Image

നിത്യത (കവിത: വേണുനമ്പ്യാർ)

Published on 13 November, 2026
നിത്യത (കവിത: വേണുനമ്പ്യാർ)

മിനിഞ്ഞാന്ന് രാവിലെ ആറരയ്ക്ക് മുടന്തൻ പത്രക്കാരനോടൊപ്പമാണ്
നിത്യത പടി കയറി വന്നത്.

മഷി പുരണ്ട അക്ഷരങ്ങളിൽ നിന്നും
നിത്യത എന്റെ കണ്ണുകളെ
പിഴുതെടുത്തു.
എന്നിട്ട് പരിഹാസപൂർവ്വം ചോദിച്ചു:
എങ്ങനെയുണ്ട് മനോഹരമായ
ഈ അന്ധകാരം?

നിത്യത ഒരു ചില്ലു പാനപാത്രം
കൈ മാറി.
ഞാൻ അതിൽ നിന്നും
പ്രണയത്തിന്റെ വിശുദ്ധ വീഞ്ഞ്
ആവോളം നുകർന്നു.
എന്റെ ഹൃദയാന്ധകാരത്തിൽ
ഒരു ദീപനാളം ആടിയുലഞ്ഞു.

നിത്യത കണ്ണ് ചിമ്മിയതും
എന്റെ വീടൊരു കൊട്ടാരമായി.
നിത്യത ഇമ തുറന്നു;
അതേ കൊട്ടാരത്തിൽ
ഞാനൊരു പിച്ചക്കാരനായി.

ഉൾദാരിദ്ര്യത്തിന്റെ ഉച്ചലഹരിയിൽ 
ഞാൻ കണ്ണടയ്ക്കവെ
നിത്യത എന്റെ സമ്പന്നമായ ഹൃദയത്തിനു കാവൽ നിന്നു.
അടുപ്പത്തിന്റെ സ്നേഹാമൃതം
ആവോളം നുണഞ്ഞതിനു ശേഷം
മരിച്ചവന് ഒരിക്കൽ കൂടി
ജീവൻ ലഭിച്ച മട്ടിൽ ഞാൻ കണ്ണ് തുറന്നു.
കിളികളും പൂക്കളും മേഘങ്ങളും
ദിവ്യ സംഗീതവുമായി
നിത്യത എന്നെ വലയം ചെയ്തു.

എന്റെ നെഞ്ചിനകത്തിരുന്ന് നിത്യത മന്ദ്രസ്ഥായിയിൽ കുറുകി. 
എന്റെ കഴുത്തിലെ സിരയിലൂടെ
സുഗന്ധപൂരിതമായ ഊർജ്ജ സംഗീതം
ഉയർന്നു.

സ്വർഗ്ഗീയാനുഭൂതിയുടെ
പീലിക്കാവടിയാട്ടം!

കൂട്ടുകാരാ,

വിട പറയുന്നേരം   
നിത്യത മന്ത്രിച്ചു:

പാപമല്ല,
നീ കരുതി കൂട്ടി ചെയ്യുന്ന പുണ്യമാകും
ജീവിതത്തിലെ അവസാനത്തെ കെണി.
മരണം വരെ 
മുഷിഞ്ഞു കാത്തിരിക്കണമെന്നില്ല;
ഇവിടെ ഈ നിമിഷം
നിത്യജീവിതത്തിലൂടെ
നിനക്ക് ഒരു പാലമിടാം എന്നിലേക്ക്!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക