Image

മകൾമുകുളങ്ങൾ...(അൻവർ ഷാ ഉമയനല്ലൂർ)

Published on 11 November, 2026
മകൾമുകുളങ്ങൾ...(അൻവർ ഷാ ഉമയനല്ലൂർ)

ശൈശവമുകുളമായ് മകരന്ദ തുള്ളിയാ-
യുള്ളിൽത്തിളങ്ങുന്നു പുലരിതൻ നന്മുഖം
പനിനീർ മലർസ്മിതംപോൽ രമ്യ ശൈശവം
പനിമതിപോലുണർത്തുന്നില്ലെ ഹൃത്തടം?

ആർദ്ര വർണ്ണാഭഹൃദയങ്ങളിൽ കവിതപോൽ
പുത്തുലഞ്ഞീടുന്നുണർവ്വിന്നുഷസ്മിതം
കാലമേ,യാരമ്യ വദനങ്ങൾ പലവിധം
തൂലികയാലെഴുതുന്നു നിൻ വൈഭവം.

ഉദ്യാനഭംഗിപോലുള്ളിൽത്തുളുമ്പുന്ന-
യുന്മേഷ ദായകാനന്ദമാം കാവ്യമേ,
നിൻ ഹൃദ്യ സ്പന്ദനാനന്ദമെൻ കരളിലും
തരളിത സ്മരണകൾ  പകരുന്നു പതിവിലും.

തൂനിലാവെന്നപോ,ലോരോ,യിതളുമെൻ
ജീവിതവാടിയിലുണർന്നതിൻ സ്മരണകൾ
തേൻനിലാപ്പക്ഷിപോൽ പാടുന്നു കരളുകൾ;
ഗ്രാമീണതേ,യ ലിഞ്ഞുണരുന്നു പുലരികൾ.

മകൾമുകുളമായിഞാ,നറിയുന്നു തവസ്മിതം
ശൈശവാഹ്ലാദമായ് നിറയുന്നതിൻ സുഖം;
നൈർമ്മല്യസൂനമേ, നിന്നിലൂടറിയുന്നു
കരുണാർദ്ര ഹൃദയസ്മിതാനന്ദ പരിമളം.

വാടാതിരിക്കട്ടെ;യോരോ ശിശിരവും
കാണാതിരിക്കട്ടെ,യഴകിൻ ലയസ്മിതം
താനേയുണരുന്നരുമകൾതൻ മുഖം;
താരാട്ടുപോലുണർത്തുന്നില്ലെ വാനിടം?

പാരിൻ പ്രസന്നാർദ്ര സ്വപ്നമേ, തിരുസ്മിതം
മുകുളമായ് മെല്ലെയുണർന്നെത്തി സാദരം
കാവ്യമായൊഴുകുന്നതിൻ രമ്യ ജീവിതം;
കരളിൽത്തുളുമ്പിത്തിളങ്ങുന്നു ഗ്രാമ്യകം.

വെണ്ണിലാവേ,യിന്നുമഴകാർന്നയാ,സ്മിതം
ആരമ്യ മുകുളമായ് മാറുന്നനന്തരം നിറയുന്നുണർവ്വിൻ പ്രഭാനന്ദ സുസ്മിതം
സാദരം വന്ദിച്ചു പോകുന്നു ഹൃത്തടം....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക