
അരുത് കാട്ടാളന്മാരെ
ശരങ്ങൾ തൊടുക്കല്ലേ
ഇണ തൻ ചിറകിന്റെ
ചൂടിൽ ഞാനുറങ്ങുന്നു.
വരുവാനൊരുങ്ങുന്നു
നാളെകൾ സ്വപ്നത്തിന്റെ
പുളകപ്പൂവും ചൂടി
പിച്ചക്കാലടികളിൽ !
അവരെക്കൊല്ലാനല്ലോ
മൂർച്ഛ കൂടുന്നു നിന്റെ
മിസൈൽ ശരങ്ങളിൽ
ആണവ കഠാരകൾ ?
ഇല്ലിനി യിനി മേലിൽ
ഇണയെ പിരിക്കുന്ന
പല്ലിന് പല്ലും വേണ്ട
കണ്ണിന് കണ്ണും വേണ്ട !
അകലത്തതിരില്ലാ -
യാകാശ മേൽക്കൂര തൻ
അടിയിൽ മനുഷ്യനായ്
പണിയാം മൺ സ്വർഗ്ഗങ്ങൾ !
അവിടെ മതമില്ലാ,
അന്യനില്ലതീരില്ല,
അപരൻ ഞാനായ് മാറും
മനുഷ്യ കുലം മാത്രം !