
തുടക്കത്തിൽ നേരിയ അസ്വസ്ഥതയേ ഉണ്ടായിരുന്നുള്ളൂ ... ക്രമേണ ചെറുതായി ശ്വാസം മുട്ടാൻ തുടങ്ങി ... പിന്നെ പിന്നെ ഒരേ തുമ്മലാണ് ... ശക്തമായ ചുമയും . ഇപ്പോഴിതാ ഡോക്ടർ മേലാകെ ചൊറിഞ്ഞ് തിണർക്കുന്നു .
ഡോക്ടർ പേഷ്യൻ്റിനെ ശ്രദ്ധാ പൂർവം കേട്ടു , സസൂക്ഷ്മം നിരീക്ഷിച്ചു .
പേഷ്യൻ്റ് തുടർന്നു - മുറിയിൽ വാതിലടച്ച് കിടന്നുറങ്ങിയാൽ യാതൊരു പ്രശ്നവുമില്ല . പുസ്തകങ്ങൾ ഒന്നുമില്ലാത്ത മുറിയായിരിക്കണം എന്ന് മാത്രം .
ഡോക്ടറുടെ ആലോചന ഒരു ചോദ്യമായി - പുസ്തകങ്ങളിലെ പൊടിയാണോ അലർജിക്ക് കാരണം ?
പേഷ്യൻ്റ് - അല്ല സാർ ... പൊടി പാറുന്ന നഗരത്തിരക്കിലൂടെ നടക്കാനൊന്നും എനിക്ക് യാതൊരു പ്രയാസവുമില്ല .
ഡോക്ടർക്ക് കാര്യം പിടി കിട്ടി . രോഗത്തിൻ്റെ സമഗ്ര സ്വഭാവം മനസ്സിലാക്കാൻ അയാൾ ഒന്നു കൂടി ആരാഞ്ഞു-വായിക്കുകയോ വായിക്കുന്നതിനക്കുറിച്ച് വിചാരിക്കുകയും ചെയ്യുന്നതാണ് പ്രശ്‌നം . അല്ലേ ?
അത് മാത്രമല്ല ഡോക്‌ടർ , പേഷ്യൻ്റ് വ്യക്തമാക്കി . ആരെങ്കിലും തുടർച്ചയായി സംസാരിക്കുന്നത് കേട്ടാലും സർവ്വത്ര കുഴപ്പമാണ് . ഡോക്‌ടർ തന്നെ ഈ അലർജിയെക്കുറിച്ച് അഞ്ചു മിനുട്ട് സംസാരിച്ചാൽ ഞാനിവിടെ ബോധം കെട്ട് വീഴും .
ഡോക്‌ടർ മനസ്സിലാക്കി - ഇത് വെർബൽഫോബിയ ആണ് . വാക്കലർജി . ഒരു വാക്കും കണ്ണിലോ ചെവിയിലോ പെടാൻ പാടില്ല , പത്തിരുപത് വർഷം കൊണ്ട് വെർബോ ഫോബിയ നൂറിരട്ടിയായി വർധിച്ചിരിക്കുന്നു .
ഡോക്ടർ താൻ പുതുതായി വികസിപ്പിച്ചെടുത്ത കണ്ണടയും ഇയർ ഫോണും ഷെൽഫിൽ നിന്നെടുത്ത് അയാൾക്ക് കൊടുത്തു ..
പേഷ്യൻ്റ് കണ്ണടയും ഇയർ ഫോണും ഘടിപ്പിച്ചു . എന്നിട്ട് ഡോക്ടറുടെ നെയിം ബോർഡ് വായിച്ചു-ഡി ആർ എ എസ് എച്ച് ഓ കെ .
Thank you doctor . വാക്കില്ല . വാക്ക് അക്ഷരങ്ങളായി ചിതറിയിരിക്കുന്നു .
എന്നാൽ അയാൾ കേട്ടത് ടി എച്ച് എ എൻ കെ വൈ ഓ യു ഡി ഓ സി ടി ഒ ആർ എന്നായിരുന്നു.