
ചക്ക വീണു
മുയൽ ചത്തില്ല
പകരം രക്തസാക്ഷിയായി
ഒരു ഓട്ടുറുമ.
2
ചായക്കോപ്പ
ഗൃഹകലഹത്തിന്റെ
ഏകമൂകസാക്ഷി -
വീശാത്ത മറ്റൊരു
കൊടുങ്കാറ്റിനെ കൂടി
അതിജീവിച്ചു
തണുത്ത ചായയിൽ
അതിജീവനത്തിനായി പിടഞ്ഞു ഒരീച്ചയും എറുമ്പും.
3
ജനിച്ചതിനെല്ലാമുണ്ട് മരണം
മരിച്ചതിനെല്ലാമുണ്ട് ജനനം
തൊട്ടിലും ചുടലയും
ആർക്കാണയിത്തം -
ജീവന്റെ സാക്ഷാത്ക്കാരം
നേടിയവർക്കൊ?
4
ഒറ്റ രാത്രി കൊണ്ട്
ഒരു വിത്തും
മരമാകുന്നില്ല
ഒരായുസ്സ് കൊണ്ട്
ഒരു നരനും പൂർണ്ണനാകുന്നില്ല
ഇന്നൊരു വിത്ത് നട്ടാൽ
അടുത്ത ജന്മത്തിലും
കനിയും തിന്ന് തണലിലിരിക്കാം.
5
പേരയ്ക്കയെ
പേരെടുക്കാതെ
കാണണം
കയ്പക്കത്തോരൻ
മാധുര്യത്തോടെ
നുണയണം
കോവയ്ക്കയെ
കൈ കൂപ്പി തൊഴണം
നമ്മെ നമ്മളാക്കിയതിൽ
ഒരെളിയ പങ്കുണ്ട്
സസ്യസാമ്രാജ്യത്തിനും.
6
പഴഞ്ചൊല്ലിൽ പതിരില്ല
നെല്ലില്ലാണ് പതിരൊക്കെ
പതിര് പാറ്റിക്കളഞ്ഞ്
നെല്ല് കുത്തിയാൽ
ഒരു കുത്തരിപ്പായസത്തിനുള്ള
അരി തരപ്പെടും.
അരിയിൽ ഹരിശ്രീയെഴുതാം
ഹരിശ്രീ കുറിക്കുമ്പോൾ
ഒരു കുഞ്ഞും മൊബൈലിനായി
നിലവിളിച്ചും വാശി പിടിച്ചും
വിളക്ക് ഊതി കെടുത്തിയും
സംഗതി വൈറലാക്കരുത്!
7
തരം കിട്ടിയാൽ കുത്തും
നിങ്ങളെ മാത്രമല്ല
പെങ്ങളെയും
ആകയാൽ
ആരാന്റെ വീട്ടിനകത്ത്
അഞ്ചും പത്തും വീട് പണിയുന്ന
വേട്ടാവളിയനെ
ആരും അളിയനാക്കരുത്!