Image

ജോലിപോയ ഗാബ്രയേലിന്റെ ആത്മഗതം (കവിത: കെ.സി. അലവിക്കുട്ടി)

Published on 08 November, 2026
ജോലിപോയ ഗാബ്രയേലിന്റെ  ആത്മഗതം (കവിത: കെ.സി. അലവിക്കുട്ടി)

ദൈവം,
വിശ്രമിക്കുന്ന 
ഏഴാം സ്വർഗത്തിലെ
സിദ്റത്തുൽ മുൻതഹാ
എന്ന ഇലന്തി 
മരച്ചില്ലയിൽ നിന്ന്,
നൂറ്റാണ്ടുകളേറെ
പ്രവാചകർക്ക് 
ബോധനം 
നൽകിക്കൊണ്ടേയിരുന്ന 
ഗാബ്രയേലിനെ 
തഴുകിവിളിക്കാൻ
ഒരിളം കാറ്റിനെ
പറഞ്ഞുവിട്ടു ദൈവം.

അപ്പോഴേക്കും 
അവസാനത്തെ 
പ്രവചകനും 
മരിച്ചു പോയിരുന്നു.

എദൻ തോട്ടത്തിലെ,
ജീവന്റെ 
വൃക്ഷത്തിലേക്ക് 
ലൂസിഫറും,തിന്മയുടെ 
കൂട്ടരും 
കടക്കാതിരിക്കാൻ 
കാവൽ നിൽക്കുന്ന  
ജോഫിയേൽ 
എന്ന
മാലാഖയ്ക്കപ്പോൾ 
ദൈവത്തിൽ നിന്ന് 
ഒരു സന്ദേശം കിട്ടി,
സ്വർഗ്ഗത്തിലേക്ക് 
ഗാബ്രയേലിനെയും 
കൂടെ കൂട്ടുക.

ജോഫിയേൽ 
ഗാബ്രയേലിനെ
സ്വർഗ പൂന്തോപ്പിന് 
പുറത്തു കടന്നു 
നിമിഷങ്ങൾക്കുള്ളിൽ 
വരവേറ്റു.

ഈ വിവരം
നരകത്തിന്റെ 
കാവലാളായ 
അബാദ്ദോനെയും 
അറീയിച്ചിരുന്നു 
ദൈവം.

ജീവന്റെ വൃക്ഷത്തിന് 
ചുവട്ടിൽ 
കാവൽ നിൽക്കുന്ന 
ജോഫിയേലിനൊപ്പം,
ചാരു ബെഞ്ചിൽ 
പൂത്ത ചെടികളിൽ 
നിന്നു നറുമണമുള്ള 
പൂങ്കാറ്റേറ്റപ്പോൾ,
ഗാബ്രയേലിന്റെ 
മനസ്സ് മരുഭൂമിയിലെ 
ആദ്യ പ്രവാചകന്റെ
ഒഴിഞ്ഞ 
കൂടാരത്തിലായിരുന്നു.

ദിവ്യസന്ദേശങ്ങളുടെ 
പ്രകാശമില്ലാത്ത
ചിറകുകൾക്കപ്പോൾ
കരിങ്കല്ലിനേക്കാൾ 
ഭാരമുണ്ടായിരുന്നു.

പൂത്ത മരത്തണലിന്റെ,
നിഴലിൽ നിന്ന് 
സ്വർഗ്ഗാകാശത്തേക്ക് നോക്കി 
ഗാബ്രയേൽ ഓർത്തു.

നരക കിണറിന്റെ 
പടവിലിരുന്ന് അബാദ്ദോൻ  ദൈവത്തിനോട് 
പറഞ്ഞു കാണും;
"ഇനിയെന്തിനാണ് 
ഭൂമിയിലേക്ക് 
ഒരു ദൂതൻ 
ബോധനങ്ങളുടെ 
കാലം കഴിഞ്ഞു,
ഇനി മനുഷ്യർ നടന്നു 
തീർക്കേണ്ടത്എന്റെ 
തീയാളിജ്വലിക്കുന്ന 
നരകവഴിയിലേക്കല്ലേ.

ഗാബ്രയേൽ 
തന്റെ ഭാരമുള്ള 
ചിറകുകൾ 
ജോഫിയേലിനടുത്തെ 
പുൽത്തട്ടിൽ 
ചായ്ക്കുന്നുണ്ട് 
അപ്പോൾ.

കൽപ്പനകളില്ലാത്ത 
യുഗത്തിൽ, 
എന്റെ 
വെളിച്ചമില്ലാതെ 
ഇരുട്ടിൽ തപ്പുന്ന 
മനുഷ്യർ 
ദൈവത്തെ 
യന്ത്രങ്ങളിൽ 
തിരയുന്നത് കണ്ട്
ഗാബ്രയേലിന് 
അത്ഭുതം നിറഞ്ഞു.

വഴികാട്ടാൻ 
ഞാനില്ലേലും, 
മനുഷ്യരിലെ 
നന്മയുള്ള 
മാലാഖമാർക്ക് 
ഇനിയുംവഴി 
തെളിഞ്ഞുവരും.

സ്വർഗ്ഗത്തിലെ 
കിളികളുടെ
ഇമ്പമാർന്ന 
മണിനാദങ്ങൾക്കൊപ്പം  
അബാദ്ദോന്റെ 
നരകാട്ടഹാസങ്ങളും 
കേട്ടു കൊണ്ട് 
ഗാബ്രയേലിന്റെ,
ആത്മഗതം 
ദൈവപ്രാർഥനയിൽ 
മുഴുകുമ്പോൾ,
ജോലിയില്ലാത്ത 
വെറും 
കാവൽക്കാരനായി 
സ്വർഗ്ഗത്തിൽ 
കാത്തിരിക്കുന്നമടുപ്പിൽ
ചിന്തകൾ ഇങ്ങനെയും 
ചിതറുന്നുണ്ട് ...,

കവിതഎന്നും 
കാലത്തിന്റെ 
നന്മയുടെ 
ഭാഗമായതിനാൽ 
കവികൾക്ക് 
നേര്നിറഞ്ഞ 
വചനങ്ങൾ 
നിറക്കാൻ ദൈവം 
അന്ത്യദിനത്തിൽ 
റാഫേലിന്റെ 
കാഹളം ഊത്തിനു മുൻപ് 
ഭൂമിയിലേക്ക് 
എന്നെ,
വീണ്ടും അയച്ചിരുന്നെങ്കിൽ
ഞാൻ  എന്നെ എവിടെയോ 
എനിക്ക്,
നഷ്ടപ്പെടുന്ന പോലെയുള്ള 
ഈ തോന്നൽ നിന്ന് 
മോചിതനായേനേ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക