Image

ശിശുദിനാശംസകൾ (അൻവർ ഷാ ഉമയനല്ലൂർ)

Published on 14 November, 2026
ശിശുദിനാശംസകൾ (അൻവർ ഷാ ഉമയനല്ലൂർ)

പനിനീർദളംപോലുണരുന്ന സുദിനമേ,

നവംബറിൻ നവ ഹൃദ്യ നന്മയാം സ്നേഹമേ,

എന്നുമുണർവ്വുപകരുന്നതാം പരിമളം,

തരളിതമാക്കുന്നയലിവാർന്ന ഹൃദയമേ,

കുളിർ രമ്യമായിത്തെളിക്കുന്നു ശിശുദിനം;

ചൊടികളാലോമനിക്കുന്നുദയ സുസ്മിതം.

മൃദുസൗമ്യ ചിന്താർദ്രമലരായ് വിടർത്തുമാ-

നന്മുഖം, പ്രിയ മകൾമുകുളങ്ങളിന്നിളം

ചൊടികളാലോമനിക്കുന്നുദയ സാമ്യമായ്

കരുതിവയ്ക്കു,ന്നതേ കുരുന്നുഹൃദയങ്ങളിൽ.

നവംബറിൻ നവഹൃദ്യ നന്മയാം സുദിനമേ, 

അലിഞ്ഞുപോകുന്നതാം മധുരാർദ്ര കാവ്യമേ,

ഇതുവഴിയെത്തിത്തളർത്തതാം മാനവർ

കൊതിയോടെ യോർത്തുണർത്തുന്നില്ലെ; ബാല്യകം?

എത്ര നവ ശൈശവമുകുളങ്ങൾ നിത്യവും

നിർമ്മല സ്നേഹ ഹൃദയങ്ങൾ ലാളിക്കുന്നു;

പരിലാളനകളില്ലാതുപരി പാരിതിൽ

പോരടിക്കുന്നെത്ര നന്മാർദ്ര ജീവിതം ?

ഏതാകിലും മൃദുല ദളമായ്ക്കൊഴിയാതെ

കാത്തിടാനോർത്തു പ്രാർത്ഥിക്കുന്നു കാവ്യകം;

പുഞ്ചിരിക്കുംമുഖം കാണാൻ കൊതിപ്പിതേൻ

പ്രിയ മകൾമുകുളങ്ങളോടൊത്തൊരേവിധം.

ഭാരതത്തിൻ മഹാപൈതൃക മാനസം

മാറോടണയ്ക്കാൻ പഠിപ്പിച്ചതാംവരം

ചേർത്തുവായിക്കേണ്ടതാ,ണിന്നു ശൈശവം;

യുദ്ധക്കെടുതിയാൽ വലയുന്നുമാർദ്രകം.

വെണ്ണപോലുള്ളതാം വെണ്മതൻ ഹൃദയമാ-

യോർക്കയാണറിയാതെയാരമ്യ ചിത്രകം;

ഉണ്ണിക്കണ്ണനും ശ്രീയുണ്ണിയേശുവും 

നന്മാർദ്രബാലനാം തിരുനബി മുഹമ്മദും

പ്രിയരമ്യസാമ്യം വളർന്നവർ നമ്മളും

നന്മാർദ്രഹൃദയങ്ങൾ ലാളിച്ച നാടിതും.

ബാലാർക്ക ഹൃദയമേകുന്നതാം ഭാരതം

കേവലം മർത്യരായ്ക്കാണില്ല; ശൈശവം

പ്രാണാർദ്ര ഹൃദയമുകുളങ്ങളായ്ക്കരുതുന്നു;

സ്നേഹാർദ്രതയാൽ മാറോടണയ്ക്കുന്നു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക