Image

ഇനിയെത്ര പുലരികൾ...(ആദ്യാക്ഷരപ്രാസ കവിത: അൻവർ ഷാ ഉമയനല്ലൂർ)

Published on 05 November, 2026
ഇനിയെത്ര പുലരികൾ...(ആദ്യാക്ഷരപ്രാസ കവിത: അൻവർ ഷാ ഉമയനല്ലൂർ)

ഇറ്റുവീഴാതെനിൽക്കുന്ന നീർത്തുള്ളിപോൽ
ഇന്നുമുണരുന്നതാം രമണീയ സ്മരണപോൽ
ഇമ്പമോടുള്ളിലീ,പ്പുലരിതൻ സുസ്മിതം
ഇമകളിലെഴുതുന്നു കമനീയ ജീവിതം.

ഇടറുന്നതെന്തിനാ,യഴകു ദർശിക്കുകിൽ
ഇല്ലയാ, പരിഭവം നിറയില്ലയിമകണം
ഇരവിലൂടലയില്ലയിന്നു വെൺപ്രാവുകൾ;
ഇണയിലയി,ലുരുളുന്നു കണ്ണുനീർത്തുള്ളികൾ.

ഇനിയെത്ര കാതം നടക്കുവാൻ കാലമേ,
ഈണമായുണരുന്ന കോകിലാനന്ദമേ,
ഇന്നെൻ മിഴിയിലുണരുന്ന സൂര്യനായ്
ഇനിയുമുണരില്ലെ നിൻ രമ്യതാരകം ?

ഇരുളിൽത്തിളങ്ങുന്ന കമനീയ വർണ്ണമായ്
ഇതളുണർന്നീടുന്ന തൂവർണ്ണ മുകുളമായ്
ഇന്നും പ്രതീക്ഷിക്കയാണെന്റെ കല്പന;
ഇണതോർന്ന സമയമില്ലറിയുന്നു ചേതന.

ഇല്ലെ,യീ സ്നേഹപ്രവാഹമാം വനികയിൽ
ഇളവെയിൽപ്പറവകൾക്കാശ്വാസ തീരവും
ഇറ്റുനിൽക്കുന്നതാണാരമ്യ മിഴികളും
ഇറ്റുദയ വർണ്ണത്തിലീ കാവ്യമൊഴികളും.

ഇറ്റിറ്റുവീഴുന്നതാം നിണത്തുള്ളികൾ
ഇണപ്പക്ഷിതൻ തൂവലടരുന്ന രജനികൾ
ഇഴയകറ്റുന്നതാം കാവ്യാർദ്ര ചിന്തകൾ;
ഇനിയും തെളിക്കയീ, രമ്യച്ചെരാതുകൾ.

ഇരവിൽത്തിളങ്ങുന്ന സഹനാർദ്ര സമയമേ,
ഇതളിട്ടുണരുന്ന ദിവ്യാർദ്ര സൂനമേ,
ഇതിലേ,യിനിയുമൊരു ശലഭമായെങ്കിലും
ഇവിടെത്തുടരാൻ കൊതിക്കുന്നു ഹൃത്തടം.

ഇന്നിതൾത്തിങ്കളും ഞാനുമെൻ കാവ്യവും
ഇത്തിരിത്താരകാനന്ദമാം രജനിയും ;
ഇവിടുന്നു മായാൻതുടങ്ങുന്ന വർണ്ണമായ്;
ഇനി,യോർമ്മയുണരുന്ന ഹൃദയാർദ്ര പുലരിയായ്....
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക