Image

കാറ്റായിരുന്നവൻ ( കവിത : പി.സീമ )

Published on 10 November, 2026
കാറ്റായിരുന്നവൻ ( കവിത : പി.സീമ )

വാനവും ഭൂമിയും
കാറ്റും കടലും 
നിദ്രയും 
സ്വപ്നവും 
ആയിരുന്നവനെ 
എവിടെയാണ് നീ 
എനിക്ക് തന്നു പോയ
മഹാകാശം?
ഒരു വേനലിലും 
ഉരുകില്ലെന്നു 
മോഹിപ്പിച്ച
ഹിമശൈലം.?
സപ്തവർണ്ണങ്ങൾ 
പൂത്ത സംഗമ ചാരുത?

ഇന്ന് 
ആരും കടന്നു വരാത്ത വിധം 
നീ ഇറങ്ങിപ്പോയ 
വഴിയോരത്ത് 
പൂത്തു നിൽക്കുന്നുണ്ട് 
മാസ്മരിക പ്രണയത്തിന്റെ 
ഒരു മഞ്ഞ മന്ദാരം.
നീ വന്നു തൊട്ടാൽ മാത്രം 
പൂക്കുന്ന 
നീ മറഞ്ഞാൽ
മാഞ്ഞു പോകുന്ന 
മോഹമഞ്ഞകൾ. 
നിന്നിലേക്കെത്താൻ 
കാലം പണി തീർത്ത 
ഓർമ്മകളുടെ 
കല്പടവുകൾ.
എന്നിട്ടും
നിന്നെ തിരഞ്ഞുള്ള 
ഓരോ യാത്രയും 
നീയില്ലാത്ത 
എന്നിൽത്തന്നെ 
വന്നവസാനിച്ചു 
കൊണ്ടേയിരിക്കുന്നു. 
എന്റെ 
തുടക്കവും 
ഒടുക്കവും 
പ്രണയവും 
മരണവും 
നീ തന്നെയാകുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക