
നിശ്ശബ്ദമായ് നിരന്ന കല്ലറകൾക്കിടയിലൂടെ
യേകാകിയായി ഞാൻ നടന്നുനീങ്ങി..
കൊത്തിവച്ച പേരുകൾക്കുള്ളിലെ
കാലം മറന്നു പോയ കഥകളും തേടി..
ചിലതിൽ പൂക്കൾ മെല്ലെ ചിരിച്ചു,
സ്നേഹത്തിന്റെ ഇളം കാറ്റ് അവയെ തലോടി ചുറ്റിനിന്നു...
മറ്റുചിലതിൽ കാട്ടുവള്ളികൾ പടർന്നുമിരുണ്ടും
മറവിതൻ മാറിലായ് മയങ്ങിക്കിടന്നു.
ക്ഷണിക ജീവിതത്താരകളിൽ അധികാരക്കൊടുമുടിയേറി
അഹങ്കരിച്ചു - വാണവരിവിടെ..
വിരൽ ചൂണ്ട ലാൽ ഉലകം വിറപ്പിച്ചവർ
ഇന്നൊരു പുൽനാരുപോലും നീക്കാൻ കഴിയാതെ!
ആയിരം ശിരസ്സുകൾ കുനിഞ്ഞു വണങ്ങിയ പാദങ്ങൾ
ആരുമറിയാതെ മണ്ണിൽ മറഞ്ഞു കിടക്കുന്നുവോ ?
പൊൻലിപികളിൽ കൊത്തിയ അവരുടെ
പേരുകൾ
കാലത്തിൻ കൈകളാൽ മാഞ്ഞു മറയുന്നു.
കൊച്ചൊരു
കല്ലറയ്ക്കു മുന്നിലായ്
മുട്ടുകൾ മടക്കിയിരുന്നു -
വൃദ്ധയൊരുവൾ .
വിറയാർന്ന കൈകളാൽ പൊടികളും കരിഞ്ഞ ഇലകളും തുടച്ചു മാറ്റി
കണ്ണീരിൽ
കഥകൾ പതംപറയുന്നു.... ആരോടാവാം..!
ഉള്ളിലുലുറങ്ങുന്നതൊരു വേള ,
ലോകമറിയാത്തൊരു സാധുവായിരിക്കാം..
എങ്കിലുമാ വൃദ്ധ സ്ത്രീയുടെ ഹൃദയത്തിനുള്ളിൽ
മരണമില്ലാതെ ജീവിച്ചിരിക്കുന്നുണ്ടാ മർത്യനിന്നും
നിശ്ശബ്ദയായ് ആ കാഴ്ചയും നോക്കിനിന്നു ഞാൻ ...
ഇവിടെയുറങ്ങുന്ന ജീവിതങ്ങളേ ..
എത്രയോ സ്വപ്നങ്ങളാവും
നിങ്ങളിൽ പുതഞ്ഞു പോയത്..!
വാക്കുകൾ
എത്രയോ പറയാതെയും പോയിരിക്കും..!
എത്രയോ മോഹങ്ങൾ മൗനമായ് തീർന്നു കുതിർന്നു ,
എത്രയോ സ്നേഹവികാരങ്ങൾ കണ്ണീരിലലിഞ്ഞു.
ഒരിക്കൽ ലോകമായ് കരുതിയതെല്ലാം
ഇവിടെയീ മണ്ണിൽ
ആഴ്ന്നുപോയ്...
സമ്പത്തിനായില്ലൊരു നിമിഷവും തിരികെ വാങ്ങാൻ,
അധികാരത്തിനായില്ല മൃതിയുടെ വരവിനെ തടഞ്ഞു നിർത്താൻ..
വാരിക്കൂട്ടിയതത്രയും
ഒടുവിലീ നനഞ്ഞുറച്ച മണ്ണിനു മുന്നിൽ തോൽവിയേറ്റു...
തിരിഞ്ഞുനടന്നപ്പോൾ നെഞ്ചിൽ നിറഞ്ഞ നോവും വിഷാദവും
പാദങ്ങൾക്ക് കനം കൂട്ടുകയായി..
ഇന്നിവിടെ പൂക്കളർപ്പിക്കുന്ന കൈകളും
നാളെയൊരോർമ്മ മാത്രമായ് മാഞ്ഞുപോകും..
ആരൊക്കെയോ ആകാനുമാണെന്നും കൊതിച്ചു നാം പടകൾ നയിച്ചു ,
എന്തൊക്കെയോ നേടിടാൻ ഓടിനടന്നു..
കിട്ടിയവയെല്ലാം സ്വന്തമെന്നു കരുതി,
ഒടുവിൽ എല്ലാം മരീചികയായ കന്നുപോയി -
ഞാനെന്നോടുതന്നെ ചോദിച്ചു...
മണ്ണിൽ മറയുമീ ജീവിതം പ്രതി
എന്തിനീ അഹന്ത, എന്തിനീ ഗർവ്വം?
പേരും പെരുമയും കാലം കവർന്നാലും
പകർന്നൊരു സ്നേഹം മാഞ്ഞുപോകുമോ?
അധികാരം മണ്ണിൽ മറഞ്ഞു പോകും,
അഹങ്കാരം കാറ്റിൽ അലിഞ്ഞു പോകും.
ഒരു ഹൃദയത്തിലെങ്കിലും മമതയും സ്നേഹവും
ജ്വലിപ്പിക്കുവാനാകുകിൽ -
അതത്രയുമല്ലേ ജീവിത പുണ്യം ?