
പ്രിയപ്പെട്ടവരെ, വായിക്കുക.
ഒരു പാട് സഞ്ചാരികളെ കണ്ടിട്ടുണ്ട്. പലരും കടന്നു പോകുന്ന വെറും ദേഹങ്ങളായി മാത്രം മാറുന്നതും കണ്ടിട്ടുണ്ട്. ദേശ ശരീരത്തിന്റെ ആന്തരികത, അത് രാഷ്ട്രീയത്തിനും സാഹിത്യലോകത്തിനുമപ്പുറം, കലയിൽ കണ്ടെടുക്കുന്ന യാത്രികരെയും കണ്ടിട്ടുണ്ട്.
അവർ പുരാതന ശേഷിപ്പുകളിലേക്കും സംസ്കൃതിയിലേക്കും ആഴ്ന്നിറങ്ങും. അടച്ചിട്ട വാതിലുകൾ തുറന്ന് ഒരു അടയാളം അന്വേഷിക്കും. മ്യൂസിയങ്ങളിലും ചിത്രശാലകളിലും വെളിപാടുകളുടെ അന്തർധാരകൾ മനസ്സിലാക്കാൻ അവർ തറയിൽ ഒട്ടിച്ചു വച്ച തങ്ങളുടെ കാൽപ്പാദങ്ങളുമായി നിൽക്കും.
ഒരമ്മയും മകളും ഗ്രീസിലേക്ക് നടത്തിയ യാത്രയുടെ വായനാവിചാരങ്ങൾ പലതിലേക്കും വഴി തുറന്നു വിട്ടു.
അമ്മയിൽ നിന്ന് കുഞ്ഞു നാളിൽ കേട്ട പ്രോമിത്യൂസിന്റെ കഥയിൽ നിന്ന് മകളുടെ ചിന്തയും ഭാവനയും കോക്കസ് പർവ്വതത്തിൽ പ്രോമിത്യൂസിനെ ചങ്ങലക്കിട്ട കിഴക്കാൻ തൂക്കായി നിൽക്കുന്ന പാറയിൽ കൊളുത്തി നിന്നു.കേട്ടതൊന്നും പാഴാക്കാതെ അവളത് സ്വപ്നങ്ങളിൽ സൂക്ഷിച്ചു കാണും.കുഞ്ഞുങ്ങളുടെ കൗതുകങ്ങൾക്ക് അറ്റമില്ലല്ലോ.വീര്യവും ആവേശവും നിറഞ്ഞ ആ കഥപറച്ചിൽകാരി അമ്മയെ സങ്കൽപ്പിക്കാനാവും. കുഞ്ഞിനെ ഉറക്കാനല്ല, ആന്തരികമായി വിശാല ലോകത്തിലേക്ക് ഉണർത്താനായിരുന്നു ആ പറച്ചിലുകളെല്ലാം.
മകളുടെ ആഗ്രഹം അമ്മയുടെ സ്വപ്നമാകുന്നു. ലോകാരംഭം മുതലുള്ള മഹത്തായ ആ വലിയ തുടർച്ച, തുടർവാഗ്ദാനങ്ങൾ പിന്നെയും കൊച്ചു മകളിലൂടെ ഉറപ്പിച്ചു കൊണ്ട് ഏഥൻസ്, കേപ് സുനിയോൺ. സാന്റോറിനി. ഡെൽഫി. മെറ്റിയോറോൺ മോണാസ്ട്രികൾ എന്നിവ സന്ദർശിച്ച് അവർ മടങ്ങിയെത്തുന്നു. എഴുത്തുകാരിയുടെ മോഹങ്ങളിൽ ക്രീറ്റ് ബാക്കിയാകുന്നു. കസാന്ത് സാക്കിസ് ജനിച്ച സ്ഥലമാണത്.
ഏന്റെ വായനാവ്യാപ്തി ഗ്രീക്ക് പുരാണേതിഹാസങ്ങളിലേക്കും സാഹിത്യത്തിലേക്കും അത്രയും കടന്നു ചെന്നിട്ടില്ലായിരുന്നു . State is Individual Writ Large എന്ന് പ്ലേറ്റോ ദി റിപ്പബ്ലിക് എന്ന ഗ്രന്ഥത്തിൽ എഴുതി വച്ചിരിക്കുന്നത് എപ്പോഴും ഹൃദയത്തിൽ കൊണ്ടു നടക്കുന്ന വാക്യമാണ്.വ്യക്തിയിലുള്ള ഗുണങ്ങളുടെയും ചിന്തകളുടെയും വിപുലമായ പ്രതിഫലനമാണ് ഒരു സമൂഹത്തിലും രാഷ്ട്രത്തിലും കാണാൻ സാധിക്കുന്നത് എന്നതാണ് ഇതിൻ്റെ അടിസ്ഥാനം.അരിസ്റ്റോട്ടിലും സോക്രട്ടീസും
ഏഥൻസും സ്പാർട്ടയും വിദ്യാഭ്യാസകാലത്ത് പരീക്ഷാക്കാലം വരെ കൂടെ നിന്നു.
ഡോക്ടർ കുഞ്ഞമ്മയുടെ അഭിനിവേശം മറ്റൊരു ദിശയിലേക്ക് സ്വാഭാവികമായി ചാഞ്ഞിട്ടുണ്ടാവും.. സ്കൂൾ കാലത്തിൽത്തന്നെ ഗുരുമുഖത്തു നിന്ന് കേട്ടതിൽ നിന്ന് ഹെർക്കുലീസ്, സീയുസ്, പ്രോമിത്യൂസ് എന്നിവരെ കൂടെക്കൂട്ടി ചരിത്രക്ലാസ്സുകളിൽ ഗ്രീസ് ആവേശിച്ച് ലേഖിക ഇരുന്നിട്ടുണ്ടാവണം. മാസിഡോണിയയിൽ നിന്ന് ഇന്ത്യയിലെത്തി കാൽനടയായി ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങിയ മെഗാസ്റ്റാനിസ്, പോറസ് രാജാവിനെ തോൽപ്പിച്ച അലക്സാണ്ടർ ദാ ഗ്രേറ്റ്, കേൾവി ഹരമായ നാളുകളായിരിക്കണം അക്കാലം.
സസ്യശാസ്ത്രത്തിൽ നിന്ന് മെഡിക്കൽ ലോകത്തേക്ക് എത്തിയപ്പോഴും കളത്തിൽ ആളുകൾ നിരന്നു നിൽക്കുന്നു. ഹിപ്പോക്രാറ്റിസ്, പെരിക്ലിയസ്, ഗ്യാലൻ. ഇവർക്കെല്ലാം ഷേക്ക് ഹാൻഡ് കൊടുക്കാൻ ഡോക്ടർ കുഞ്ഞമ്മയോളം ഗ്രീസ് ആവേശിച്ച മറ്റൊരാൾ അവിടെ ഇല്ലായിരുന്നു. തീർച്ച!
ഡോക്ടർ കുഞ്ഞമ്മ എഴുതുന്നു.
‘ഹിപ്പോക്രാറ്റിസ് ഓത്ത് എടുത്ത ആ നിലാവുള്ള രാത്രി, കയ്യിൽ കത്തിച്ച മെഴുകുതിരി വെട്ടം.
എത്ര അഗാധമായിരിക്കണം ഒരു ഡോക്ടറുടെ മനസ്സെന്ന് ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.
“Let thy food be the Medicine, and thy medicine be the food “ഒരു ഗ്രീക്കുകാരനെ ഇങ്ങനെയൊന്ന് കുറിച്ചിടാനാവു എന്ന്.
നല്ലൊരു വായനക്കാരി കണ്ടെടുത്ത ദേശങ്ങളിൽ ഗ്രീസ് വൈകാരികമായി ബാധിക്കുന്നതിന്റെ ഉത്തരവാദികൾ അന്ധനായ ഹോമറും കീർത്തികേട്ട ഇലിയഡ്, ഒഡീസി കാവ്യങ്ങളും, മതിഭ്രമങ്ങളുടെ സ്വപ്നസഞ്ചാരി നിക്കോസ് കസാന്റ് സാക്കിസ്, അലക്സാണ്ടർ ചക്രവർത്തി, അദ്ദേഹത്തിന്റെ കൂറ്റൻ കാളത്തലയൻ കുതിര ബ്ലൂസിഫിലസ് എന്നിവരൊക്കെയാണ്.വിപുലവും വിശാലവുമായ വായന! പോരാത്തതിന് എല്ലാ പുസ്തക ലൈബ്രറികളിലും തടഞ്ഞു നിർത്തുന്ന യവന ചരിത്രകാരൻ ഹെറോഡോട്ടസ്!
ഡോക്ടർ കുഞ്ഞമ്മ ആത്മാവിൽ കേഴുന്നു. നമ്മുടെ മനസ്സൊന്ന് ആർക്കെങ്കിലും പിടി കിട്ടിയിരുന്നെങ്കിൽ എന്ന് ആരാണ് എന്നെങ്കിലും മോഹിച്ചു പോകാത്തത്? അതൊരു ചോദ്യം തന്നെയാണ്. എല്ലാക്കാലത്തും എല്ലാ മനുഷ്യരെയും ഗ്രസിക്കുന്ന ചോദ്യം. പരഹൃദയജ്ഞാനത്തിന്റെ സ്രോതസ്സിലേക്ക് മനുഷ്യർക്ക് അങ്ങനെയൊന്നും പ്രവേശിക്കാനാവില്ലല്ലോ.
അമ്മയുടെ നിസ്സഹായതയെ മകൾ ഏറ്റെടുക്കുമ്പോൾ അവർ രണ്ട് ചിത്രശലഭങ്ങളായി. സുനിയോൺ കുന്നുകൾ കയറിയിറങ്ങുന്നു.തെരുവുകളിലെ രാത്രികൾ മതിയാവോളം കണ്ടു നടക്കുന്നു. പർണാസ്സസ് പർവ്വത നിരകളെ കണ്ട് അത്ഭുതം കൂറുന്നു. എല്ലാ അർത്ഥത്തിലും യാത്ര ആസ്വദിക്കുന്നു.മെറ്റിയോറൺ മോണാസ്ട്രികളുടെ പാറക്കെട്ടുകളുടെ പടികൾ കയറിയിറങ്ങുമ്പോൾ
പാറകൾ പിന്നെയും വലുതാകുന്നുണ്ടോയെന്ന ശങ്കയിൽ ആകുലപ്പെട്ടു നിൽക്കുമ്പോൾ ലേഖിക എഴുതുന്നു.
[പുറകെ വരുന്ന ചിലർ ഞങ്ങളെ കടന്നുപോയി. സാരമില്ല, യാത്രയുടെ നിയമമാണത്.]
ഗ്രീസ് യാത്രാസംബന്ധിയായ വിവരണങ്ങളിൽ സമൃദ്ധമായ, ഒരു സമാന്തര യാത്ര വായനക്കാർക്കും സമ്മാനിക്കുന്ന ഈ പുസ്തകത്തിലെ എനിക്കേറ്റവും പ്രിയങ്കരമായി തോന്നിയ വാചകമാണിത്. കാഴ്ചകളുടെ കാണാപ്പുറങ്ങൾക്കപ്പുറം യാത്രികരിലേക്ക് വന്നടിക്കുന്ന ജീവിതദർശനങ്ങളുടെ സ്പർശമാണത്.
മറ്റൊന്നും കൂടി എന്നെ ആനന്ദം കൊള്ളിക്കുന്നുണ്ട്. റീൽസ് ലോകത്തിലേക്ക് അനായാസം പ്രവേശിച്ച മധ്യവർഗ്ഗ സ്ത്രീകൾ വെറും ഉപഭോഗസംസ്കാരത്തിന്റെ വക്താക്കളായി പളപ്പിലും മിനുപ്പിലും ശേലിലും വിരാജിക്കുന്ന കാലത്താണ് പാലായുടെ പച്ചമണ്ണിൽ നിന്ന് ഇങ്ങനെയൊരു പുസ്തകം ജനിക്കുന്നത്.
ഡോക്ടർ കുഞ്ഞമ്മ എന്ന അനസ്തീഷ്യോളജിസ്റ്റ്, അനേകം മനുഷ്യരുടെ ഉണർവ്വിനും ഉറക്കത്തിനും സാക്ഷിയായതിനും, വായനയുടെ വിശാലലോകത്തിൽ പാർപ്പ് കണ്ടെത്തിയതിലും, എഴുതുന്നതിലും അതിയായി സന്തോഷിച്ചുകൊണ്ട് ആശംസകൾ നേരുന്നു.!