Image

സീത! പിഞ്ചിലേ പഴുത്തുപോയ അയോധ്യയുടെ പുത്രവധു!! : സന റുബീന

Published on 08 November, 2026
സീത! പിഞ്ചിലേ പഴുത്തുപോയ അയോധ്യയുടെ പുത്രവധു!! : സന റുബീന

മനുഷ്യരുടെ ജീവിതത്തിലേക്ക് നേരിട്ട് കയറി നിൽക്കുന്ന കഥ എന്ന നിലയിൽ എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ളത് സീത എന്ന സ്ത്രീയുടെ എണ്ണിയാൽ ഒടുങ്ങാത്ത ജീവിതപരീക്ഷണങ്ങളുടെ കഥയാണ്.
സീത എന്നുമെന്നും യുദ്ധമുഖത്തായിരുന്നു.
ജനനം മുതൽ മരണം വരെ അതിതീവ്രഅഗ്നിപരീക്ഷ നേരിട്ട അത്യപൂർവമായൊരു സ്ത്രീ ജീവിതം!
രാമായണത്തിലെ സീതയ്ക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നെങ്കിൽ അല്ലെങ്കിൽ സീതയ്ക്ക് ശിവനെ പോലൊരു ഭർത്താവ് ഉണ്ടായിരുന്നെങ്കിൽ രാമായണ കഥ വേറൊന്നാകുമായിരുന്നു എന്ന് ഞാൻ ഓർക്കാറുണ്ട്.

ശിവൻ എങ്ങനെയാണ് തന്റെ സ്ത്രീയെ സ്നേഹിച്ചത്?
ബ്രഹ്മാവിന്റെ മാനസപുത്രനായ ദക്ഷപ്രജാപതിയുടെ മകളായിരുന്നു സതീദേവി.
ദക്ഷന്റെ ഇഷ്ടത്തിന് വിരുദ്ധമായാണ് സതീദേവി പരമശിവനെ വിവാഹം കഴിച്ചത്. എന്നും മാതാപിതാക്കൾ പ്രേമത്തിന് എതിരായിരുന്നു എന്ന് ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. ഇതിഹാസത്തിൽ ആയാലും ജീവിതത്തിലായാലും! പക്ഷേ സീത എവിടെയും പ്രേമിക്കാൻ പോയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സീതയെ പ്രേമിച്ചവരേ ഉള്ളൂ! ഈ ഞാനടക്കം!!

ശ്മശാനവാസിയും ജടാധാരിയും ഭസ്മധാരിയുമായ ശിവനെ  മരുമകനായി അംഗീകരിക്കാൻ ദക്ഷന് കഴിഞ്ഞിരുന്നില്ല.
ശിവനെ പരസ്യമായി അപമാനിക്കാൻ  ദക്ഷൻ ബൃഹസ്പതിസ്രവം എന്ന വലിയ യാഗം ചെയ്യാൻ തീരുമാനിച്ചു. 
ത്രിലോകങ്ങളിലുള്ള സകല ദേവന്മാരെയും മഹർഷിമാരെയും രാജാക്കന്മാരെയും യാഗത്തിലേക്ക് ക്ഷണിച്ചെങ്കിലും, മകളായ സതിയെയോ മരുമകനായ ശിവനെയോ ദക്ഷൻ ക്ഷണിച്ചില്ല. 
ക്ഷണിക്കാതെ എത്തിയ മകളെ  യാഗവേദിയിൽവെച്ച് ദക്ഷൻ  കഠിനമായി അപമാനിച്ചു.
ഭർത്താവിനെതിരെയുള്ള അപമാനം സഹിക്കാനാവാതെ സതീദേവി യോഗാഗ്നിയിൽ സ്വയം ദഹിച്ചു.

സതിയുടെ മരണവാർത്ത അറിഞ്ഞ പരമശിവൻ അതികഠിനമായി കോപിക്കുകയും, തന്റെ ജട പറിച്ചു നിലത്തടിക്കുകയും ചെയ്തു. ശിവനും ശിവഭൂതഗണങ്ങളും യാഗശാല ആക്രമിക്കുകയും ദക്ഷന്റെ ശിരസ്സ് അറുത്തുമാറ്റി യാഗം പൂർണ്ണമായും തകർക്കുകയും ചെയ്തു.
എന്നിട്ടും കോപം തീരാത്ത ശിവൻ കൈലാസത്തെയും ഭൂമിയെയും മറ്റു ലോകങ്ങളെയും ഉടച്ചു കളയുന്ന താണ്ഡവം നടത്തി.  അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ പതിനാല് ലോകത്തെ ദേവകളും പരിശ്രമിച്ചിട്ടും കഴിയാതെ സതി പുനർജനിക്കും എന്ന ഉറപ്പിലാണ് ദേവൻ സംഹാരതാണ്ഡവം  അവസാനിപ്പിച്ചത്. പാർവതിയായി പിന്നീട് സതി വരികയും ചെയ്തു!

ഇതിനേക്കാൾ ഉയരത്തിൽ തനിക്കുവേണ്ടി വാദിക്കുന്ന ഒരു ഭർത്താവിനെ ശരിക്കും സീത അർഹിച്ചിരുന്നു!

രാവണൻ ശൂർപ്പണഖയ്ക്ക് എങ്ങനെ സഹോദരൻ ആയോ അതുപോലൊരു സഹോദരൻ സീതയ്ക്ക് ഉണ്ടായിരുന്നെങ്കിൽ-
"ഹേ രാമ, നിന്നെ ഞാൻ ഏൽപ്പിച്ച എന്റെ സഹോദരിയെവിടെ? അവളെ കാട്ടിലയച്ച നിന്റെ നീതിയെ ഞാൻ വെല്ലുവിളിക്കുന്നു. നീ എന്നോട് യുദ്ധം ജയിക്കുക... എന്നിട്ടാവാം രാജഭരണം!
സ്വന്തം ഭാര്യയെ മറ്റു പുരുഷന്മാരിൽനിന്നും സംരക്ഷിക്കാൻ അറിയാത്ത നീ എന്റെ സഹോദരിയുടെ ഭർത്താവാകാൻ യോഗ്യനോ? സ്വന്തം ഭാര്യയോടും കുഞ്ഞുങ്ങളോടും നീതി കാണിക്കാത്ത നീ എങ്ങനെ രാജപ്രജകളോട് നീതി കാണിക്കും? അലക്കുകാരന്റെ വാക്കുകൾ കേട്ട് സീതയെ സംശയിച്ച നീ സീതയ്ക്ക് പുരുഷനാവൻ അർഹനോ?"-
എന്ന് തിളയ്ക്കുന്ന ആ സഹോദര രോഷാഗ്നിയിൽ രാമൻ വെന്തുപോകുമായിരുന്നു.

രാമായണത്തിലെ രാവണൻ ഒരു സ്ത്രീ ചിതൻ ആയിരുന്നില്ല. അയാളുടെ ഗർവും ത്രിലോകത്തിൽ തന്നെ വെല്ലാൻ ആളില്ല എന്ന സത്യവും ഏറ്റവും മനോഹരമായതെല്ലാം ലങ്കയ്ക്ക്‌ സ്വന്തമായിരിക്കണം എന്ന നിർബന്ധവും അജയ്യമായ ശക്തിയും  അയാളിലെ അഹങ്കാരത്തെ മാറ്റുരച്ചു. സീതയുടെ ഗുണങ്ങൾ കേട്ട അയാൾ അത്രയും നല്ലൊരു സ്ത്രീരത്നം ഉണ്ടെങ്കിൽ  അത് ലങ്കയ്ക്ക് ഇരിക്കട്ടെ എന്ന് മണ്ഡോദരിയോട് പറയുന്നുണ്ട്. മാത്രമല്ല മണ്ഡോദരിയെ അയാൾ ജീവനുതുല്യം സ്നേഹിച്ചിരുന്നു. എന്താണങ്ങ് സീതയിൽ കണ്ടത് എന്ന മണ്ഡോദരിയുടെ ചോദ്യത്തിന് 'സീതയിൽ നിന്റെ ഛായ ഉള്ളത് എന്നെ ഭ്രമിപ്പിച്ചിരിക്കാം " എന്ന് സ്വകാര്യവേളയിൽ രാവണൻ ഭാര്യയോട് പറയുന്നുണ്ട്. (ലങ്കാദഹനം എന്ന പുസ്തകം വായിക്കുക )

തന്റെ സഹോദരിയുടെ മൂക്കും മുലയും അറുത്ത ലക്ഷ്മണനോടും അയാളുടെ സഹോദരൻ രാമനോടും രാവണൻ ക്ഷമിച്ചില്ല. രാവണൻ അത്രയും സഹോദരിയെ സ്നേഹിച്ചിരുന്നു. രാവണനെ പോലൊരു അനിഷേധ്യനായ സഹോദരൻ കൂടെ ഉണ്ടെങ്കിൽ ഏതു ശൂർപ്പണഖയാണ്  ഊഞ്ഞാൽ ആടാത്തത്!!

നിർഭാഗ്യവശാൽ അത്തരമൊരു സഹോദരനെ സീതയ്ക്ക് നൽകാനുള്ള സന്ദർഭം വാല്മീകി ഒരുക്കിയില്ല. വാല്മീകിക്ക് ഒരു നിർബന്ധമുണ്ടായിരുന്നു എന്ന് രാമായണത്തിൽ ഉടനീളം വ്യക്തമാണ്. സീത എന്നും അഗ്നിയെ ചവിട്ടി ജീവിക്കണം. അഗ്നിയിൽ ഉരുകണം. അഗ്നിയെ പ്രാപിക്കണം.

നമുക്ക് സീതയിലേക്ക് വരാം.

മിഥിലയിലെ രാജാവായിരുന്ന ജനകന് കുട്ടികൾ ഉണ്ടായില്ല. ശേഷം അദ്ദേഹം സന്താനഭാഗ്യത്തിന് വേണ്ടി പുത്രകാമേഷ്ടി യാഗം നടത്തുവാൻ തീരുമാനിച്ചു.
യാഗശാല ഒരുക്കുന്നതിന്റെ ഭാഗമായി രാജാവിന് സ്വർണ്ണക്കലപ്പ ഉപയോഗിച്ച് യാഗഭൂമി ഉഴുതുമറിക്കേണ്ട ഒരു ചടങ്ങുണ്ടായിരുന്നു.
രാജാവ് നിലം ഉഴുതു കൊണ്ടിരുന്നപ്പോൾ കലപ്പയുടെ അഗ്രം (സീത) ഒരു പെട്ടിയിൽ തടയുകയും, അതിൽനിന്ന് അതീവ സുന്ദരിയായ ഒരു പെൺകുഞ്ഞിനെ ലഭിക്കുകയും ചെയ്തു എന്നാണ് രാമായണത്തിൽ പറയുന്നത്.
കലപ്പച്ചാലിൽ നിന്നും ലഭിച്ചതുകൊണ്ട് ആ കുഞ്ഞിന് 'സീത എന്ന് ജനകൻ പേരിട്ടു.

സാധാരണ കുഞ്ഞുങ്ങളുടെ ജനനവും ജീവിതവും അമ്മയുടെ പാൽ കുടിച്ചു വളരേണ്ട സാഹചര്യവും ഇല്ലാതെ തോഴിമാരുടെ ലാളനയിൽ മിഥിലയിൽ സീത വളർന്നു.
ജനകമഹാരാജാവിനും പത്നി സുനൈനയ്ക്കും സീതയെ കൂടാതെ  ഒരു മകൾ മാത്രമാണുണ്ടായിരുന്നത് — ഊർമിള. ഇവർക്ക് പുത്രന്മാർ ഉണ്ടായിരുന്നില്ല.
സീതയ്ക്ക് ഒരു സഹോദരൻ ഉണ്ടായില്ല.

സീതയുടേത് 'സ്വയംവരം' ആയിരുന്നെങ്കിലും ഒരു നിബന്ധന ജനകൻ നിശ്ചയിച്ചിരുന്നു. തന്റെ മകളെ ഒരു സാധാരണക്കാരൻ വിവാഹം കഴിക്കേണ്ട എന്ന  മുൻകരുതലിൽ ആയിരിക്കാം അദ്ദേഹം അങ്ങനെ തീരുമാനിച്ചത്.
ജനകന്റെ പക്കൽ പരശുരാമൻ ഏൽപ്പിച്ചതും  ശിവൻപണ്ട് ത്രിപുരദഹനത്തിന് ഉപയോഗിച്ചതുമായ 'പിനാകം' എന്ന അതിശക്തമായ ശിവധനുസ്സുണ്ടായിരുന്നു. ഈ വില്ല് എടുത്ത് കുലയ്ക്കുന്ന ആൾക്ക് സീതയെ വിവാഹം കഴിച്ചു നൽകുമെന്നായിരുന്നു ജനകന്റെ പ്രതിജ്ഞ.
വിശ്വാമിത്ര മഹർഷിയോടൊപ്പം യാഗം കാണാനെത്തിയ ശ്രീരാമൻ  ശിവധനുസ്സ് വളരെ ലഘുവായി എടുത്ത് കുലയ്ക്കുകയും വില്ല് രണ്ടായി ഒടിയുകയും ചെയ്തു. തുടർന്ന് ശ്രീരാമനും സീതയും തമ്മിലുള്ള വിവാഹം നടന്നു. സീതയുടെ സഹോദരി ഊർമിളയെ ലക്ഷ്മണൻ വിവാഹം ചെയ്തു.

ഇവിടെ ഈ വിവാഹത്തിൽ രാവണൻ പങ്കെടുത്തിരുന്നെങ്കിൽ എന്തായിരിക്കും സീതാസ്വയംവരം എന്നാലോചിക്കുവാനുള്ള ഭാഗം ഞാൻ വായനക്കാർക്ക് വിടുന്നു.
പ്രത്യേകിച്ച് ശിവഭക്തനായ രാവണൻ, ശിവന്റെ അനുഗ്രഹം ഉള്ള രാവണൻ!

അയോധ്യയിലെ രാജകുമാരിയായി വിവാഹം കഴിച്ചെത്തിയെങ്കിലും കൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ അനുഭവിക്കാൻ അധികകാലം സീതയ്ക്ക് കഴിഞ്ഞില്ല.
ശ്രീരാമന് 14 വർഷത്തെ വനവാസം വിധിക്കപ്പെട്ടപ്പോൾ ഭർത്താവിനൊപ്പം കഠിനമായ വനജീവിതം സ്വയം തിരഞ്ഞെടുത്തുകൊണ്ട് സീത ജീവിതത്തിലെ വലിയ പോരാട്ടത്തിന് തുടക്കമിട്ടു.

മായാവിയായി വന്ന മാനിന്റെ പുറകെ ലക്ഷ്മണനെ പറഞ്ഞുവിട്ടതാണ് സ്ത്രീ എന്ന നിലയിൽ അവരുടെ ലോലമായ മനസ് വെളിപ്പെടുന്ന ഒരു രംഗം! മാനിന്റെയും മുയലിന്റെയും പക്ഷികളുടെയും പുറകെയോടുന്ന ചെറിയൊരു പെൺകുട്ടി!  ചെറിയ പെൺകുട്ടി ആയിരിക്കുമ്പോൾ തന്നെ സുന്ദര സ്വപ്നങ്ങളോടെ തന്റെ  പുരുഷനെ വരിച്ച സീത! 
ഭരണതന്ത്രങ്ങൾ മെനെഞ്ഞു മിഥിലയെ കാത്തുപോന്ന ധീരവനിതയായ സീത! കൗശലം കൊണ്ട് അയൽരാജ്യമായ രാവണന്റെ തന്ത്രങ്ങളെ ചെറുത്ത മിഥിലയിലെ രാജകുമാരി!

ഒരു യാത്രയ്ക്കിടെ മിഥിലയിലെ രാജാവായ ജനകനും രാജ്ഞി സുനൈനയും വഴിയരികിലെ  ഉഴവുചാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു പെൺകുഞ്ഞിനെ കണ്ടെത്തിയെന്നും ചെന്നായ്ക്കളുടെ കൂട്ടത്തിൽ നിന്നും ഒരു കഴുകൻ (ജടായു) ആ കുഞ്ഞിനെ സംരക്ഷിച്ചു നിർത്തിയിരിക്കുകയായിരുന്നു എന്നും  ശ്വേതകേതു മഹർഷിയുടെ ആശ്രമത്തിൽ വെച്ചാണ് സീത ആയോധനകലകളും (Martial Arts), യുദ്ധതന്ത്രങ്ങളും, ഭരണനിർവ്വഹണവും പഠിച്ചെടുക്കുന്നുവെന്നും രാധിക, ഹനുമാൻ എന്നിവർ ഇവിടെ വെച്ച് സീതയുടെ ഉറ്റ സുഹൃത്തുക്കളാകുന്നുവെന്നും മറ്റൊരു കഥയുണ്ട്.  അമ്മ സുനൈനയുടെ മരണശേഷം  ആത്മീയ കാര്യങ്ങളിൽ മുഴുകിയ ജനകരാജാവിന് പകരം മിഥിലയുടെ പ്രധാനമന്ത്രിയായി സീത ചുമതലയേൽക്കുകയും 
ദാരിദ്ര്യത്തിലും അഴിമതിയിലും മുങ്ങിയിരുന്ന മിഥിലയെ തന്റെ ഭരണപാടവം കൊണ്ട് സീത സാമ്പത്തികമായി ഉയർത്തിക്കൊണ്ടുവന്നെന്നും 
ലങ്കാധിപനായ രാവണന്റെ വ്യാപാര തന്ത്രങ്ങളെ ബുദ്ധിപൂർവ്വം സീത ചെറുത്തുനിന്നെന്നും കഥകളുണ്ട്.
(പുസ്തകം വായിക്കുക : Amish  Tripathi : Sita Warrior of Mithila)

