
അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ 'പറക്കും പക്ഷിയെ പ്രണയിക്കുന്നവര്‍' തികച്ചും വ്യത്യസ്തമായ ഒരു നോവലാണ്. കഥയിലെ ഷാഫി ദൗര്‍ഭാഗ്യവാനായ ഒരു കഥാപാത്രമാണ്. അവനവനെയും രണ്ടു ജീവിതപങ്കാളികളെയും അവര്‍ ജീവിച്ചിരുന്ന സാഹചര്യങ്ങളെയും തിരിച്ചറിയാന്‍ കഴിയാതെ വന്നതാണ് ഷാഫിക്ക് പറ്റിയ അബദ്ധo. അത് മനസ്സിലാക്കി വരുമ്പോഴേക്കും ജീവിതം കൈയില്‍ നിന്നും വിട്ടുപോകുന്നു! സ്വന്തം മടിയിലേക്ക് വച്ച് നീട്ടിയ സ്വപ്നതുല്യമായ ജീവിതം അപ്പോഴേക്കും ഷാഫി വളരെ വിദൂരതയിലേക്ക് സഞ്ചരിച്ചു കഴിഞ്ഞിരുന്നു.
സിന്ധ്യയെ രത്‌നങ്ങളില്‍ രത്‌നമായും സാബിയെ ഉരച്ചു മിനുസ്സപ്പെടുത്തി തിളങ്ങിയേക്കാവുന്ന രത്‌നമായി മാറ്റിയാലും, ഇവര്‍ രണ്ടും കഥാനായകനു നഷ്ടപ്പെടുകയാണ്.

ഷാഫി തക്കതായ കാരണമില്ലാതെ സിന്ധ്യയെ ഡിവോഴ്‌സ് ചെയ്യുന്നു. അങ്ങനെയാണെങ്കില്‍ അതേ തുലാസില്‍ തന്നെ തൂക്കുകയാണെങ്കില്‍ സാബി ഷാഫിയെ സ്‌നേഹിക്കാതിരിക്കുന്നത് ഒരു പ്രത്യേക കാരണങ്ങള്‍ കൂടാതെയാണെന്ന് വേണമെങ്കില്‍ സമര്‍ത്ഥിക്കാം. ഒന്നുകൂടെ വ്യക്തമാക്കുകയാണെങ്കില്‍ ഷാഫി ചെയ്ത പ്രവൃത്തി തന്നെ വേറൊരു രൂപത്തില്‍ സാബി ചെയ്യുന്നു. ഇത് മനുഷ്യസ്വഭാവത്തിലടങ്ങിയിട്ടുള്ള വൈചിത്ര്യമെന്നതില്‍ ആണ് - പെണ്‍ എന്ന വേര്‍തിരിവ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.
റിട്ടയര്‍മെന്റ് കഴിയുമ്പോള്‍ മാനസികമായും ശാരീരികമായും വളരെ സമ്മര്‍ദ്ദമനുഭവിക്കുന്ന ഒരാള്‍ക്ക് എത്ര ശ്രമിച്ചാലും ജീവിതം തിരിച്ചു പിടിക്കല്‍ അപ്രായോഗികമാണ്. ആ നിലക്ക് ഷാഫി നഴ്സിംഗ് ഹോമിലെ അന്തേവാസിയാകുമ്പോള്‍ മകന്‍ മുസ്തഫയുടെ സന്ദര്‍ശനം അദ്ദേഹത്തിനു അല്പം ആശ്വാസം പകരുന്നതായി തോന്നുന്നു.

സിന്ധ്യ തൊലിയുടെ നിറത്തിലൊ, വളര്‍ന്നു വന്ന സാഹചര്യങ്ങളിലെ വ്യത്യാസങ്ങളിലൊ, ജാതിമത പൊരുത്തക്കേടുകളിലൊ, അസഹിഷ്ണുതയില്ലാതെ നല്ലൊരു ജീവിതം നയിക്കാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ്.
സാബി ഈ നോവലില്‍ തന്റെ സ്വകാര്യത സംരക്ഷിക്കാന്‍ തീവ്രമായി ശ്രമിക്കുന്നവളും വിട്ടുവീഴ്ചക്ക് തയ്യാറില്ലാത്തവളുമായി കാണപ്പെടുന്നു. ഷാഫിയുടെ ആന്തരിക സംഘര്‍ഷങ്ങളെ സാബി കാതോര്‍ക്കുന്നതായോ, അയാളുടെ മൗനങ്ങളെ അറിയുന്നതായോ കാണുന്നില്ല! അവളുടെ സമീപനരീതികളില്‍ നിന്നും നിര്‍ബന്ധബുദ്ധിയില്‍ നിന്നും മാറിയാലേ ജീവിതം സുഗമവും സാരസമ്പുഷ്ടവുമാകൂ എന്നവള്‍ ചിന്തിക്കുന്നില്ല.
സാബി, മദ്യം മാരകവും നിഷിദ്ധവുമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ചുറ്റുപാടിലാണ് വളര്‍ന്നത്. അവള്‍ മദ്യപാനത്തെ നിശിതമായി വെറുക്കുന്നു. ഒരു സോഷ്യല്‍ ഡ്രിങ്കു പോലും അവളുടെ ചിന്തക്കതീതമാണ്. സോഷ്യല്‍ ഡ്രിങ്കിങ് ലോകത്തുടനീളം പരക്കെ അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണെന്ന കാര്യം സാബി മനസ്സിലാക്കുവാന്‍ ആഗ്രഹിക്കുന്നതേയില്ല. സാബി നോവലിലുടനീളം മദ്യത്തിനെതിരായ ന്യായവാദങ്ങളും തെളിവുകളും നിരത്തുന്നു. അവള്‍ കുടിക്കുന്നവരെ കണ്ടിരുന്നത്, അവര്‍ കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുന്നവരായിട്ടാണ്. കൗണ്‍സലിങ്ങില്‍ സാബിക്ക് അശേഷം താല്പര്യമില്ല!
ഒന്നാഞ്ഞു ശ്രമിച്ചാല്‍ പരിഹരിക്കപ്പെടാവുന്ന കുടുംബപ്രശ്‌നങ്ങളുടെ ഒരു ദര്‍പ്പണമായി ഈ നോവലിനെ കാണാo.
ജീവിതം പലതും ചോദിക്കാതെ തന്നെ മുന്നിലേക്ക് വച്ച് നീട്ടിയിട്ടും അതിനെ സ്വീകരിക്കാന്‍ ശ്രദ്ധിക്കാത്ത കഥാനായകന്‍.

ഭാര്യാഭര്‍തൃബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ വന്നാല്‍ പോലും സഹചാരിയെ ഉള്‍ക്കൊള്ളാനുള്ള ഒരു വ്യത്യസ്തതലo ഉണ്ടായിരിക്കണം. അത് മനസ്സിലാക്കാന്‍ കഴിയാത്ത ഷാഫിക്ക് തന്റെ സ്വര്‍ഗ്ഗതുല്യമായ ബന്ധങ്ങള്‍ തകരുക മാത്രമല്ല, ആ ബന്ധം വിട്ടുപോയിട്ടും അയാള്‍ അതില്‍ ബന്ധനസ്ഥനാകേണ്ടി വരുന്നു!
പറുദീസയില്‍ നിന്ന് നീര്‍ക്കയത്തിലേക്ക്...!
നോവലിന്റെ അവസാനഭാഗത്ത് സാബിയുടെ മനോഭാവത്തിലും പ്രവൃത്തിയിലുമുണ്ടായ മാറ്റം ശരിയായി മനസ്സിലാക്കുവാന്‍ സാധിക്കയില്ല എന്ന സത്യത്തിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നു. തികച്ചും അകക്കാമ്പുള്ള ഒരു നോവലാണ് 'പറക്കും പക്ഷിയെ പ്രണയിക്കുന്നവര്‍'.