
മരണമേ
നിനക്കൊരിക്കലും അവിചാരിതമായ
ഒരതിഥിയായ് എന്നിലേയ്ക്കെത്താനാവില്ല.
ഓരോ നിമിഷവും
എന്റെ വിചാരങ്ങളിൽ നീയുണ്ട്.
നനുനനുത്ത നിന്റെ വിരൽ സ്പർശത്തെയോർത്ത്
ഞാൻ വേവലാതിപ്പെടാറേയില്ല
അത്രമേൽ ജീവിതാസക്തി എന്നെ ഉന്മത്താനാക്കിയിരുന്നില്ലല്ലോ
പിന്നെയെന്തിന്
നിന്റെ പതിഞ്ഞ കാലൊച്ചകൾ എന്നെ ഭയപ്പെടുത്തണം
എങ്കിലും ഞാനാലോചിക്കാറുണ്ട്
നിന്റെ ആഗമനത്തിന്റെ രൂപഭേദങ്ങളെ കുറിച്ച്
ഇരമ്പിയെത്തുന്ന ഏതോ വാഹനത്തിലാകുമോ നീയെത്തുക
അതല്ലെങ്കിൽ ഹൃദയത്തെ വരിഞ്ഞു മുറുക്കുന്ന ഒരാഘാതമായോ
അതുമല്ലെങ്കിൽ
നഗ്നനേത്രങ്ങളാൽ എനിക്ക് കാണാനാവാത്ത
അർബുദത്തിന്റെ സൂക്ഷ്മാണുവായാണോ നീ എന്നിലേയ്ക്കെത്തുക
എനിക്കറിയാം
ഇനി എന്നിലേയ്ക്കെത്താൻ നിനക്കധികം ദൂരമില്ലെന്ന്
നിന്നെ എനിക്കൊട്ടും ഭയമില്ല
എങ്കിലും
ഏകാന്തയുടെ ഏത് തുരുത്തിലേയ്ക്കാണ്
നീയെന്നെ കൊണ്ടു പോകുക എന്നോർക്കുമ്പോൾ
നിഗൂഢമായ ആ ലോകത്തെയോർത്ത് ചിലപ്പോഴൊക്കെ
ഞാൻ വല്ലാതെ അസ്വസ്ഥമാകാറുണ്ട്
എങ്കിലും
നിന്റെ ആഗമനം
എന്നെ ഒട്ടും ഭയപ്പെടുത്തുന്നില്ല ..