വിവാഹം അവർക്ക് എന്താണ് നൽകിയത്?
14 വർഷത്തെ വനവാസം, രാവണന്റെ മായാജാലങ്ങൾ, സീതയെ തട്ടിക്കൊണ്ടുപോയ രാവണന്റെ അന്തസ്സിന്റെ പ്രശ്നങ്ങൾ, പത്തുമാസം അയാളെയും പ്രലോഭനങ്ങളെയും ചെറുത്ത അന്ത:സംഘർഷങ്ങൾ, ശേഷം യുദ്ധം, ലങ്കാദഹനം, അനേകരുടെ മരണം, രാവണന്റെ പതനം, രാമന്റെ വിജയം, ഒടുവിൽ വെറുമൊരു അലക്കുകാരന്റെ വാക്കിന്റെ തുഞ്ചച്ചു വഴുതിവീണ ജീവിതം, ഗർഭിണിയായിരിക്കെ രാജധർമ്മത്തിനായി ഉപേക്ഷിക്കപ്പെടൽ, ആരും സഹായമില്ലാതെ ഇരട്ട പ്രസവം, മക്കളെ വളർത്തൽ, വീണ്ടും രാമനിലേക്ക്  പോകാൻ പറ്റില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച ധീരത! അഗിനിയിലേക്ക് സ്വയം മടങ്ങൽ!!!

സീത! പിഞ്ചിലേ പഴുത്തുപോയ അയോധ്യയുടെ പുത്രവധു!!

രാമൻ 'മര്യാദാ പുരുഷോത്തമൻ' ആയി അറിയപ്പെടുന്നതിന് പിന്നിൽ സീതയുടെ ഈ വലിയ ത്യാഗങ്ങളുടെ കരുത്തുണ്ടായിരുന്നു.

ഊർമിള രാമനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ' രാജ്യപരിപാലനത്തിനായി അങ്ങ് കുടുംബം ത്യജിച്ചു.  പുരുഷനെന്ന നിലയിൽ എന്താണ് അങ്ങയുടെ കുടുംബനീതി? ഒരു കുടുംബം നോക്കാൻ കഴിയാത്തവർ എങ്ങനെ രാജ്യം പരിപാലിക്കും?'

രാമന് രാജ്യം ഉപേക്ഷിച്ചു വീണ്ടും സീതയുടെ കൂടെ വനത്തിൽ പോകാമായിരുന്നില്ലേ? തനിക്ക് വേണ്ടി ജീവിച്ചവളെ ഇങ്ങനെ ഉപേക്ഷിക്കാനാണെങ്കിൽ എന്തിന് സീതയെ വിവാഹം കഴിച്ചു? എന്തിന് സീതയെ വീണ്ടെടുത്തു രാവണനിൽനിന്നും? എന്തിന് വീണ്ടും കാട്ടിലയച്ചു? രണ്ടുപേർക്കും കാട്ടിലേക്ക് പോയി ആദിശക്തിയിൽ ലയിക്കാമായിരുന്നല്ലോ.

കഥയിൽ  ചോദ്യങ്ങളില്ല. പക്ഷേ ജീവിതത്തിൽ ചോദ്യങ്ങളുണ്ട്.

മറ്റൊരു സീതയെ തേടാത്ത രാമബാഹു പ്രസിദ്ധമാണ്. 'മറ്റൊരു രാമനെ' തേടാത്ത സീത ഇല്ലായിരുന്നെങ്കിൽ രാമരാവണയുദ്ധം ഉണ്ടാകുമായിരുന്നോ? രാവണന്റെ ഇടതുഭാഗത്തിരുന്നു ലങ്ക ഭരിക്കാൻ സീതയ്ക്ക് നിഷ്പ്രയാസം കഴിയുമായിരുന്നു! അവരുടെ ആത്മാഭിമാനത്തെ ഉയർത്തികാട്ടാൻ ഏതറ്റം വരെയും രാവണൻ ഉയരുമായിരുന്നു!

സീതയെ കാട്ടിൽ ഉപേക്ഷിച്ച രാമൻ ഒരുകാലത്തും എനിക്ക് പ്രിയങ്കരനല്ല. രാമന്റെ രാജനീതി രാജ്യനീതി മാതാപിതാക്കളുടെ വാക്കുകൾ സംരക്ഷിക്കാൻ വനവാസം ഭാര്യയെ വീണ്ടെടുക്കുവാൻ യുദ്ധം തിന്മക്കെതിരെ നന്മയുടെ പോരാട്ടത്തിനായി വിഷ്‌ണുവിന്റെ അവതരമെടുക്കൽ വെറുമൊരു മനുഷ്യനായി ജീവിച്ചു മടങ്ങൽ എന്നിവയോട് യോജിക്കാമെങ്കിലും  സീത വലിയൊരു പോരാളിയായി അതിധീരവനിതയായി മുന്നിൽ നിൽക്കുമ്പോൾ സീത അയോദ്ധ്യയുടെ പുത്രവധു ആകേണ്ടിയിരുന്നില്ല എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചുപോയിരുന്നു.

She deserves nothing less than the very best!"

Join WhatsApp News
Raju Thomas 2026-11-08 18:50:48
എന്തോരം രാമായണങ്ങൾ! എനിക്കറിയാവുന്നതോ നമ്മുടെ എഴുത്തച്ഛന്റെയും വാല്മീകിയുടെ മൂല്യകൃതിയും (പരിഭാഷയിൽ) മാത്രം. മറ്റു രാമകഥങ്ങളിലെ സംഭവങ്ങൾ എടുത്തുകൊണ്ടുവന്ന് എന്നെപ്പോലുള്ളവരെ എന്തിനു ബുദ്ധിമുട്ടിക്കുന്നു? പ്രസ്തുത വിഷയത്തിൽ പ്രബന്ധകാരിക്കുള്ള പരിജ്ഞാനത്തെപ്രതി എനിക്ക് ആദരവുണ്ട്. 'കഥയിൽ ചോദ്യമില്ല' എന്നു സമ്മതിച്ചശേഷം ഒരു ചോദ്യം തൊടുത്തുവിട്ടിരിക്കുന്നു: സീതയ്ക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നെങ്കിൽ? നമുക്കൊക്കെ അങ്ങനെ എത്രയോ സമർത്ഥചോദ്യങ്ങൾ ചോദിക്കാനാവും! ഉദാ: രാമന്റെയും സീതയുടെയുംകൂടെ ലക്ഷ്മണൻ വനവാസത്തിനു പോയില്ലായിരുന്നെങ്കിൽ? അവതാരപുരുഷനായ രാമന് രാവണനെ ജയിക്കാൻ വാനരരുടെപോലും പിൻബലം വേണ്ടിയിരുന്നില്ലല്ലോ! രാമകഥയിൽ പ്രശ്നങ്ങളുണ്ട്; എന്നിരുന്നാലും, ആ ഇതിഹാസകാവ്യത്തെ ഞാൻ വളരെവളരെ ഇഷ്ടപ്പെടുന്നു. ദയവായി എന്നെ 'പരീക്ഷയിലേക്കു പ്രവേശിപ്പിക്കരു'തേ! ...
Sana Rubs Sana Rubs 2026-11-09 04:22:29
@Raju Thomas ഇതിഹാസങ്ങളെ ഞാനും വളരെ ഇഷ്ടപ്പെടുന്നു. നമ്മുടെ ചിന്തകൾക്കും സ്വാതന്ത്ര്യം ഉണ്ടല്ലൊ. പല പല വീക്ഷണങ്ങൾ ഇതിഹാസങ്ങളുടെ മികവിലേക്ക് വിരൽ ചൂണ്ടുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക