിടെ പോയി പറയുന്നത് കേട്ടു " നെടുമ്പാശ്ശേരി എയർപോർട്ടിന് കരുണാകര എയർപോർട്ട് എന്ന് പേരിടണം പോലും? കഷ്ടം തന്നെ. അമേരിക്കയിലേക്ക് വന്നാല് ഇവിടെയും കൃഷി മോഷണം ഫലമോഷണവും നടക്കുന്നുണ്ട്. ഞാൻ ഫ്ലോറിഡയിൽ ആണ്താമസിക്കുന്നത്. എനിക്ക് അവിടെ രണ്ടേക്കർ കൃഷിയുണ്ട്. കൃഷിത്തോപ്പിൽ നിന്ന്, ധാരാളമായി കശുവണ്ടി മോഷണം, ചക്ക മോഷണം, കടച്ചക്ക മോഷണം, മാങ്ങാ മോഷണം, കറിവേപ്പില മോഷണം, വാഴക്കുല മോഷണം എല്ലാം നടക്കുന്നുണ്ട്. കുഞ്ഞുങ്ങൾ മാത്രമല്ല മോഷണം നടത്തുന്നത്. അടുത്തകാലത്തായി നിയോർക്കിൽ നിന്നും ചിക്കാഗോ നിന്നും കുറച്ചു മലയാളികൾ കൂടിയേറിയിട്ടുണ്ട്. അവരിൽ വയസ്സന്മാരും കിളവികളും ചെറുപ്പക്കാരും ഉണ്ട്. എനിക്ക് അവരിൽ ചിലരെയൊക്കെ ചെറിയ സംശയം ഉണ്ട്. കേരള മോഡലിൽ ഇവിടെയും ഒരു പോലീസ് - "Thuppan-തുപ്പൽ" ഇവിടെയും എന്തെങ്കിലും നടപ്പാക്കാൻ പറയണം. നല്ല ഒന്നാന്തരം ഏത്തക്കുലയാണ് മോഷണം പോയത്. കുറച്ച് അധികം തേൻ വരിക്കച്ചക്കയും മോഷണം പോയി. മേലെ എഴുതിയ ആ കൊച്ചു തമാശ കഥ വായിച്ചപ്പോഴാണ് അത്തരം സംഗതികൾ എൻറെ തോട്ടത്തിൽ നടക്കുന്നുണ്ടല്ലോ എന്നതിനെപ്പറ്റി ഞാൻ ചിന്തിച്ചത്.
മത്തായി തെരുവിൽ 2026-11-17 00:09:52
പൊന്ന് ഡോക്ടർ ഐസക് തോമസ് സാറേ ചതിക്കല്ലേ. സാറു പറഞ്ഞ ആ സ്ഥലത്ത് വല്ല സിസിടിവിയും വെച്ചിട്ടുണ്ടോ?. എന്നെ വല്ലോം ഉന്നം വച്ചാണോ സാർ എഴുതിയിരിക്കുന്നത്. സാറേ ഞാനും നിയോർക്കിൽ നിന്ന് കുടിയേറിയ ഒരാളാണെന്ന് ശരിയാ. പക്ഷേ ഞാന് ആരുടെയും അണ്ടിയോ ചക്കയോ വാഴക്കുലയോ ഒന്നും മോഷ്ടിക്കാറില്ല. പകൽ മുഴുവൻ എഴുത്ത് എൻറെ ജോലി. രാത്രി ഒരു 9:00 മണി ഞാനൊന്ന് നടക്കാൻ പോകും. കഴിഞ്ഞദിവസം നടക്കാൻ പോയപ്പോൾ വഴിയരികിലേക്ക് ചാഞ്ഞു കിടന്ന ഒരു മാവിൽ നിന്ന് ഒരു മാമ്പഴം എൻറെ മുമ്പിൽ വീണു. . അപ്പോൾ ഞാൻ അത് എടുത്ത് കടിച്ച് ഊമ്പി തിന്നു എന്നത് മാത്രം ശരി. അതിപ്പോ അത്ര വലിയ തെറ്റാണോ?. ? അത് സാറിൻറെ മാവോ വല്ലതും ആയിരുന്നോ എന്നൊന്നും എനിക്കറിയില്ല. ഇനിയൊന്ന് ചോദിക്കട്ടെ സാറിൻറെ പേരിൻറെ മുമ്പിലുള്ള ആ ഡോക്ടറേറ്റ് ഡിഗ്രി വല്ല ഫേക്ക് ഡിഗ്രി ആണോ?. അല്ലയോ ആരാണ്ട് പറഞ്ഞ മാതിരി വല്ല വാഴക്കുല ഡിഗ്രിയോ മറ്റോ ആണോ?. ചുമ്മാ ചോദിച്ചു എന്ന് മാത്രം. സാറേ വല്ല വാഴക്കൊലയോ മറ്റോ വിൽക്കാൻ ഉണ്ടെങ്കിൽ പറയണം കേട്ടോ. ഞാൻ അത് ശരിക്കും വില തന്നു തന്നെ വാങ്ങിക്കോളാം. പിന്നെ ആ മുകളിൽ എഴുതിയിരിക്കുന്ന നർമ്മ കഥ ഒരുവിധം നന്നായിട്ടുണ്ട്. പുള്ളിക്കാരനും പണ്ട് നിയോർക്കിലാണ് ജീവിച്ചിരുന്നത്. ഇപ്പോൾ എവിടെയാണെന്ന് അറിയില്ല. പുള്ളിക്കാരനും വയസ്സും പ്രായവും ഒക്കെ ആയി എന്നാണ് അറിവ്. . ഒരു പഴയ എഴുത്തുകാരനാണ് പുള്ളി. നമ്മുടെ റെജി നെടുങ്ങാട പള്ളി ഉണ്ടല്ലോ, പുള്ളിയും നീയോർക്കിൽ നിന്ന് കുടിയേറിയ ആളാണ്. ഇപ്പോൾ ഫ്ലോറിഡയിൽ എങ്ങാണ്ട് ആണെന്ന് കേൾവി. പുള്ളിയെ സംശയിക്കാൻ വേണ്ടി അല്ല കേട്ടോ ഞാൻ പുള്ളിയുടെ പേര് എഴുതിയത്. പുള്ളിക്കാരൻ കണ്ടവന്റെ പറമ്പിൽ കയറി അതും ഇതും മോട്ടിക്കുന്ന ഒരു പതിവില്ല എന്നാണ് ഞാൻ കേട്ടത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക